ബോളിവുഡിലെ ആദ്യത്തെ ലോട്ടസ് ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും
Mail This Article
രാജ് കുന്ദ്രയെ അറിയാത്തവർ ചുരുക്കമായിരിക്കും. ബിസിനസുകാരൻ എന്നതിനപ്പുറത്തേക്കു ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന മേൽവിലാസത്തിലാണ് രാജ് കുന്ദ്ര എല്ലാവർക്കും സുപരിചിതനാകുന്നത്. ബോളിവുഡിലെ ആദ്യത്തെ ലോട്ടസ് ഇലട്രേ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ഭർത്താവ്.
ബ്രിട്ടിഷ് സ്പോർട്സ് കാർ നിർമാതാക്കളായ ലോട്ടസിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള പ്രവേശനം ഈ എസ്‌യുവിയോടെയായിരുന്നു. ഏകദേശം 2.55 കോടി രൂപ വരും ലോട്ടസിന്റെ ഈ ഇലക്ട്രിക് എസ്‌യുവിയ്ക്ക്. കഴിഞ്ഞ വർഷം വാഹനം ഇന്ത്യയിലെത്തിയെങ്കിലും സെലിബ്രിറ്റികൾ ആരും തന്നെ സ്വന്തമാക്കിയിരുന്നില്ല. ഗ്രീൻ ഷെയ്ഡാണ് വാഹനത്തിനായി രാജ് കുന്ദ്ര തിരഞ്ഞെടുത്തത്.
ലോട്ടസിന്റെ മറ്റു വാഹനങ്ങളെ അനുസ്മരിപ്പിക്കും ഈ വാഹനത്തിന്റെയും പുറംകാഴ്ചകൾ. സ്പ്ലിറ്റ് ഹെഡ്‍ലാംപുകളും വലിയ ലോവർ എയർ ഡാമും കൂർത്ത മുൻഭാഗവുമൊക്കെ വാഹനത്തിനു ഒരു ചൈനീസ് ടച്ച് സമ്മാനിക്കുന്നുണ്ട്.
വളരെ പുതുമ തോന്നുന്നതാണ് വാഹനത്തിന്റെ അകകാഴ്ചകൾ. 15.1 ഇഞ്ച് ലാൻഡ്‌സ്‌കേപ് ഓറിയന്റഡ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മേൽഭാഗത്തുള്ള സ്പ്ലിറ്റ് സ്‌പോയ്‌ലർ പോലെ എസ്‌യുവിയുടെ ഡാഷ് ബോർഡും സ്പ്ലിറ്റ് ചെയ്തിട്ടുള്ളതാണ്. ചുറ്റും ലൈറ്റും നൽകിയിരിക്കുന്നു.
വോയ്‌സ് കമാൻഡിലൂടെയും ടച്ച് സ്‌ക്രീനിലൂടെയും മാത്രമല്ലാതെ, ചില പ്രത്യേക ഫങ്ക്ഷനുകൾക്കു ടോഗിൾ സ്വിച്ചുകളും നൽകിയിട്ടുണ്ട്. നാലോ അഞ്ചോ സീറ്റ് കോൺഫിഗറേഷനോടെ എസ്‌യുവി ലഭിക്കും. ഇതിൽ ഏതാണ് രാജ് കുന്ദ്ര വാങ്ങിയതെന്ന് വ്യക്തമല്ല. വയർലെസ് ചാർജിങ്, അഡ്ജസ്റ്റബിൾ മുൻസീറ്റുകൾ, 4 സോൺ ക്ലൈമറ്റ് കൺട്രോൾ, ലിഡാർ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ എഡിഎഎസ് തുടങ്ങി നിരവധി ഫീച്ചറുകൾ ഈ വാഹനത്തിലുണ്ട്.
ഇലട്രേ, ഇലട്രേ എസ്, ഇലട്രേ ആർ എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഇലട്രേ, ഇലട്രേ എസ് എന്നീ വേരിയന്റുകളിൽ 603 എച്ച്‌പി, 710 എൻഎം എന്നിവ ഉൽപാദിപ്പിക്കുന്ന ഇരട്ട മോട്ടറുകളാണ്. പരമാവധി റേഞ്ച് 600 കിലോമീറ്റർ. ഇലട്രേ ആറിൽ 905 എച്ച് പി 985 എൻ എം പവറും ഉല്പാദിപ്പിക്കുന്ന ഇരട്ട മോട്ടറുകളും 2 സ്പീഡ് ട്രാൻസ്മിഷനും ഉപയോഗിക്കുന്നു. 490 കിലോമീറ്ററാണ് പരമാവധി റേഞ്ച്.