ADVERTISEMENT

ഇന്ത്യയിലെ എസ് യു വി വിപണിയില്‍ മത്സരത്തിന് ഒട്ടും കുറവില്ല. എന്നിട്ടും പുതിയ മോഡലുകള്‍ വരുന്നതിനും കുറവു വരുന്നില്ല. വൈദ്യുത എസ് യു വികളില്‍ പഞ്ച് ഇവിയും ഐസിഇ മോഡലുകളില്‍ ബ്രസയും നെക്‌സോണുമാണ് മുന്നിട്ടു നില്‍ക്കുന്നത്. എസ് യു വി വിപണിയിലെ മത്സരം കൂടുതല്‍ ചൂടുപിടിപ്പിക്കാനെത്തുന്ന മൂന്നു മോഡലുകള്‍ ഇവരാണ്. 

Hyundai Inster
Hyundai Inster

ഹ്യുണ്ടേയ് ഇന്‍സ്റ്റര്‍

ഹ്യുണ്ടേയ് ഇന്ത്യയില്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണ് ഇന്‍സ്റ്റര്‍. 2026ല്‍ പുറത്തിറങ്ങുന്ന ഇന്‍സ്റ്റര്‍ ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിലെത്തുന്ന ഇവിയെന്ന പെരുമയുമായിട്ടാണ് ഒരുങ്ങുന്നത്. 280 ലീറ്റര്‍ ട്രങ്ക് സ്‌പേസും 10.25 ഇഞ്ച് ഡിജിറ്റല്‍ ഡിസ്‌പ്ലേകളുമായിട്ടായിരിക്കും ഇന്‍സ്റ്ററിന്റെ വരവ്. വയര്‍ലെസ് ചാര്‍ജിങ്, 64 കളര്‍ ആംബിയന്റ് ലൈറ്റിങ്, വണ്‍ ടച്ച് സണ്‍റൂഫ്, ഹ്യുണ്ടേയ് ഡിജിറ്റല്‍ കീ 2 ഫീച്ചറുകളും ഇന്‍സ്റ്ററിലുണ്ട്. രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 95എച്ച്പി 42kWh ബാറ്ററിയും 113എച്ച്പി 49kWh ബാറ്ററിയും. പരമാവധി റേഞ്ച് 355 കീ.മി. 

Kia Clavis
Kia Clavis

കിയ ക്ലാവിസ്

ഈ വര്‍ഷം അവസാനം തങ്ങളുടെ ക്ലാവിസ് എസ് യു വി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കിയ. ഇന്ത്യന്‍ റോഡുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ക്ലാവിസിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നാലു മീറ്ററിലേറെ വലിപ്പമുള്ള ക്ലാവിസ് എസ് യു വിയുടെ സ്ഥാനം കിയ മോഡലുകളില്‍ സോണറ്റിനും സെല്‍റ്റോസിനും ഇടക്കായിരിക്കും. 

118എച്ച്പി കരുത്തും പരമാവധി 172എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് ക്ലാവിസിന്റെ ഒരു എന്‍ജിന്‍ ഓപ്ഷന്‍. 6 സ്പീഡ് ഐഎംടി അല്ലെങ്കില്‍ 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് രണ്ടാമത്തേത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. 

Skoda Epiq, Representative Image
Skoda Epiq, Representative Image

സ്‌കോഡ കോംപാക്ട് എസ് യു വി

കുഷാക്ക് പ്ലാറ്റ്‌ഫോമില്‍ പുതിയ കോംപാക്ട് എസ് യു വിയെ അവതരിപ്പിക്കാന്‍ സ്‌കോഡയും ഒരുങ്ങുന്നുണ്ട്. നെക്‌സോണുമായും ബ്രസയുമായും മത്സരിക്കാനാണ് ഈ മോഡല്‍ സ്‌കോഡ പുറത്തിറക്കുന്നത്. എസ് യു വി വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ വില്‍പനയാണ് ലക്ഷ്യമെന്നു ചുരുക്കം. കുഷാക്കിലേതിന് സമാനമായ ഷാര്‍പ് എല്‍ഇഡി ലൈറ്റുകളും റൂഫ് റെയിലുകളുമായുള്ള എസ് യു വിയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. 

പുറത്തു വന്ന ചിത്രങ്ങളില്‍ നിന്നും സ്പ്ലിറ്റ് ഹെഡ്‌ലൈറ്റും അതിനു മുകളില്‍ ഡിആര്‍എല്ലുകളും വ്യക്തമാണ്. 113ബിഎച്ച്പി കരുത്തും പരമാവധി 172 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 1.0 ലീറ്റര്‍ ടിഎസ്‌ഐ എന്‍ജിനാണ് കോംപാക്ട് എസ് യു വിയുടെ കരുത്ത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം എന്ന വലിയ വില്‍പന ലക്ഷ്യമാണ് ഈ മോഡലിന്റെ കാര്യത്തില്‍ സ്‌കോഡക്കുള്ളത്. കുഷാക്കും സ്ലാവിയയും രണ്ടു വര്‍ഷം കൊണ്ടു നേടിയ വില്‍പനയാണിത്. 

English Summary:

Top 3 Upcoming Compact SUVs In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com