ADVERTISEMENT

ഫാസ്ടാഗിലെ സൂത്രപണികളിലൂടെ ടോളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ(NHAI). വാഹനത്തിന്റെ മുന്നിലെ ചില്ലില്‍ ബോധപൂര്‍വം ഫാസ്ടാഗ് പതിപ്പിക്കാതെ പോവുന്നവര്‍ക്കാണ് പണി വരുന്നത്. ഇത്തരക്കാരില്‍ നിന്നും ഇരട്ടി ടോള്‍ ഈടാക്കാനാണ് എന്‍എച്ച്എഐ തീരുമാനം. വാഹനത്തിന്റെ മുന്നിലെ ചില്ലില്‍ ഫാസ്ടാഗ് പതിപ്പിക്കാതെ എത്തുന്ന വാഹനങ്ങള്‍ കാരണം ടോള്‍ പ്ലാസകളില്‍ നീണ്ട വാഹന കുരുക്ക് പതിവായതോടെയാണ് ഈ നടപടി. 

ഫാസ്ടാഗുകള്‍ വാഹനങ്ങളുടെ മുന്നിലെ ചില്ലില്‍ പതിപ്പിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ പതിപ്പിക്കാതിരിക്കുകയോ ചെയ്യുന്നതുകൊണ്ട് ദിവസും വലിയ തോതിലുള്ള ഗതാഗതകുരുക്കുകള്‍ ടോള്‍ പ്ലാസകളില്‍ ഉണ്ടാവാറുണ്ട്. ഇത് മറ്റു ഡ്രൈവര്‍മാര്‍ക്കും വലിയ തോതില്‍ അനാവശ്യ സമയനഷ്ടത്തിനിടയാക്കാറുണ്ട്. ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കുന്നതിനായാണ് പുതിയ നടപടിയുമായി ദേശീയ പാതാ അതോരിറ്റി എത്തിയിരിക്കുന്നത്. 

വാഹനത്തിന്റെ മുന്നിലെ ചില്ലില്‍ ഫാസ്ടാഗ് ശരിയായി പതിപ്പിച്ചില്ലാത്തതോ പതിപ്പിക്കാത്തതോ ആയ വാഹനങ്ങളില്‍ നിന്നു ഇരട്ടി ടോള്‍ പിരിക്കാന്‍ ടോള്‍ പിരിക്കുന്ന ഏജന്‍സികള്‍ക്ക് ദേശീയ പാതാ അതോറിറ്റി നിര്‍ദേശം നല്‍കി കഴിഞ്ഞു. എല്ലാ ടോള്‍ ബൂത്തുകളിലും ഇരട്ടി ടോള്‍ ഈടാക്കുന്നതു സംബന്ധിച്ച മുന്നറിയിപ്പു ബോര്‍ഡുകള്‍ വെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ടോള്‍ പ്ലാസകളിലെ സിസിടിവികളില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ സഹിതം റെക്കോർഡു ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏതു വാഹനങ്ങള്‍ക്കാണ് ഇരട്ടി തുക ഈടാക്കേണ്ടതെന്ന് തീരുമാനിക്കാന്‍ ഈ ദൃശ്യങ്ങളും തെളിവായി ഉപയോഗിക്കും. 

വാഹനങ്ങളുടെ മുന്നിലെ ചില്ലില്‍ ഫാസ്ടാഗ് പതിപ്പിക്കണമെന്ന് നിലവിലെ ചട്ടങ്ങളില്‍ തന്നെ വ്യക്തമായി പറയുന്നുണ്ട്. ഇത് പാലിക്കാത്ത വാഹനങ്ങളില്‍ നിന്നും ഇരട്ടി ടോള്‍ നിരക്ക് ഈടാക്കുക മാത്രമല്ല ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍(ഇടിസി) ഇടപാടുകളില്‍ കരിമ്പട്ടികയില്‍ പെടുത്താനും സാധ്യതയുണ്ട്. ഫാസ്ടാഗ് വാഹനത്തില്‍ പതിപ്പിക്കുന്ന സമയത്തുതന്നെ ഇക്കാര്യങ്ങള്‍ വാഹന ഉടമകളും ഫാസ്ടാഗ് പതിപ്പിക്കുന്നവരും ശ്രദ്ധിക്കണമെന്നും ദേശീയ പാതാ അതോറിറ്റി ഓര്‍മിപ്പിക്കുന്നു. 

'എല്ലാ വാഹനങ്ങളുടേയും ദേശീയ പാതകളിലെ സഞ്ചാരം സുഗമമാക്കാന്‍ സഹായിക്കുന്നതാണ് ഫാസ്ടാഗുകള്‍. ശരിയായ പാതയിലുള്ളതാണ് പുതിയ തീരുമാനം. വാഹന ഉടമകള്‍ക്കും ടോള്‍ പ്ലാസകളിലെ ജോലിക്കാര്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണ് ഈ നടപടി. അനാവശ്യ ഗതാഗത തടസങ്ങള്‍ ഒഴിവാക്കാനും എല്ലാവര്‍ക്കും വേഗത്തില്‍ യാത്ര ചെയ്യാനും ഇതുവഴി സാധിക്കും' എന്നാണ് രാജ്യത്തെ പ്രധാന ഫാസ്ടാഗ് വിതരണക്കാരിലൊരാളായ പാര്‍ക്+ സ്ഥാപകനും സിഇഒയുമായ അമിത് ലകോട്ടിയ പറഞ്ഞത്. 

ഭാവിയില്‍ ഇന്ത്യയില്‍ ജിഎന്‍എസ്എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് ആരംഭിക്കാനും എന്‍എച്ച്എഐക്ക് പദ്ധതിയുണ്ട്. കൃത്രിമോപഗ്രഹങ്ങളുടെ സഹായത്തില്‍ ടോള്‍ പിരിക്കുന്ന സാങ്കേതികവിദ്യയാണിത്. വെര്‍ച്ചുല്‍ ടോള്‍ ബൂത്തുകളാണ് ഈ സാങ്കേതികവിദ്യയിലുണ്ടാവുക. ദേശീയപാതകളില്‍ എത്ര ദൂരം സഞ്ചരിക്കുന്നോ അതിന് അനുസരിച്ചുള്ള ടോള്‍ നിരക്കുകളാണ് വാഹനങ്ങളില്‍ നിന്നും ഈടാക്കുക. സാറ്റലൈറ്റ് ടോളിങ് നിലവില്‍ വന്നാല്‍ ഇപ്പോഴത്തെ വരി നിന്നുകൊണ്ടുള്ള ടോള്‍ നല്‍കുന്ന സംവിധാനം തന്നെ ഇല്ലാതാക്കാനാവും.

English Summary:

Fix FASTag on windscreen or pay double the toll fee: NHAI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com