ADVERTISEMENT

ലോഞ്ചിന് മുമ്പായി ഇന്ത്യക്കായുളള നാലാം തലമുറ എക്‌സ് ട്രെയില്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നിസാന്‍. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന (CBU) രീതിയിലായിരിക്കും എക്‌സ് ട്രെയില്‍ ഇന്ത്യയില്‍ എത്തിക്കുക. ഇന്ത്യയില്‍ മാഗ്‌നൈറ്റ് കോംപാക്ട് എസ്‌യുവി മാത്രം വില്‍ക്കുന്ന നിസാന്‍ ഇന്ത്യക്ക് എക്‌സ് ട്രെയിലിന്റെ വരവ് പുത്തനുണര്‍വാകും. നേരത്തെ നിസാന്‍ ഇന്ത്യ പുറത്തുവിട്ട ടീസറിലും എക്‌സ് ട്രെയിലിന്റെ ഇന്ത്യയിലേക്കുള്ള വരവിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നു. 

ഡിസൈന്‍

രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്‍പനയിലുള്ള നാലാം തലമുറ നിസാന്‍ എക്‌സ് ട്രെയിലാണ് ഇന്ത്യയില്‍ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെ എക്‌സ് ട്രെയില്‍. പല വിദേശ വിപണികളിലും 5 സീറ്റര്‍ ഓപ്ഷന്‍ കൂടിയുണ്ട്. സ്പ്ലിറ്റ് ഹെഡ്‌ലാംപുകളും ഡാര്‍ക്ക് ക്രോം ഫിനിഷിങില്‍ വി മോഷന്‍ ഗ്രില്ലും പ്ലാസ്റ്റിക് ക്ലാഡിങ്ങോടു കൂടിയ റൗണ്ടഡ് വീല്‍ ആര്‍ക്കും ഡയമണ്ട് കട്ട് അലോയ് വീലുകളും എല്‍ഇഡി ടെയില്‍ ലാംപുകളും ഇന്ത്യന്‍ എക്‌സ് ട്രെയിലിലുണ്ടാവും. 

ഡയമണ്ട് ബ്ലാക്ക്, ഷാംപെയിന്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ എക്‌സ് ട്രെയില്‍ എത്തും. 4,680 എംഎം നീളവും 1,840 എംഎം വീതിയും 1,725എംഎം ഉയരവുമുള്ള വാഹനമാണ് എക്‌സ് ട്രെയില്‍. വീല്‍ ബേസ് 2,705 എംഎം. 210 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 5.5 എം ടേണിങ് റേഡിയസുമാണ് ഈ 7 സീറ്ററിന്. ടയറുകള്‍ 255/45 ആര്‍20. 

ഇന്റീരിയര്‍

ഡ്യുവല്‍ പാന്‍ പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നീ ഫീച്ചറുകള്‍ ഉള്ളിലുണ്ട്. വ്യത്യസ്ത ഡ്രൈവ് മോഡുകളും ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് വിത്ത് ഓട്ടോ ഹോള്‍ഡ് ആന്റ് ക്രൂസ് കണ്‍ട്രോള്‍ സൗകര്യവും എക്‌സ് ട്രയലിലുണ്ട്. 

X-Trail Best Large SUV Award by WWCOTY 2023

360 ഡിഗ്രി ക്യാമറയും പാഡില്‍ ഷിഫ്‌റ്റേഴ്‌സും ഇന്ത്യന്‍ എക്‌സ് ട്രെയിലില്‍ ഉണ്ടാവുമെന്നതിന്റെ സ്ഥിരീകരണവും നിസാന്‍ നടത്തിയിട്ടുണ്ട്. ഏഴ് എയര്‍ ബാഗുകള്‍, ഓട്ടോ വൈപ്പര്‍, എബിഎസ് ആന്റ് ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവയാണ് പ്രധാന സുരക്ഷാ ഫീച്ചറുകള്‍. ഇരിപ്പിടങ്ങളില്‍ രണ്ടാം നിരയില്‍ 40/20/40 സ്പ്ലിറ്റ് ഹോള്‍ഡിങ് സൗകര്യവും സ്ലൈഡിങ് ആന്റ് റീക്ലൈനിങ് ഫങ്ഷനും ഉണ്ടായിരിക്കും. മൂന്നാം നിരയില്‍ 50/50 സ്പ്ലിറ്റ് ഫോള്‍ഡിങ് ആന്റ് റീക്ലൈനിങ് ഫങ്ഷന്‍ ഉണ്ട്. 

പവര്‍ട്രെയിന്‍

1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോ ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിക്കുക. 12V മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിന്റെ കരുത്തും കാര്യക്ഷമതയും വര്‍ധിപ്പിക്കും. ആകെ 163 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാന്‍ എക്‌സ് ട്രെയില്‍. 

വിലയും എതിരാളികളും

എക്‌സ് ട്രെയിലിന്റെ പ്രതീക്ഷിക്കുന്ന വില 40-45 ലക്ഷം രൂപ. ജീപ്പ് മെറിഡിയന്‍, സ്‌കോഡ കോഡിയാക് (39.99 ലക്ഷം രൂപ), എംജി ഗ്ലോസ്റ്റര്‍ (38.80 ലക്ഷം രൂപ), ടൊയോട്ട ഫോര്‍ച്യൂണര്‍ (33.43 ലക്ഷം-51.44 ലക്ഷം രൂപ), ജീപ് മെറിഡിയന്‍ (29.49 ലക്ഷം-39.83 ലക്ഷം രൂപ) എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com