ADVERTISEMENT

ഹാച്ച് ബാക്ക് മിനി കൂപ്പര്‍ എസിന്റെ അവസാനത്തെ ഇന്റേണൽ കംപല്‍ഷന്‍ എന്‍ജിന്‍ മോഡല്‍ പുറത്തിറക്കി ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ മിനി. പുതിയ മിനി കൂപ്പര്‍ എസിന് 44.90 ലക്ഷം രൂപയാണ് ഇന്ത്യയില്‍ വില. സെപ്റ്റംബര്‍ മുതല്‍ വിതരണം ആരംഭിക്കും. 1959ല്‍ പുറത്തിറങ്ങിയ ആദ്യ തലമുറ മിനി കൂപ്പറിന്റെ രൂപകല്‍പനയിലെ സവിശേഷതകള്‍ ഏറ്റവും പുതിയ മോഡലിലും പിന്തുടരുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ 5 ഡോര്‍ മോഡലുണ്ടെങ്കിലും ഇന്ത്യയില്‍ മൂന്നു ഡോര്‍ രൂപത്തിലാണ് മിനി കൂപ്പര്‍ എസ് എത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ കൂപ്പര്‍ എസിന്റെ വൈദ്യുത മോഡലും ഇന്ത്യയിലെത്തും. 

എക്‌സ്റ്റീരിയര്‍

മിനിയുടെ മിനിമലിസ്റ്റ് ഡിസൈനും വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും പുതിയ മിനി കൂപ്പര്‍ മോഡലിലും സവിശേഷതയായി തുടരുന്നു. കൂടുതല്‍ വലിയ എട്ടു മൂലകളുള്ള മുന്‍ ഗ്രില്‍. വീല്‍ ആര്‍ക്കുകള്‍ പ്ലാസ്റ്റിക് ക്ലാഡിങോടെ വരുന്നു. മുന്നിലേയും പിന്നിലേയും ഫെന്‍ഡറുകള്‍ക്ക് മാറ്റമില്ല. പിന്നിലെ ലൈറ്റുകള്‍ ത്രികോണാകൃതിയിലേക്ക് പൂര്‍ണമായും റീ ഡിസൈന്‍ ചെയ്തിരിക്കുന്നു. 

പില്ലറുകളിലും ഗ്ലാസ് ഹൗസിലും മാറ്റങ്ങളില്ല. ഫ്‌ളോട്ടിങ് എഫക്ടിലാണ് വാഹനത്തിന്റെ മുകള്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നിലേയും പിന്നിലേയും ബംപറുകള്‍ കൂടുതല്‍ ക്ലീനായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഫോഗ് ലാംപുകളും എയര്‍ ഇന്‍ടേക്ക് വിടവുകളും എടുത്തു മാറ്റിയിരിക്കുന്നു. സ്റ്റാന്‍ഡേഡ് മോഡലില്‍ 17 ഇഞ്ച് ചക്രങ്ങളാണ് ഓപ്ഷനായി 18 ഇഞ്ച് ചക്രങ്ങളും ലഭ്യമാണ്. 

mini-cooper-s

ഇന്റീരിയറും ഫീച്ചറുകളും

മിനിമലിസ്റ്റ് രീതി ഇന്റീരിയറിലും മിനി തുടരുന്നു. ഡാഷ് ബോര്‍ഡിനോട് പരമാവധി ചേര്‍ന്നു പോവുന്ന രീതിയിലാണ് എസി വെന്റുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ ആകര്‍ഷണം വൃത്താകൃതിയിലുള്ള 9.4 ഇഞ്ച് OLED ടച്ച് സ്‌ക്രീനാണ്. എച്ച് വി എ സി കണ്‍ട്രോളുകള്‍ അടക്കമുള്ള കാറിന്റെ എല്ലാ നിയന്ത്രണങ്ങളും ഇവിടെയുണ്ട്. സാംസങ് വികസിപ്പിച്ചെടുത്ത മിനിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് അടിസ്ഥാനമായുള്ള ഒഎസാണ് ഉപയോഗിച്ചിരിക്കുന്നത്. 

ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ മുന്‍സീറ്റുകള്‍, ഡ്രൈവര്‍ സീറ്റില്‍ മസാജ് ഫങ്ഷന്‍, ആംബിയന്റ് ലൈറ്റിങ്, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, കണക്ടഡ് കാര്‍ ടെക്, ആറ് എയര്‍ബാഗുകള്‍, ലെവല്‍ 1 അഡാസ് സ്യൂട്ട്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍. 

പവര്‍ട്രെയിന്‍

2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ കൂപ്പര്‍ എസിലും. എന്നാല്‍ ട്യൂണിങിലെ വ്യത്യാസം പെര്‍ഫോമെന്‍സിലും കാണാം. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീ.മി വേഗതയിലേക്കു കുതിക്കാന്‍ മിനി കൂപ്പര്‍ എസിനാവും. 

2 ഡോര്‍ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന കൂപ്പര്‍ എസിന് ഇന്ത്യയില്‍ എതിരാളികളില്ല. ഈ വര്‍ഷം അവസാനത്തോടെ മിനി കൂപ്പര്‍ എസിന്റെ ഇലക്ട്രിക് പതിപ്പും എത്തും. ഇപ്പോഴത്തെ പെട്രോല്‍ മോഡലില്‍ നിന്നും തികച്ചും വ്യത്യസ്തമായ മോഡലായാണ് ഇലക്ട്രിക് കൂപ്പര്‍ എസ് എത്തുക. പുതിയ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് മിനി തങ്ങളുടെ കൂപ്പര്‍ എസ് വൈദ്യുത മോഡല്‍ ഒരുക്കുന്നത്.

English Summary:

Fourth-Gen Mini Cooper Petrol Is The Last ICE Car, Here's Why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com