ഹൈബ്രിഡ് വാഹനങ്ങൾക്ക് റജിസ്ട്രേഷന് ചാര്‍ജ് കുറച്ച് യുപി; ഏതൊക്കെ കാറുകൾക്ക് വില കുറയും
Mail This Article
ഇന്ത്യയില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഇളവുകള്‍ നല്‍കണമെന്ന ആവശ്യം കുറച്ചു കാലമായി ഉയരുന്നുണ്ട്. ഭാവിയുടെ പ്രായോഗിക വാഹനങ്ങളെന്നു വാഴ്ത്തപ്പെടുമ്പോഴും കൂടുതല്‍ ജനകീയമാവുന്നതില്‍ നിന്നും ഹൈബ്രിഡ് കാറുകളെ അകറ്റി നിര്‍ത്തുന്നത് അവയുടെ ഉയര്‍ന്ന വിലയാണ്. അതുകൊണ്ടുതന്നെ അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ട്രോങ് ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് റജിസ്ട്രേഷന് ചാര്‍ജ് കുറക്കാന്‍ എടുത്ത തീരുമാനം വലിയ തോതില്‍ ചര്‍ച്ചയായി. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ വേറെയും ചില കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട് എന്നതിലാണ് ട്വിസ്റ്റ്.
യുപി സര്‍ക്കാരിന്റെ തീരുമാനം ഹൈബ്രിഡ് കാറുകള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എല്ലാ തരം ഹൈബ്രിഡ് കാറുകള്‍ക്കും ഇളവുകള്‍ ബാധകമല്ലെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വിശദീകരണം. കേന്ദ്ര സര്‍ക്കാരിന്റെ FAME II(ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്റ് മാനുഫാക്ചറിങ് ഓഫ്ഇലക്ട്രിക് വെഹിക്കിള്‍സ്) പദ്ധതിക്കു കീഴില്‍ സര്‍ട്ടിഫൈ ചെയ്യുന്ന ഹൈബ്രിഡ് കാറുകള്‍ക്ക് മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുകയെന്നതാണ് ആദ്യത്തെ കാര്യം.
ഇതിനുപുറമേ വേറെയും ചില മാനദണ്ഡങ്ങള്‍ യുപി സര്‍ക്കാര്‍ ഹൈബ്രിഡ് കാറുകളുടെ റജിസ്ട്രേഷന് ഇളവ് പദ്ധതിയില്‍ വെക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നിലവില്‍ ഇത്തരം ഇളവുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇതിനു പുറമേ 20 ലക്ഷം രൂപയില്‍ കുറവ് വിലയുള്ള സ്ട്രോങ് ഹൈബ്രിഡ് കാറുകളെമാത്രമേ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തൂ എന്നും സൂചനയുണ്ട്.
നിലവില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മൂന്ന് ഹൈബ്രിഡ് കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍, ഹോണ്ട സിറ്റി ഇ:എച്ച്ഇവി എന്നിവയാണ് ആ മോഡലുകള്‍. ടൊയോട്ട ഇന്നോവ ഹൈക്രോസ് അടക്കമുള്ള ഹൈബ്രിഡ് വാഹനങ്ങള്‍ ഈ പരിധിയില്‍ വരില്ല.
ഉയര്‍ന്ന നികുതി ഹൈബ്രിഡ് കാറുകള്‍ക്ക് ചുമത്തുന്നു എന്ന ആരോപണത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രത്യേകിച്ചും ഹരിത ഇന്ധനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന പേരില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്കുമ്പോള്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ചു ശതമാനം ജിഎസ്ടി ഈടാക്കുമ്പോള്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് 48 ശതമാനമാണ് ഇന്ത്യയിലെ ജിഎസ്ടി. ഈ ഉയര്‍ന്ന നികുതിയും വിലയും വലിയൊരു വിഭാഗം ഉപഭോക്താക്കളെ ഹൈബ്രിഡ് വാഹനങ്ങളില്‍ നിന്നും അകറ്റുന്നുവെന്നാണ് വാഹന നിര്‍മാതാക്കളുടെ പരാതി.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഹൈബ്രിഡ് കാറുകള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തെ മാരുതി സുസുക്കിയാണ് ആദ്യം പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. സര്‍ക്കാരിന്റെ ഈ തീരുമാനം ഇന്ത്യന്‍ വാഹന ലോകത്തിന്റെ മാലിന്യം കുറഞ്ഞ ഭാവിയിലേക്കുള്ള ചുവടുവെപ്പാണെന്നു കൂടി മാരുതി സുസുക്കി ചെയര്മാന് ആര്‍സി ഭാര്‍ഗവ പറഞ്ഞുവെച്ചു. ഇതോടെ മാരുതി ഓഹരികള്‍ അഞ്ചു ശതമാനം കുതിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഈ നടപടി കൂടുതല്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ഹൈബ്രിഡ് കാറുകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനുള്ള കാരണമായേക്കാം. ഉയര്‍ന്ന ഇന്ധനക്ഷമതക്കും കുറഞ്ഞ മലിനീകരണത്തിനും പേരുകേട്ട ഹൈബ്രിഡ് വാഹനങ്ങളാണ് നിലവിലെ വാഹന മലിനീകരണത്തിനുള്ള പ്രായോഗിക പരിഹാരമെന്ന് കരുതുന്നവര്‍ നിരവധിയാണ്. മറ്റു സര്‍ക്കാരുകള്‍ കൂടി ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഇളവുകള്‍ നല്കിയാല് വൈദ്യുത കാറുകള്‍ക്കു ശേഷമുള്ള സൂപ്പര്‍ഹിറ്റായി ഹൈബ്രിഡ് കാറുകള്‍ ഇന്ത്യയില്‍ മാറാനുള്ള സാധ്യതയുമുണ്ട്.