വാഹനപ്രേമികള്‍ കാത്തിരിക്കുന്ന പുത്തൻ ഥാർ എത്തുന്നു; ഫാമിലി കാറായും ഉപയോഗിക്കാം
Mail This Article
ഇന്ത്യയിലെ ജനകീയ ഓഫ് റോഡറെന്ന കിരീടം സ്വന്തമായുള്ളപ്പോഴും ഥാറില്‍ വരുത്തേണ്ട കുറച്ചു മാറ്റങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി മുറവിളികള്‍ ഉയരുന്നുണ്ട്. ഓഫ് റോഡര്‍ എന്നതിനൊപ്പം ഫാമിലി കാറായും ഉപയോഗിക്കാവുന്ന രീതിയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നതാണ് ഇതില്‍ പ്രധാനം. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ് ഥാറിന്റെ പുതിയ അവതാരമായ മഹീന്ദ്ര ഥാര്‍ റോക്സിന്റെ വരവ്. ഓഗസ്റ്റ് 15ന് ഔദ്യോഗികമായി പുറത്തിറങ്ങുന്ന ഥാര്‍ റോക്സിന്റെ ചിത്രങ്ങളും പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു.
വാഹനപ്രേമികള്‍ 2024 ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന വാഹനം ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മഹീന്ദ്ര ഥാര്‍ റോക്സ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിലേറെയായി ഥാര്‍ റോക്സിനെ അണിയറയില്‍ മഹീന്ദ്ര ഒരുക്കി കൊണ്ടിരിക്കുകയാണ്. മഹീന്ദ്രയുടെ എക്കാലത്തേയും വിജയിച്ച വാഹനങ്ങളിലൊന്നായ 3 ഡോര്‍ ഥാറിന്റെ പാത തന്നെ 5 ഡോര്‍ ഥാറും പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഥാര്‍ റോക്സിനെക്കുറിച്ച് നിരവധി പേര്‍ക്കുള്ള സംശയങ്ങളുടെ മറുപടികള്‍ നോക്കാം.
എന്നു വരും?
സ്വാന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്ന മഹീന്ദ്രയുടെ ശീലത്തിന്റെ ഭാഗമായി വരുന്ന സ്വാതന്ത്ര്യ ദിനത്തിലാണ് റോക്സിന്റെ വിശദാംശങ്ങളും കമ്പനി ഔദ്യോഗികമായി പുറത്തുവിടുക. ഓഗസ്റ്റ് 15 മുതല്‍ തന്നെയാവും വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങും ആരംഭിക്കുക. അങ്ങനെയാണെങ്കിലും അനൗദ്യോഗികമായി ചില ഡീലര്‍മാര്‍ പ്രീ ബുക്കിങും ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്ജിന്
2009 മുതല്‍ മഹീന്ദ്ര വിവിധ മോഡലുകള്‍ക്ക് ഉപയോഗിക്കുന്ന mHawk എന്ജിന് തന്നെയാവും ഥാര്‍ റോക്സിലുമുണ്ടാവുക. സ്മൂത്തായ ഡ്രൈവിങിനൊപ്പം കാര്യക്ഷമതക്കും കരുത്തിനും പേരുകേട്ട എന്‍ജിനാണിത്. mHawk Gen2 ഡീസല്‍ എന്‍ജിനാണ് ഥാര്‍ റോക്സിലെത്തുക. 2.2 ലീറ്റര്‍ ഡീസല്‍ എന്ജിന് 150എച്ച്പി മുതല്‍ 172 എച്ച്പി വരെ കരുത്തും 330എന്‍എം മുതല്‍ 380എന്‍എം വരെ പരമാവധി ടോര്‍ക്കും വിവിധ മോഡലുകള്‍ക്കായി പുറത്തെടുക്കും.
സ്കോര്‍പിയോ എന്‍, എക്സ് യു വി 700 എന്നിവയില്‍ ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊരു എന്ജിന് ഓപ്ഷന്. എന്‍ട്രി ലെവല്‍ മോഡലില്‍ 160 എച്ച്പി കരുത്തും 330എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഉയര്‍ന്ന വകഭേദത്തില്‍ ഇതേ എന്ജിന് 175എച്ച്പി കരുത്തും 380എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക.
എന്താണ് വ്യത്യാസം?
നിലവില്‍ വിപണിയിലുള്ള ഥാറിനേക്കാള്‍ എന്തൊക്കെയാണ് 5 ഡോര്‍ ഥാറില്‍ വ്യത്യാസങ്ങളുണ്ടാവുകയെന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം. ആദ്യത്തെ ഉത്തരം പിന്നില്‍ രണ്ടു ഡോറുകള്‍ കൂടി ചേരുന്നതോടെ വാഹനം കൂടുതല്‍ ഫാലിമി ഫ്രണ്ട്ലിയാവുമെന്നതാണ്. കൂടുതല്‍ വലിയ വീല്‍ബേസാണ് മറ്റൊരു സവിശേഷത. സ്കോര്‍പിയോ എന്നിലെ ലാഡര്‍ ഫ്രെയിം ചേസിസിനോടാണ് പുതിയ ഥാറിന് സാമ്യത കൂടുതല്‍. സ്കോര്‍പിയോ എന്നിന്റെ സസ്പെന്‍ഷനും പുതിയ ഥാറിലേക്കെത്തുന്നതോടെ റോഡിലെ പ്രകടനം മെച്ചപ്പെടും.
പുതിയ ഥാര്‍ റോക്സിന്റെ ഗ്രില്‍ ഡബിള്‍ സ്റ്റാക്ഡ് സിക്സ് സ്ലോട്ട് ഡിസൈനിലാണ് വരുന്നത്. 3 ഡോര്‍ ഥാറില്‍ ഇത് സെവന് സ്ലോട്ട് വണ്‍ ഡിസൈനിലായിരുന്നു. ഥാറിന്റെ പ്രധാന ഡിസൈന്‍ സവിശേഷതകളിലൊന്നായ വൃത്താകൃതിയിലുള്ള ഹെഡ്ലാംപ് തുടരുന്നുണ്ട്. എന്നാല്‍ എല്‍ഇഡി പ്രൊജക്ടര്‍ ലാംപും പുതിയ C രൂപത്തിലുള്ള ഡിആര്‍എല്ലുകളുമാണ് 5 ഡോര്‍ ഥാറിലുണ്ടാവുക.
ഫീച്ചറുകള്‍
ഫീച്ചറുകളുടെ കാര്യത്തിലും പുതിയ ഥാര്‍ റോക്സ് മുന്നിലാണ്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാംപ്, 360 ഡിഗ്രി ക്യാമറ, പുഷ് ബട്ടന് സ്റ്റാര്‍ട്ട്, ഫ്രണ്ട് ആന്റ് സെന്റര്‍ ആംറെസ്റ്റ്, ലെതറേറ്റ് സീറ്റ് അപ്പോള്‍സ്ട്രി, റിയര്‍ എസി വെന്റുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സുരക്ഷയുടെ കാര്യത്തിലും ഥാര്‍ റോക്സ് പിന്നിലല്ല. അഡാസ് ലെവല്‍ 2 സുരക്ഷാ ഫീച്ചറുകളാണ് ഥാര്‍ റോക്സില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. പിന്നിലും ഡിസ്ക് ബ്രേക്കുകളും ഥാര്‍ റോക്സിലുണ്ടാവും.
ഇത്രയേറെ ഫീച്ചറുകളും വലിപ്പവും ഡോറുകളുടെ എണ്ണവും കൂടുമെങ്കിലും ഥാര്‍ റോക്സ് 5 സീറ്റര്‍ വാഹനം തന്നെയായിരിക്കും. രണ്ടാം നിരയില്‍ ബെഞ്ച് സീറ്റാണ് നല്‍കിയിരിക്കുന്നത്. നടുവിലായി ആംറെസ്റ്റുകളും നല്കിയിരിക്കുന്നു. വലിപ്പം വര്‍ധിച്ചതിനൊപ്പം വാഹനത്തിന്റെ ബൂട്ട് സ്പേസിലും വര്‍ധനവുണ്ടായിട്ടുണ്ട്. 3 ഡോര്‍ ഥാറിന്റെ ഈ പരിമിതിയും പുതിയ 5 ഡോര്‍ ഥാര്‍ റോക്സ് മറികടക്കുന്നു. മഹീന്ദ്ര ഥാര്‍ റോക്സിന്റെ വിലയും മറ്റു വിശദാംശങ്ങളും ഓഗസ്റ്റ് 15നായിരിക്കും കമ്പനി പുറത്തുവിടുക.