ഫെറാറി ഹൈബ്രിഡ് ഇലക്ട്രിക് സൂപ്പർകാർ, അജിത്തിന്റെ പുത്തൻ വാഹനം
Mail This Article
വാഹനങ്ങളോട് ഏറെ താൽപര്യമുള്ള വ്യക്തിയാണ് തമിഴകത്തിന്റെ തല എന്നറിയപ്പെടുന്ന അജിത് കുമാർ. അഭിനയത്തിനൊപ്പം തന്നെ പ്രഫഷനൽ റേസർ കൂടിയായ താരം ഫെറാറിയുടെ എസ് എഫ് 90 സ്ട്രാഡേൽ സ്വന്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അജിത് തന്റെ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഈ സ്പോർട്സ് കാർ ഇന്ത്യയിൽ ലഭ്യമാണെങ്കിലും ദുബായിൽ നിന്നുമാണ് താരം വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് അറിയുവാൻ കഴിയുന്നത്.
സൂപ്പർകാറുകളിലെ തല എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന വാഹനമാണ് എസ് എഫ് 90 സ്ട്രാഡേൽ. ഭാവിയിലെ വാഹനമെന്നു ഉറപ്പിച്ചു പറയാൻ കഴിയുന്ന വിശേഷപ്പെട്ട രൂപമാണ് ഈ ഫെറാറിക്കു ഉള്ളതെങ്കിലും മുൻമോഡലുകളുടെ ചെറിയ സാദൃശ്യങ്ങൾ പല ഭാഗങ്ങളിലും കാണുവാൻ കഴിയും. ഫെറാറിയിൽ നിന്നും പുറത്തിറങ്ങുന്ന ഏറ്റവും ശക്തനായ വാഹനങ്ങളിൽ ഒന്നാണിത്. എസ് എഫ് 90 സ്ട്രാഡേൽ ഒരു പ്ളഗ് ഇൻ ഹൈബ്രിഡ് വാഹനമാണ്. ട്വിൻ ടർബോ ചാർജ്ഡ് 4.0 ലീറ്റർ വി8 എൻജിനാണ് വാഹനത്തിനു കരുത്തുപകരുന്നത്. ഇതേ എൻജിൻ തന്നെയാണ് ഫെറാറി പോർട്ടോഫിനോയിലും എഫ്8 ട്രിബുട്ടോയിലും ഉപയോഗിക്കുന്നത്.
ഈ എൻജിന്റെ പരമാവധി കരുത്ത് 780 പി എസ് ആണ്. പ്ളഗ് ഇൻ ഹൈബ്രിഡ് ആയതു കൊണ്ടുതന്നെ മൂന്നു ഇലക്ട്രിക് മോട്ടോറുകൾ ഈ വാഹനത്തിൽ വരുന്നുണ്ട്. 220 പി എസ് ആണ് ഈ മോട്ടോറുകൾ ഉൽപാദിപ്പിക്കുന്നത്. എസ് എഫ് 90 സ്ട്രാഡേലിന്റെ പരമാവധി ടോർക്ക് 800 എൻ എമ്മും1000 പി എസുമാണ്. 8 സ്പീഡ് ഡ്യൂവൽ ക്ലച്ച് ഓട്ടമാറ്റിക് ട്രാൻസ്മിഷനാണ്. മറ്റു കാറുകളിൽ നിന്നും വ്യത്യസ്തമായി റിവേഴ്‌സ് ഗിയർ ഇല്ല എന്ന പ്രത്യേകതയുമുണ്ട്. മുമ്പിലുള്ള ഇലക്ട്രിക്ക് മോട്ടോർ ആണ് റിവേഴ്‌സ് സഞ്ചരിക്കാൻ സഹായിക്കുന്നത്. 7.9 kWh ബാറ്ററി 26 കിലോമീറ്റർ വരെ റേഞ്ച് നൽകും.
നാല് ഡ്രൈവിങ് മോഡുകളാണ് ഉള്ളത്. ഇ ഡ്രൈവ് മോഡ്, ഹൈബ്രിഡ് മോഡ്, പെർഫോമൻസ് മോഡ്, ക്വാളിഫൈ മോഡ്. 7.90 കോടി രൂപയാണ് വാഹനത്തിനു വില വരുന്നത്. കസ്റ്റമൈസ് ചെയ്യുന്നതിന് അനുസരിച്ചു വിലയിലും വർധനവ് ഉണ്ടാകും. ദുബായിൽ നിന്നും വാങ്ങിയത് കൊണ്ടുതന്നെ വില തമ്മിൽ താരതമ്യം ചെയ്യുമ്പോൾ വ്യത്യാസം വരാനിടയുണ്ട്.
ബൈക്ക് റൈഡിങ് ഏറെ ഇഷ്ടപ്പെടുന്ന അജിത്തിന് നിരവധി ബൈക്കുകളും കാറുകളും സ്വന്തമായുണ്ട്. വീനസ് മോട്ടോർസൈക്കിൾ ടൂർസ് എന്ന പേരിൽ ഒരു മോട്ടോർസൈക്കിൾ ടൂറിങ് കമ്പനിയും താരത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ബി എം ഡബ്ള്യു ആർ 1200 ജി എസ്, ബി എം ഡബ്ള്യു ആർ 1200 ജി എസ് കൂടാതെ, ബി എം ഡബ്ള്യു എസ് 1000 ആർ ആർ, ബി എം ഡബ്ള്യു കെ 1300 എസ്, അപ്രിലിയ ക്യാപോനോർഡ്, കാവസാക്കി നിന്ജ സിഎക്സ്14 - ആർ എന്നീ ബൈക്കുകളും ഫെറാരി 458 ഇറ്റാലിയ, ബി എം ഡബ്ള്യു 740 എൽഐ, ഹോണ്ട അക്കോർഡ് വി 6 തുടങ്ങിയ കാറുകളും അജിത്തിന്റെ ഗാരിജിലുണ്ട്.