ഓടുന്ന ദൂരത്തിന് മാത്രം പണം, വരുന്നു ജിഎന്‍എസ്എസ്; ടോള്‍ ചുമത്തുന്നത് എങ്ങനെ?
Mail This Article
ടോള്‍ ബൂത്തുകളിലെ നീണ്ട വരി ഒഴിവാക്കാനാണ് ഫാസ്ടാഗ് സാങ്കേതികവിദ്യ ഇന്ത്യയില്‍ അവതരിപ്പിച്ചത്. പത്തുവര്‍ഷം തികയും മുമ്പേ അതിനേക്കാള്‍ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ടോള്‍ ബൂത്തുകളേ ഒഴിവാക്കിക്കൊണ്ട് സാറ്റലൈറ്റുകളുടെ സഹായത്തില്‍ ടോള്‍ പിരിക്കാന്‍ സഹായിക്കുന്നതാണ് പുതിയ സാങ്കേതികവിദ്യ. ജിപിഎസ് ടോള്‍ എന്നു വിളിക്കാവുന്ന ജിഎന്‍എസ്എസ് സാങ്കേതികവിദ്യയാണ് പുതിയതായി ഇന്ത്യയിലെ റോഡുകളില്‍ അവതരിപ്പിക്കപ്പെടുന്നത്.
നിലവില്‍ വാഹനങ്ങള്‍ക്കനുസരിച്ച് നിശ്ചിത തുകയാണ് ടോള്‍ ഇനത്തില്‍ ഈടാക്കുന്നത്. ജിഎന്‍എസ്എസ്(ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) വരുന്നതോടെ ഇത് മാറുകയും ഓടുന്ന ദൂരത്തിന് അനുസരിച്ച് മാത്രം ടോള്‍ നല്‍കുന്ന രീതി ആരംഭിക്കുകയും ചെയ്യും. വാഹനത്തിന്റെ ലൊക്കേഷന്‍ സാറ്റലൈറ്റുകള്‍ വഴി തല്‍സമയം ട്രാക്കു ചെയ്താണ് ഇത് സാധ്യമാവുന്നത്. ജിഎന്‍എസ്എസ് വരുന്നതോടെ ഇന്നു കാണുന്ന ടോള്‍ ബൂത്തുകള്‍ ദേശീയപാതകളില്‍ നിന്നും ഒഴിവാകും. ടോള്‍ ബൂത്തുകളെ ഒഴിവാക്കി ടോള്‍ പാതകളിലൂടെ പോവുന്നത് ഈ സാങ്കേതികവിദ്യ വന്നാല്‍ അസാധ്യമാവും. അതുപോലെ അമിതമായി ടോള്‍ നിരക്ക് നല്‍കേണ്ടി വരുന്ന സാഹചര്യവും ഒഴിവാക്കാനാവും.
എങ്ങനെ നടപ്പിലാക്കും?
ആദ്യഘട്ടത്തില്‍ നിലവിലെ ഫാസ്ടാഗ് സാങ്കേതികവിദ്യക്കൊപ്പമാണ് ജിഎന്‍എസ്എസിനെ അവതരിപ്പിക്കുക. ഹൈബ്രിഡ് മോഡലായി രണ്ട് സാങ്കേതികവിദ്യയും എത്തും. പിന്നീട് ചില റോഡുകളില്‍ പരീക്ഷണമെന്ന നിലയില്‍ പൂര്‍ണമായും ജിഎന്‍എസ്എസിലേക്കു മാറ്റും. ഇത് പടിപടിയായി ഉയര്‍ത്തിക്കൊണ്ടാണ് പുതിയ സാങ്കേതികവിദ്യയിലേക്ക് മുഴുവനായും മാറുക.
തുടങ്ങിക്കഴിഞ്ഞു
ഇന്ത്യയില്‍ ജിഎന്‍എസ്എസ് സാങ്കേതികവിദ്യയുടെപരീക്ഷണം ആരംഭിച്ചു കഴിഞ്ഞുവെന്നതാണ് വസ്തുത. രണ്ട് ദേശീയപാതകളിലാണ് ആദ്യഘട്ട പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. കര്‍ണാടകയിലെ ബെംഗളൂരു- മൈസൂര്‍ ദേശീയപാതയിലും(എന്‍എച്ച് 275) ഹരിയാനയിലെ പാനിപത്ത്-ഹിസാര്‍ ദേശീയ പാതയിലുമാണ്(എന്‍എച്ച് 709) ജൂലൈ 24 മുതല്‍ ജിഎന്‍എസ്എസ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്.
ടോള്‍ ചുമത്തുന്നത് എങ്ങനെ?
സാറ്റലൈറ്റുകളുടെ സഹായത്തില്‍ അതീവ കൃത്യതയോടെ വാഹനങ്ങളുടെ ലൊക്കേഷന്‍ ട്രാക്കു ചെയ്താണ് ടോള്‍ പിരിവ് ജിഎന്‍എസ്എസ് നടത്തുക. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം(ജിപിഎസ്), ഇന്ത്യയുടെ ജിപിഎസ് എയ്ഡഡ് ജിയോ ഓഗ്മെന്റഡ് നാവിഗേഷന്‍(GAGAN) എന്നിവയുടെയെല്ലാം സേവനങ്ങള്‍ ജിഎന്‍എസ്എസില്‍ ഉപയോഗപ്പെടുത്തും.
പണം ഈടാക്കുന്നത് ഫാസ്ടാഗിലേതു പോലെ ഡിജിറ്റല്‍വാലറ്റ് വഴിയാണ്. വാഹനം ഓടിയ ദൂരം കണക്കാക്കി കഴിഞ്ഞാല്‍ പണം അപ്പോള്‍ തന്നെ ഫാസ്ടാഗ് ബന്ധിപ്പിച്ച അക്കൗണ്ടില്‍ നിന്നും ഈടാക്കും. ടോള്‍ ബൂത്തുകള്‍ തന്നെ ഇല്ലാതാവുന്നതോടെ ടോള്‍ നല്‍കാനായി നീണ്ട വരിയും അനാവശ്യ ഗതാഗത തടസവും സമയനഷ്ടവും ഒഴിവാക്കാനാവുമെന്നതാണ് പ്രധാന ഗുണം.
പൂര്‍ണമായും ഓട്ടമാറ്റിക് സാങ്കേതികവിദ്യയാണെങ്കിലും സിസിടിവി അടക്കമുള്ളവ ദേശീയ പാതകളില്‍ പലയിടത്തായി സ്ഥാപിച്ചിരിക്കും. നിരീക്ഷണത്തിനും പരാതി പരിഹാരത്തിനുമായിട്ടായിരിക്കും നിരീക്ഷണ കാമറകള്‍ പ്രധാനമായും ഉപയോഗിക്കുക. നിലവില്‍ ഇന്ത്യയില്‍ ടോള്‍ ബൂത്തുകളില്‍ നിന്ന് ഏകദേശം 40,000 കോടി രൂപ ടോള്‍ ഇനത്തില്‍ പിരിക്കുന്നുവെന്നാണ് കണക്ക്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇത് 1.40 ലക്ഷം കോടി രൂപയായി കുതിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.