ADVERTISEMENT

ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഹാച്ച്ബാക്ക് വില്‍പനയില്‍ 15.13 ശതമാനത്തിന്റെ ഇടിവ്. ജൂലൈ മാസത്തിലെ ഹാച്ച്ബാക്ക് വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മാരുതിയുടെ ചില മോഡലുകളും എംജി കോമറ്റും സിട്രോണ്‍ ഇസി3ഇവിയും അല്ലാതെ എല്ലാ മോഡലുകളും വില്‍പനയില്‍ തിരിച്ചടി നേരിട്ടു. 2023 ജൂലൈയില്‍ 97,595 കാറുകള്‍ വിറ്റ സ്ഥാനത്ത് ഇക്കഴിഞ്ഞ ജൂലൈയില്‍ 82,831 ഹാച്ച്ബാക്കുകള്‍ മാത്രമാണ് ഇന്ത്യയില്‍ വിറ്റു പോയത്. വാര്‍ഷിക വില്‍പനയിലെ കുറവ് 14,764 യൂണിറ്റുകള്‍. 

ജൂലൈയിലെ വില്‍പനയില്‍ മുന്നിലുള്ള ഹാച്ച് ബാക്ക് മാരുതി സ്വിഫ്റ്റാണ്. പുതു തലമുറ സ്വിഫ്റ്റിന്റെ 16,854 യൂണിറ്റുകളാണ് ജൂലൈയില്‍ മാരുതി വിറ്റത്. അപ്പോഴും കഴിഞ്ഞ വര്‍ഷം ജൂലൈ മാസവുമായി(17,896) താരതമ്യപ്പെടുത്തുമ്പോള്‍ സ്വിഫ്റ്റിന്റെ വില്‍പന 5.82 ശതമാനം കുറഞ്ഞിരിക്കുകയാണ്. എങ്കിലും ഇപ്പോഴും ഇന്ത്യന്‍ ഹാച്ച് ബാക്ക് വിപണിയുടെ 20.35ശതമാനവും സ്വിഫ്റ്റിന് അവകാശപ്പെട്ടതാണ്. 

ജൂലൈയിലെ കണക്കുകളില്‍ ഏറ്റവും മികച്ച പ്രകടനം ആരുടേതെന്ന ചോദ്യത്തിനുത്തരമാണ് മാരുതി വാഗണ്‍ ആര്‍. 16,191 വാഗണ്‍ ആറുകളാണ് ജൂലൈയില്‍ മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 3,221 വാഗണ്‍ ആറുകള്‍ കൂടുതല്‍ വില്‍ക്കാനും മാരുതിക്ക് സാധിച്ചു. വാര്‍ഷിക വില്‍പനയില്‍ 24.83 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാഗണ്‍ ആറിന് ഇന്ത്യന്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ 19.55 ശതമാനം വിപണി വിഹിതവുമുണ്ട്.  

മാരുതിയുടെ മറ്റൊരു മോഡലായ ബലേനോയിലേക്കു വരുമ്പോള്‍ മൂന്നാം സ്ഥാനമുണ്ടെങ്കിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2024 ജൂലൈയില്‍ 9,309 യൂണിറ്റുകള്‍ വിറ്റ ബലേനോ 2023 ജൂലൈയില്‍ 16,725 യൂണിറ്റുകള്‍ വിറ്റിരുന്നു. പട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളപ്പോഴും മാരുതിയെ ആശങ്കപ്പെടുത്തുന്നതാണ് ബലേനോയുടെ കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ബലേനോയുടെ വില്‍പനയില്‍ -44.34 ശതമാനമാണ് ഇടിവു രേഖപ്പെടുത്തിയിരിക്കുന്നത്. 

നാലാംസ്ഥാനത്ത് ജനകീയ ഹാച്ച്ബാക്കായ മാരുതി ഓള്‍ട്ടോയാണ്. ഇക്കഴിഞ്ഞ ജൂലൈയില്‍ 7,353 ഓള്‍ട്ടോകള്‍ വിറ്റ മാരുതി 2023 ജൂലൈയില്‍ 7,099 ഓള്‍ട്ടോകളാണ് വിറ്റിരുന്നത്. ഓള്‍ട്ടോക്ക് ഹാച്ച്ബാക്ക് വിപണിയില്‍ 8.88 ശതമാനം വിപണി പങ്കാളിത്തമുണ്ട്. ആദ്യ നാലു സ്ഥാനങ്ങളും നേടിക്കൊണ്ട് ഹാച്ച്ബാക്ക് വിപണിയിലെ മേല്‍ക്കോയ്മ മാരുതി തുടരുകയാണ്. 

ഹാച്ച്ബാക്ക് വില്‍പനയില്‍ ടാറ്റയുടെ പ്രകടനം സമ്മിശ്രമാണ്. ഇവി മോഡല്‍ അടക്കമുള്ള ടാറ്റ ടിയാഗോക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 36.93 ശതമാനം ഇടിവു നേരിടേണ്ടി വന്നു. പട്ടികയില്‍ അഞ്ചാമതുള്ള ടിയാഗോയുടെ 5,665 യൂണിറ്റുകളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 8,982 യൂണിറ്റുകളായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പനയില്‍ 39.93 ശതമാനത്തിന്റെ ഇടിവ്. ടാറ്റ ആള്‍ട്രോസിനും വലിയ തിരിച്ചടി(-55.94%) നേരിടേണ്ടി വന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4,373 യൂണിറ്റുകള്‍ കുറവാണ് ആള്‍ട്രോസ് വിറ്റു പോയത്. ഇക്കഴിഞ്ഞ ജൂലൈയില്‍ ആകെ 3,444 ആള്‍ട്രോസുകള്‍ മാത്രമേ ടാറ്റക്ക് വില്‍ക്കാനായുള്ളൂ. 

ഹ്യുണ്ടേയുടെ ഹാച്ച്ബാക്ക് മോഡലുകളാ ഐ20യും ഐ10 നിയോസും തിരിച്ചടി നേരിട്ടെങ്കിലും പിടിച്ചു നിന്നു. ഐ20 ഇക്കഴിഞ്ഞ ജൂലൈയില്‍ വിറ്റത് 4,937 യൂണിറ്റുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 64 യൂണിറ്റ് കുറവ്. ഐ10 നിയോസ് ആവട്ടെ 4,922 യൂണിറ്റുകള്‍ കഴിഞ്ഞ മാസം വിറ്റു. കഴിഞ്ഞ വര്‍ഷം ജൂലൈയിലെ വില്‍പനയെ അപേക്ഷിച്ച് ഐ10 നിയോസിന്റെ വില്‍പനയില്‍ 7.78 ശതമാനം കുറവുണ്ടായി. ബലേനോയുടെ ടൊയോട്ട വകഭേദമായ ഗ്ലാന്‍സയും ജൂലൈയിലെ(4,836) വില്‍പനയില്‍ തിരിച്ചടി നേരിട്ടു. മുന്‍ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 1.35 ശതമാനമാണ് വില്‍പനയിലെ കുറവ്. 

2,607 യൂണിറ്റുകള്‍ വിറ്റ മാരുതി എസ് പ്രസോ മുന്‍ വര്‍ഷം ജൂലൈ മാസത്തെ അപേക്ഷിച്ച് 4.66% വില്‍പന വളര്‍ച്ചയും നേടി. എന്നാല്‍ മാരുതിയുടെ മറ്റു മോഡലുകളായ സെലേറിയോയും(-14.79) ഇഗ്നിസും(-31.24) തിരിച്ചടി നേരിട്ടു. 565 യൂണിറ്റുകള്‍ മാത്രം വില്‍ക്കാനായ ക്വിഡിനും(-25.85%) ജൂലൈയിലെ കണക്കുകള്‍ തിരിച്ചടിയാണ്. അതേസമയം എംജി മോട്ടോഴ്‌സിന്റെ കോമറ്റ് ഇവി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7.43 ശതമാനം വില്‍പന വളര്‍ച്ച നേടി. ഇക്കഴിഞ്ഞ ജൂലൈയില്‍ 1,200 കോമറ്റ് ഇവിയാണ് എംജി മോട്ടോഴ്‌സ് വിറ്റത്. 

ഹാച്ച്ബാക്ക് വിഭാഗത്തിലെ പുതുക്കക്കാരായ സിട്രോണ്‍ മികച്ച പ്രകടനമാണ് നടത്തിയത്. 2024 ജൂലൈയില്‍ 177 ഇസി3 ഇവികള്‍ വിറ്റ സിട്രോണ്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ മോഡലിന്റെ കാര്യത്തില്‍ 261.22% വില്‍പന വളര്‍ച്ച നേടി. അതേസമയം സിട്രോണ്‍ സി3 72.81% ഇടിവാണ് വില്‍പനയില്‍(90 യൂണിറ്റ്) രേഖപ്പെടുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com