ADVERTISEMENT

ടാറ്റയുടെ അഞ്ചാമത്തെ ഇലക്ട്രിക് വാഹനം കർവ് ഇവി വിപണിയിൽ. ഏഴു മോഡലുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ എക്സ്ഷോറൂം വില 17.49 ലക്ഷം രൂപ മുതൽ 21.99 ലക്ഷം രൂപ വരെയാണ്. രണ്ട് ബാറ്ററി പായ്ക്കുകളിലായിരിക്കും പുതിയ വാഹനം വിപണിയിൽ എത്തുക. മീഡിയം റേഞ്ചിൽ 45 കിലോവാട്ട് ബാറ്ററിയും ലോങ് റേഞ്ചിൽ 55 കിലോവാട്ട് ബാറ്ററിയുമാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 45 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 502 കിലോമീറ്റർ റേഞ്ചും 55 കിലോവാട്ട് ബാറ്ററി പായ്ക്ക് മോഡലിന് 585 കിലോമീറ്റർ റേഞ്ചുമുണ്ടാകും. 

tata-curvv-price

രണ്ട് മോഡലുകളിലും 167 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറാണ് ഉപയോഗിക്കുന്നത്. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.6 സെക്കൻഡ് മാത്രം മതി വാഹനത്തിന്. 15 മിനിറ്റ് ചാർജിൽ 150 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള റേഞ്ച് ലഭിക്കുന്ന വാഹനത്തിന് 70 kW ചാർജർ ഉപയോഗിച്ചാൽ 10ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ 40 മിനിറ്റ് മാത്രം മതി. ഇലക്ട്രിക് വാഹനത്തിനൊടൊപ്പെം പെട്രോൾ, ഡീസൽ മോഡലും ടാറ്റ പ്രദർശിപ്പിച്ചു.

tata-curvv-ev-2

എക്സ്റ്റീരിയര്‍

ഇലക്ട്രിക് മോഡലിനും ഇന്റേണൽ കംപസ്റ്റ്യൻ എൻജിൻ മോഡലിനും തമ്മിൽ ചെറിയ വ്യത്യാസം മാത്രമാണുള്ളത്. ടാറ്റ പഞ്ച് ഇവിയിലേതു പോലെ മുന്നിലാണ് ചാര്‍ജിങ് സംവിധാനം. ഐസിഇ മോഡലിലും ഇവിയിലും ട്രയാങ്കുലര്‍ ഹെഡ്‌ലൈറ്റുകളാണ് നല്‍കിയിരിക്കുന്നത്. അതേസമയം ബംപറിലും ഗ്രില്ലിലും മാറ്റങ്ങളുണ്ട്. ഡിആര്‍എല്‍ കാറിന്റെ വീതിയില്‍ നീണ്ടു കിടക്കുന്നു. 

tata-curvv-ev-1

മുന്നില്‍ നിന്നു നോക്കിയാല്‍ കാണുന്ന നെക്‌സോണിനോടുള്ള സാമ്യത വശങ്ങളില്‍ കര്‍വില്‍ ഇല്ല. നീളം കൂടിയ റൂഫ്‌ലൈന്‍ ചെരിഞ്ഞിറങ്ങുന്ന കൂപെ ഡിസൈന്‍ വശങ്ങളില്‍ നിന്ന് കൂടുതല്‍ വ്യക്തമാവും. സ്പോർട്ടി ലുക്കുള്ളഅലോയ് വീലുകളാണ് നല്‍കിയിട്ടുള്ളത്.  പിന്നിലേക്കു വന്നാല്‍ രണ്ടിലും റൂഫ് ടോപ് മൗണ്ടഡ് സ്‌പോയ്‌ലര്‍ നല്‍കിയിരിക്കുന്നു. ടെയില്‍ ലൈറ്റ് യൂണിറ്റ് പിന്നില്‍ ടാറ്റയുടെ മുകളില്‍ രണ്ട് അറ്റങ്ങളിലേക്കും പരന്നു കിടക്കുന്നു. 

K1 side curvv final

ഇന്റീരിയര്‍ 

ഇപ്പോഴും കര്‍വിന്റെ ഇന്റീരിയര്‍ സവിശേഷതകള്‍ ടാറ്റ മോട്ടോഴ്‌സ് പുറത്തുവിട്ടിട്ടില്ല. ടു സ്‌പോക് സ്റ്റീറിങ് വീല്‍, ഫ്‌ളോട്ടിങ് ടച്ച്‌സ്‌ക്രീന്‍, ടച്ച് പാനല്‍ കണ്‍ട്രോള്‍സ് എന്നിങ്ങനെയുള്ള നെക്‌സോണിലെ ഫീച്ചറുകള്‍ കര്‍വിലും പ്രതീക്ഷിക്കാം. കൂടുതല്‍ കളര്‍ സ്‌കീമുകളില്‍ കര്‍വ് എത്താനും സാധ്യതയുണ്ട്. ഇന്റീരിയറിലും നിറങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് സാധ്യത ഏറെ. 

ഫീച്ചറുകളും സുരക്ഷയും

ഇന്റീരിയിലും ഇരു മോഡലുകള്‍ക്കും ഒരേ ലേഔട്ടാണ്. ഇലക്ട്രിക് മോഡലിന് വൈറ്റും ഗ്രേയും ചേർന്ന ലേഔട്ടാണെങ്കിൽ ഐസ് മോഡലിന് റെഡും ഗ്രേയും ഫിനിഷാണ്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീനും 10.25 ഫുള്ളി ഡിജിറ്റൽ ഡ്രൈവര്‍ ഡിസ്‌പ്ലേയും വെന്റിലേറ്റഡ് മുന്‍ സീറ്റുകളും പനോരമിക് സണ്‍ റൂഫും ഇവി, ഐസിഇ മോഡലുകളില്‍ ഉണ്ടാവും. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ വിത്ത് ബ്ലൈന്‍ഡ് വ്യൂ മോണിറ്റര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സൗകര്യങ്ങളുള്ള അഡാസ് ഫീച്ചറുകളുമായാണ് കര്‍വിന്റെ വരവ്. 20 അഡ്വാൻസിഡ് ഫീച്ചറുകളുള്ള എഡിഎഎസ് ലെവൽ 2 സാങ്കേതിക വിദ്യയാണ്. കൂടാതെ ഓട്ടമാറ്റിക്ക് ചാർജിങ് ലിഡ് ക്ലോസ്, ജെസ്റ്റർ കൺട്രോൾഡ് മോട്ടറൈസിഡ് ടെയിൽ ഗേറ്റ്, 500 ലീറ്റർ ബുട്ട് സ്പെയിസ് എന്നിവയുണ്ട്. 

Tata Curvv
Tata Curvv

പെട്രോൾ, ഡീസൽ മോഡലുകൾ

രണ്ട് പെട്രോൾ, ഒരു ഡീസൽ എൻജിൻ മോഡലുകൾ കർവിനുണ്ട്. 1.2 ലീറ്റർ ഹൈപ്രോൺ പെട്രോൾ, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റർ ഡീസൽ എൻജിനുകളുണ്ട്. 1.2 ലീറ്റർ ഹൈബ്രോൺ എൻജിൻ 120 എച്ച്പി കരുത്തു നൽകുമ്പോൾ ടർബോ പെട്രോൾ എൻജിൻ 125 എച്ച്പി കരുത്തും 1.5 ലീറ്റർ ഡീസൽ എൻജിൻ 115 ബിഎച്ച്പി കരുത്തും നൽകും. പെട്രോള്‍ എന്‍ജിനില്‍ 6 സ്പീഡ് എംടി/7 സ്പീഡ് ഡിസിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുണ്ട് മൂന്ന് എൻജിൻ മോഡലിലും.

English Summary:

Tata Motors Launches Fifth Electric Vehicle: The Curve EV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com