ADVERTISEMENT

ലോകത്തിലെ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ ബജാജ് പുറത്തിറക്കി ദിവസങ്ങള്‍ക്കകം പുതിയ സിഎന്‍ജി സ്‌കൂട്ടറിന്റെ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പുതുമകളുടെ കാര്യത്തില്‍ മുന്നിലുള്ള ടിവിഎസാണ് സിഎന്‍ജി സ്‌കൂട്ടറിന്റെ പണിപ്പുരയിലുള്ളത്. ഈ ഫെസ്റ്റിവല്‍ സീസണില്‍ തന്നെ ടിവിഎസ് ജുപിറ്റര്‍ സിഎന്‍ജി പുറത്തിറക്കാനാണ് ശ്രമം. ലോകത്തിലെ ആദ്യ സിഎന്‍ജി മോട്ടോര്‍ സൈക്കിളിനു പിന്നാലെ സിഎന്‍ജി സ്‌കൂട്ടര്‍ കൂടി വരുന്നതോടെ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ സിഎന്‍ജി വസന്തം പ്രതീക്ഷിക്കാം. 

ഇരു ചക്രവാഹനങ്ങളില്‍ ഒന്നിലേറെ ബദല്‍ ഇന്ധനങ്ങളുടെ സാധ്യതയെക്കുറിച്ച് ടിവിഎസ് നേരത്തെ ശ്രമം ആരംഭിച്ചിരുന്നു. അതിലൊന്നായിരുന്നു സിഎന്‍ജി പവര്‍ട്രെയിന്‍. യു740 എന്ന കോഡ് നെയിമിലാണ് ടിവിഎസിനുള്ളില്‍ ഈ പ്രൊജക്ട് അറിയപ്പെട്ടിരുന്നത്. 125 സിസി സിഎന്‍ജി സ്‌കൂട്ടര്‍ ഇതിനകം തന്നെ പരീക്ഷണം ആരംഭിച്ചുവെന്നാണ് സൂചനകള്‍. 

സിഎന്‍ജി പവര്‍ട്രെയിന്‍ തയ്യാറാണെങ്കിലും ജൂപിറ്ററിലേക്ക് സിഎന്‍ജി കൂട്ടിച്ചേര്‍ക്കുന്നതിലാണ് കാലതാമസം വരുന്നത്. വരുന്ന ഫെസ്റ്റിവെല്‍ സീസണ്‍ ആഘോഷമാക്കാന്‍ ടിവിഎസ് ജൂപിറ്റര്‍ സിഎന്‍ജി മോഡലിനെ അവതരിപ്പിക്കുമെന്നാണ് സൂചന. പുതിയ ഭാഗങ്ങളുടേയും സുരക്ഷയുടേയുമെല്ലാം പരീക്ഷണങ്ങള്‍ ചിലപ്പോള്‍ ജൂപിറ്റര്‍ സിഎന്‍ജിയുടെ വരവ് പിന്നെയും വൈകിപ്പിച്ചേക്കാം. അങ്ങനെയെങ്കില്‍ 2024 അവസാനത്തിലോ അടുത്ത വര്‍ഷം ആദ്യ പാദത്തിലോ ആയിരിക്കും ടിവിഎസ് ജൂപിറ്റര്‍ സിഎന്‍ജി എത്തുക. എങ്കിലും അടുത്ത വര്‍ഷം പകുതിയിലേറെ പോവില്ലെന്ന് പ്രതീക്ഷിക്കാം. 

പ്രതിമാസം 1000 സിഎന്‍ജി സ്‌കൂട്ടറുകള്‍ വില്‍ക്കാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഹരിത ഇന്ധനം അവതരിപ്പിക്കുന്നതു വഴി കാര്‍ബണ്‍ ഫൂട്ട് പ്രിന്റ് കുറച്ചുകൊണ്ടുവരുന്നതും ടിവിഎസിന്റെ ലക്ഷ്യമാണ്. ഈ വര്‍ഷം ഒരു പുതിയ ഐസിഇ വാഹനം പുറത്തിറക്കാന്‍ ടിവിഎസിന് പദ്ധതിയുണ്ട്. അതുപോലെ ഈ വര്‍ഷം തന്നെ പുതിയ വൈദ്യുത സ്‌കൂട്ടറും വൈദ്യുത 3 വീലറും പ്രതീക്ഷിക്കാം. 

സിഎന്‍ജി+പെട്രോള്‍ ആണോ സിഎന്‍ജി മാത്രമാണോ സ്‌കൂട്ടറില്‍ ഇന്ധനമായുണ്ടാവുകയെന്ന ചോദ്യവും ഉയരുന്നുണ്ട്. സിഎന്‍ജിയും പെട്രോളുമാണ് പ്രായോഗികമെങ്കിലും ചിലവ് കൂടുതലായിരിക്കും. സിഎന്‍ജിയും പെട്രോളും ഉപയോഗിക്കാവുന്ന വാഹനത്തില്‍ കൂടുതല്‍ ഭാഗങ്ങളും വേണ്ടി വരും. ഇതാണ് സ്‌കൂട്ടറിന്റെ വിലയെ സ്വാധീനിക്കുന്നത്. ടിവിഎസ് സിഎന്‍ജിക്ക് ഒരു ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം. ജൂപിറ്റര്‍ 125 പെട്രോള്‍ മോഡലിന്റെ വില 79,000 രൂപ മുതലാണ് ആരംഭിക്കുന്നത്. 

ബജാജിനു പിന്നാലെ ടിവിഎസും സിഎന്‍ജിയിലേക്കെന്ന സൂചനകള്‍ നല്‍കിയതോടെ മറ്റു വാഹന നിര്‍മാണ കമ്പനികളും ഇതേ വഴിയില്‍ സഞ്ചരിക്കാനിടയുണ്ട്. ഹീറോ മോട്ടോകോര്‍പ്പും ഹോണ്ടയും അടക്കമുള്ള ഇന്ത്യയിലെ മുന്‍ നിര കമ്പനികള്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. ഇരുചക്ര വാഹനങ്ങളില്‍ സിഎന്‍ജി മോഡലുകള്‍ അവതരിപ്പിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും ഇളവുകളും കമ്പനികളെ ആകര്‍ഷിക്കുന്നുണ്ട്. 

ഇന്ധനചിലവ് കുറക്കാനാവുമെന്നതാണ് ഉപഭോക്താക്കളെ സംബന്ധിച്ച് സിഎന്‍ജി വാഹനങ്ങള്‍ വഴിയുള്ള പ്രധാന നേട്ടം. പെട്രോള്‍ ഇറക്കുമതി കുറക്കാനാവുമെന്നതാണ് സര്‍ക്കാരിനെ സിഎന്‍ജിയിലേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ വലിയ തോതില്‍ പ്രകൃതി വാതക ശേഖരമുണ്ടെന്നതും സര്‍ക്കാരുകളുടെ നയരൂപീകരണത്തില്‍ സ്വാധീനിക്കുന്നു.

English Summary:

TVS Motor Company to launch CNG-powered scooter by early next year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com