ഇവി 3 വർഷത്തിനുള്ളിൽ; ഓണം ലിമിറ്റഡ് എഡിഷൻ മോഡലുകളുമായി ഫോക്സ്‌വാഗൻ
Mail This Article
കൊച്ചി ∙ ഫോക്സ്‌വാഗൻ മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുമെന്നു ഫോക്സ്‌വാഗൻ ഇന്ത്യ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത. ജനപ്രിയ മോഡലായിരുന്ന ‘പോളോ’യുടെ ഉൽപാദനം പുനരാരംഭിക്കാൻ ആലോചിക്കുന്നില്ല. എന്നാൽ, വലിയ എസ്‌യുവികൾ അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട്.
പ്രീമിയം സെഗ്‌മെന്റിലാണു ശ്രദ്ധ നൽകുന്നത്. കേരളത്തിൽ 10% ശതമാനം വളർച്ചയാണു നേടുന്നത്. വെർട്യൂസ് മാത്രം നേടിയത് 38% വളർച്ച. കേരളം ഫോക്സ്‌വാഗന്റെ ഏറ്റവും പ്രധാന വിപണിയാണ്. പുതുതായി 6 ടച്ച് പോയിന്റുകൾ കൂടി ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ സിറ്റി സ്റ്റോറുകളും കൊച്ചിയിൽ ബോഡി ഷോപ്പും ആരംഭിച്ചു. കൊടുങ്ങല്ലൂരിലും പാലക്കാടും സെയിൽ ആൻഡ് സർവീസ് സെന്റർ ആരംഭിച്ചു. ഇതോടെ, വിൽപന കേന്ദ്രങ്ങൾ 21 ആയും സർവീസ് സെന്ററുകൾ 16 ആയും ഉയർന്നതായി അദ്ദേഹം പറഞ്ഞു.
ഓണത്തിനു മുന്നോടിയായി ഓണം ലിമിറ്റഡ് എഡിഷൻ വാഹനങ്ങൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി, സിഇഒ ഷെമീർ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവതരണം. വെർട്യൂസ്, ടൈഗുൻ എന്നിവയുടെ ഓണം ലിമിറ്റഡ് എഡിഷനാണ് അവതരിപ്പിച്ചത്. നിറം കറുപ്പ്. ആകെ 200 യൂണിറ്റുകൾ മാത്രം. എക്സ്ഷോറൂം വില – ടൈഗുൻ: 1.0 ലീറ്റർ ജിടി ലൈൻ മാനുവൽ 14,08,400 രൂപ, ഓട്ടമാറ്റിക് 15,63,400 രൂപ. വെർട്യൂസ്: 1.0 ലീറ്റർ ജിടി ലൈൻ മാനുവൽ 13,57,000 രൂപ. ഓട്ടമാറ്റിക് 14,82,000 രൂപ.