അതിവേഗ ചാർജിങ്, 966 കി.മീ റേഞ്ച്, 20 വര്‍ഷം ആയുസ്; സാംസങ്ങിന്റെ അദ്ഭുത ബാറ്ററി
Mail This Article
റേഞ്ച്, ചാര്‍ജിങ് സമയം, ആയുസ്... ഇതൊക്കെയാണ് ഇവി വാഹനങ്ങളിലെ ബാറ്ററികളുടെ പ്രധാന പ്രശ്നങ്ങള്‍. ഈ മൂന്നു പ്രശ്നവും ഒരു ബാറ്ററികൊണ്ടു പരിഹാരം കണ്ടിരിക്കുകയാണ് സാംസങ്. ഒമ്പതു മിനുറ്റില്‍ ചാര്‍ജു ചെയ്യാനാവുന്ന 966 കിലോമീറ്റര്‍ റേഞ്ചുമുള്ള സാംസങിന്റെ പുതിയ ബാറ്ററിക്ക് 20 വര്‍ഷം ആയുസുമുണ്ട്. ദക്ഷിണകൊറിയയിലെ സോളില്‍ നടക്കുന്ന എസ്എന്‍ഇ ബാറ്ററി ഡേ 2024 എക്സ്പോയിലാണ് ഈ ഭാവിയുടെ ബാറ്ററി സാംസങ് അവതരിപ്പിച്ചത്.
ഈ അദ്ഭുത ബാറ്ററിയുടെ പരീക്ഷം 2023 മുതല്‍ തന്നെ ആരംഭിച്ചുവെന്നാണ് സാംസങ് നല്കുന്ന വിവരം. 2027 മുതല്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനം തുടങ്ങാനാണ് പദ്ധതി. ഇതിനകം തന്നെ വൈദ്യുത വാഹന നിര്‍മാതാക്കള്‍ക്ക് ഈ ബാറ്ററി പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കുമായി സാംസങ് നല്‍കിയിട്ടുണ്ട്. ബാറ്ററിയെക്കുറിച്ച് മികച്ച പ്രകടനമാണ് ലഭിക്കുന്നതെന്ന് സാംസങിന്റെ ഉപവിഭാഗമായ സാംസങ് എസ്ഡിഐ അറിയിക്കുന്നു.
ഇന്നത്തെ വൈദ്യുത വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററിയേക്കാളും ഭാരവും വലിപ്പവും കുറഞ്ഞതും ഉയര്‍ന്ന സുരക്ഷയും ഉള്ളവയായിരിക്കും സാംസങിന്റെ പുതിയ സോളിഡ് സ്റ്റേറ്റ് ബാറ്ററി. ദ്രവ ഭാഗങ്ങള്‍ ഖര ഭാഗങ്ങളിലേക്കു മാറുന്നതു വഴി ബാറ്ററിയുടെ സുരക്ഷ വര്‍ധിക്കുമെന്നും സാംസങ് അവകാശപ്പെടുന്നു. കുറഞ്ഞ സ്ഥലം മതിയെന്നതുകൊണ്ടാണ് ഈ ബാറ്ററിയുടെ ഭാരം കുറയുന്നത്. പുതിയ ബാറ്ററി പ്രീമിയം വാഹനങ്ങള്ക്കായിട്ടായിരിക്കും സാംസങ് ഉത്പാദിപ്പിക്കുക. പുതിയ ബാറ്ററിയുടെ വില കൂടുതലായിരിക്കുമെന്ന സൂചനയും ഇതുവഴി സാംസങ് നല്കുന്നു.
സാംസങിന്റെ പുതിയ ബാറ്ററിയുടെ എനര്‍ജി ഡെന്‍സിറ്റി 500Wh/kg ആണ്. ശരാശരി സോളിഡ് സ്റ്റേറ്റ് ബാറ്ററികളുടെ നിലവിലെ എനര്‍ജി ഡെന്‍സിറ്റി 270Wh/kg ആണ്. പുതിയ ബാറ്ററിയുടെ കാര്യക്ഷമതയിലെ വ്യത്യാസം ഇതില്‍ നിന്നു തന്നെ പ്രകടമാണ്. ഒമ്പതു മിനുറ്റുകൊണ്ട് ചാര്‍ജ് ചെയ്യാനാവുമെന്ന് പറയുന്നത് വിശദീകരിക്കാന്‍ സാംസങ് തയ്യാറായിട്ടില്ല. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ലിഥിയം അയണ്‍ പ്രോസ്ഫേറ്റ്(എല്എഫ്പി), കൊബാള്‍ട്ട് ഫ്രീ ബാറ്ററികളും സാംസങ് നിര്‍മിച്ചെടുക്കുന്നുണ്ട്.
പൂജ്യത്തില്‍ നിന്നും 100 ശതമാനത്തിലേക്ക് ഒമ്പതു മിനുറ്റുകൊണ്ട് ബാറ്ററിയുടെ ചാര്‍ജ് എത്താനുള്ള സാധ്യത കുറവാണ്. 20% മുതല്‍ 80% വരെയുള്ള ചാര്‍ജിങ് സമയമാവാനാണ് സാധ്യത. നിലവില്‍ വിപണിയില്‍ ലഭ്യമായ വൈദ്യുത കാറുകള്‍ക്ക് 20%ത്തില്‍ നിന്നും 80ശതമാനത്തിലേക്കെത്താന്‍ 30 മിനുറ്റു മുതല്‍ നിരവധി മണിക്കൂറുകള്‍ വേണ്ടി വരും. ഇന്ത്യയിലെ പ്രമുഖ വൈദ്യുത കാര്‍ മോഡലുകളായ ടാറ്റ നെക്സോണ്‍ ഇവി, എംജി ZS EV എന്നിവക്ക് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജിലേക്കെത്താന്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 60 മിനുറ്റ് ആവശ്യമാണ്.
രാജ്യാന്തര തലത്തില്‍ തന്നെ മികച്ച ബാറ്ററികള്‍ക്കായി ശക്തമായ മത്സരം നടക്കുന്നുണ്ട്. സിഎടിഎല്‍ പോലുള്ള ചൈനീസ് നിര്‍മാതാക്കള്‍ കൂടുതല്‍ ആയുസും അതിവേഗ ചാര്‍ജിങുമുള്ള ലിത്തിയം അയേണ്‍ ബാറ്ററികളിലാണ് പരീക്ഷണം നടത്തുന്നത്. ഇന്ത്യയിലെ വൈദ്യുത സ്കൂട്ടര്‍ നിര്‍മാതാക്കളായ ഒല ഇലക്ട്രിക്കും പുതിയ സോളിഡ് സ്റ്റേറ്റ് ബാറ്ററി സാങ്കേതികവിദ്യയുടെ പരീക്ഷണത്തിലാണ്. നിലവിലെ ബാറ്ററികളെ അപേക്ഷിച്ച് അഞ്ചിരട്ടി കാര്യക്ഷമതയുള്ള ബാറ്ററികളാണ് നിര്‍മിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഒല ഇലക്ട്രിക് ചെയര്മാന് ഭവീഷ് അഗര്‍വാള്‍ അറിയിച്ചത്.