ADVERTISEMENT

അഞ്ച് ഡോര്‍ ഥാറിന്റെ പേര് അടക്കമുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. മഹീന്ദ്ര ഥാര്‍ റോക്‌സ്(Roxx) എന്നാണ് 5 ഡോര്‍ ഥാര്‍ അറിയപ്പെടുക. നിലവിലുള്ള ഥാര്‍ നാലു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സ്വാതന്ത്ര്യ ദിനം തന്നെയാണ് ഇക്കുറിയും പുതിയ ഥാറിനെ അവതരിപ്പിക്കാന്‍ മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നത്. പേരിനൊപ്പം ഥാര്‍ റോക്‌സിന്റെ സവിശേഷതകളുടെ സൂചനകളുമായി ടീസര്‍ വിഡിയോയും മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്. 

mahindra-thar-roxx-2

റോക്‌സ് പുതിയ എല്‍ഇഡി ഹെഡ്‌ലാംപുകളിലാണ് തിളങ്ങുന്നത്. ഇത് കൂടുതല്‍ മികച്ച വെളിച്ചം രാത്രിയില്‍ നല്‍കും. മുന്നിലെ ഗ്രില്ലിലും മാറ്റങ്ങളുണ്ട്. വശങ്ങളിലേക്കു വന്നാല്‍ ആദ്യം ശ്രദ്ധിക്കുക 18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളാണ്. വീല്‍ബേസ് കൂടിയതോടെ വാഹനത്തിന്റെ നീളവും വര്‍ധിച്ചിട്ടുണ്ട്. പിന്നിലെ ഡോറുകള്‍ കൂടി ഉള്‍ക്കൊള്ളുന്നതിനു വേണ്ടി വരുത്തിയ മാറ്റം. ഇത് പിന്നിലെ യാത്രികര്‍ക്കും കൂടുതല്‍ സ്ഥലം നല്‍കും. കുറഞ്ഞ മോഡലുകളില്‍ സ്റ്റീല്‍ വീലുകളുമുണ്ടാവും. ടെയില്‍ ലാംപില്‍ കാര്യമായ മാറ്റങ്ങളില്ല. 

mahindra-thar-roxx-3

കൂടുതല്‍ വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് മഹീന്ദ്ര ഥാര്‍ റോക്‌സിലുള്ളത്. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും സണ്‍റൂഫുമുണ്ട്. കൂടാതെ എഡിഎഎസ്, 360 ഡിഗ്രി കാമറ എന്നിവയും. പിന്നിലും എസി വെന്റുകളുള്ള റോക്‌സില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങളുണ്ടാവും. മുന്നില്‍ പാര്‍ക്കിങ് ക്യാമറയുണ്ടെന്നതിന്റെ സൂചനയും ടീസറിലുണ്ട്. 

mahindra-thar-roxx-1

പ്രീമിയം അനുഭവം ഉറപ്പിക്കാമെന്നതിലാണ് റോക്‌സിന്റെ കാര്യത്തില്‍ മഹീന്ദ്ര ആവര്‍ത്തിക്കുന്നത്. ഥാറിനേക്കാള്‍ മികച്ച് എസ് യു വിയും ഓഫ് റോഡറുമായിരിക്കും റോക്‌സ് എന്നാണ് സൂചനകള്‍. 'വ്യത്യസ്തമായ രൂപവും പ്രീമിയം സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യകളും മികച്ച പ്രകടനവും സുരക്ഷയുമെല്ലാം ചേര്‍ന്ന ഥാര്‍ റോക്‌സ് ആണ് 'THE' SUV. എസ് യു വി വിഭാഗത്തില്‍ തന്നെ റോക്‌സിന്റെ വരവ് ചലനങ്ങളുണ്ടാക്കും' എന്നാണ് മഹീന്ദ്ര ആന്റ് മഹീന്ദ്ര ഓട്ടമോട്ടീവ് സെക്ടര്‍ പ്രസിഡന്റ് വീജയ് നക്ര പ്രതികരിച്ചത്. 

മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളില്‍ മഹീന്ദ്ര ഥാര്‍ 5 ഡോര്‍ എത്തുമെന്നാണ് സൂചന. 1.5ലീറ്റര്‍ ഡീസല്‍ എന്‍ജിനും റിയര്‍ വീല്‍ ഡ്രൈവുമായാണ് അടിസ്ഥാന മോഡല്‍ എത്തുകയെന്നാണ് പ്രതീക്ഷ. ഈ മോഡലിന്റെ പ്രതീക്ഷിക്കുന്ന വില 12 ലക്ഷം. സ്‌കോര്‍പിയോ എന്‍(13.85 ലക്ഷം രൂപ) അടിസ്ഥാന വകഭേദവുമായാണ് മത്സരം. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 2.0 പെട്രോള്‍ എന്‍ജിനുമാണ് മറ്റ് രണ്ട് എന്‍ജിന്‍ സാധ്യതകള്‍. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. 4x4 ഡ്രൈവ് ട്രെയിനിലാവും ഈ എന്‍ജിനുകളുടെ വരവ്. 4 വീല്‍ ഡ്രൈവിനൊപ്പം 2 വീല്‍ ഡ്രൈവ് ഓപ്ഷന്‍ കൂടി വകഭേദങ്ങളില്‍ ഉള്‍ക്കൊള്ളിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രതീക്ഷിക്കുന്ന വില 13 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ. 

English Summary:

Mahindra Thar 5 door named Thar Roxx, launch on August 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com