ഇന്നു മുതൽ ഫാസ്ടാഗിൽ മാറ്റങ്ങൾ! മൂന്നു വർഷമായോ? വിശദമായി അറിയാം
Mail This Article
ഓഗസ്റ്റ് ഒന്നു മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം വരികയാണ്. ടോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഗതാഗത തടസം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. ഫാസ്ടാഗ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായി അറിയാം. നിങ്ങളുടെ വാഹനത്തെ മാറ്റങ്ങള്‍ ബാധിക്കുമോ എന്ന് പരിശോധിക്കുകയും ചെയ്യാം.
പുതിയ ഫാസ്ടാഗ് നിയമപ്രകാരം ഒക്ടോബര്‍ 31നകം ഫാസ്ടാഗിന്റെ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഫാസ്ടാഗ് സേവനം ലഭ്യമാക്കുന്ന കമ്പനികള്‍ക്കാണ് കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ചുമതല. അഞ്ചു വർഷമായ ഫാസ്ടാഗ് മാറ്റി പുതിയവ വയ്ക്കണം. മൂന്നു വര്‍ഷത്തിനും അഞ്ചു വര്‍ഷത്തിനും ഇടയിലുള്ള ഫാസ്ടാഗുകള്‍ നിര്‍ബന്ധമായും കെവൈസി അപ്ഡേറ്റ് ചെയ്യണം.
ഫാസ്ടാഗ് കെവൈസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ദ നാഷണല്‍ പേമെന്റ്സ് കോര്പറേഷന് ഓഫ് ഇന്ത്യ(NPCI) വിശദമായി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ വിശദാംശങ്ങള്‍ നല്‍കാത്ത ഫാസ്ടാഗ് ഉടമകള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ എന്‍പിസിഐ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് കെവൈസി നല്‍കേണ്ടതാണ്. കെവൈസി വിവരങ്ങള്‍ ഫാസ്ടാഗുമായി ബന്ധിപ്പിക്കാന്‍ ഒക്ടോബര്‍ 31 വരെ സമയമുണ്ടെങ്കിലും അവസാന നിമിഷം വരെ കാത്തിരിക്കുന്നത് കൂടുതല്‍ പ്രതിസന്ധിക്കിടയാകാന്‍ സാധ്യതയുണ്ട്.
ഒക്ടോബര്‍ ഒന്നു മുതലുള്ള മാറ്റങ്ങള്‍
അഞ്ചുവര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകള്‍ തീര്‍ച്ചയായും മാറ്റേണ്ടതാണ്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും അഞ്ചുവര്‍ഷത്തില്‍ കുറവ് പഴക്കമുള്ളതുമായ ഫാസ്ടാഗുകളുടെ കെവൈസി വിവരങ്ങള്‍ പുതുക്കേണ്ടതാണ്. വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറും ചാസിസ് നമ്പറും ഫാസ്ടാഗുമായി ബന്ധിപ്പിക്കേണ്ടതാണ്.
പുതിയ വാഹനങ്ങള്‍ക്കും ഫാസ്ടാഗില് വരുന്ന മാറ്റങ്ങള്‍ ബാധകമാണ്. പുതിയ വാഹനം വാങ്ങി 90 ദിവസത്തിനകം രജിസ്ട്രേഷന് നമ്പര്‍ പുതുക്കേണ്ടതാണ്. ഫാസ്ടാഗ് നല്കുന്ന കമ്പനികള്‍ അവരുടെ ഡാറ്റബേസിലെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. വാഹനത്തിന്റെ മുന്നില്‍ നിന്നും വശത്തു നിന്നുമുള്ള വ്യക്തമായ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം. മൊബൈല്‍ നമ്പറുമായി ഫാസ്ടാഗ് തീര്‍ച്ചയായും ബന്ധിപ്പിച്ചിരിക്കണം. എന്‍പിസിഐ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഫാസ്ടാഗ് കമ്പനികളും ബാധ്യസ്ഥരാണ്.