ADVERTISEMENT

സ്വാതന്ത്ര്യദിനത്തില്‍ 5 ഡോര്‍ ഥാര്‍ റോക്‌സ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. വില 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം രൂപവരെയാണ്. ഈ പ്രാരംഭ വിലയിൽ ഭാവിയില്‍ മാറ്റം വന്നേക്കാമെന്ന സൂചനയും മഹീന്ദ്ര നല്‍കുന്നുണ്ട്. നിലവില്‍ വിപണിയിലുള്ള 3 മൂന്നു ഡോര്‍ ഥാറില്‍ നിരവധി മാറ്റങ്ങളോടെയാണ് പുതിയ 5 ഡോര്‍ ഥാറിന്റെ വരവ്. ഇതില്‍ പലതും ഏറെക്കാലമായി വാഹനപ്രേമികളില്‍ നിന്നുള്ള ആവശ്യങ്ങളുമായിരുന്നു. എന്തൊക്കെയാണ് 5 ഡോര്‍ ഥാറിന് 3 ഡോര്‍ ഥാറിനെ അപേക്ഷിച്ചുള്ള വ്യത്യാസങ്ങള്‍? വിശദമായി നോക്കാം. 

mahindra-thar-roxx-9

സ്‌റ്റൈലിങും ഓഫ് റോഡിങും

3 ഡോര്‍ ഥാറില്‍ നിന്നും ഡിസൈനില്‍ വലിയ മാറ്റങ്ങള്‍ 5 ഡോര്‍ ഥാര്‍ റോക്‌സില്‍ മഹീന്ദ്ര വരുത്തിയിട്ടില്ല. എങ്കിലും ഫ്രണ്ട് ഗ്രില്ലില്‍ അടക്കം മാറ്റങ്ങളുമുണ്ട്. ഥാര്‍ റോക്‌സിന്റെ അടിസ്ഥാന വകഭേദം മുതല്‍ C രൂപത്തിലുള്ള എല്‍ഇഡി ഡിആര്‍എല്ലും എല്‍ഇഡി ഹെഡ്‌ലാംപുകളും ടെയില്‍ലാംപുകളും വരുന്നു. ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഥാര്‍ റോക്‌സിന്റെ മറ്റൊരു പ്രധാന സവിശേഷത. 3 ഡോര്‍ ഥാറില്‍ 18 ഇഞ്ച് അലോയ് വീലെങ്കില്‍ ഥാര്‍ റോക്‌സില്‍ 19 ഇഞ്ചാണ്. സൈഡ് പ്രൊഫൈലില്‍ ഇത് ഥാര്‍ റോക്‌സിന് കൂടുതല്‍ വിശാലമായ രൂപം നല്‍കുന്നുണ്ട്. 

Mahindra Thar
Mahindra Thar

നീളവും വീതിയും കൂടുതലുള്ള റണ്ണിങ് ബോര്‍ഡുകളാണ് 5 ഡോര്‍ ഥാര്‍ റോക്‌സിലുള്ളത്. പിന്നിലെ വീര്‍ ആര്‍ക്കുകള്‍ ചതുരാകൃതിയിലാണ്. റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസാണ് 3 ഡോറിനെ അപേക്ഷിച്ച് 5 ഡോര്‍ ഥാറിലുള്ള മറ്റൊരു സവിശേഷത. 3 ഡോര്‍ ഥാറില്‍ അഞ്ച് നിറങ്ങളാണ് ലഭ്യമായിട്ടുള്ളതെങ്കില്‍ റോക്‌സില്‍ ഏഴ് നിറങ്ങള്‍ വരുന്നുണ്ട്. 

mahindra-thar-roxx-4

ഥാര്‍ 3 ഡോറിനെ അപേക്ഷിച്ച് റോക്‌സ് ആകെ മൊത്തം വലിപ്പം കൂടുതലുള്ള വാഹനമാണ്. 443എംഎം നീളവും 50 എംഎം വീതിയും 79 എംഎം വരെ ഉയരവും ഥാര്‍ റോക്‌സിന് കൂടുതലുണ്ട്. വീല്‍ ബേസിന്റെ കാര്യത്തിലായാലും 400 എംഎമ്മിന്റെ മുന്‍തൂക്കം ഥാര്‍ റോക്‌സിനാണ്. അനായാസം അഞ്ചു പേരെ ഉള്‍ക്കൊള്ളാന്‍ ഥാര്‍ റോക്‌സിനാവും. റോഡ് പ്രസന്‍സിന്റെ കാര്യത്തിലും ഈ വലിപ്പക്കൂടുതല്‍ ഥാര്‍ റോക്‌സിന് ഗുണം ചെയ്യും. 

Thar Brochure 40 pages 3rd copy

മഹീന്ദ്ര ഥാര്‍ എടുക്കുന്നവരില്‍ വലിയൊരു പങ്കും ഓഫ് റോഡിങ് ഹരമാക്കിയവരാണ്. 3 ഡോര്‍ ഥാറിന്റെ ഓഫ് റോഡിങ് മികവ് 5 ഡോര്‍ റോക്‌സിലേക്കെത്തിയപ്പോള്‍ ഒട്ടും കുറഞ്ഞിട്ടില്ല. വാട്ടര്‍ വേഡിങില്‍(650എംഎം) ഒപ്പത്തിനൊപ്പമുള്ള റോക്‌സ് അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകളില്‍ 3 ഡോര്‍ ഥാറിനേക്കാള്‍ ഒരു പടി മുന്നിലുണ്ട്. ഇത് 3 ഡോര്‍ ഥാറിനേക്കാള്‍ ഓഫ് റോഡിങ് കരുത്തുള്ള വാഹനമാക്കി ഥാര്‍ റോക്‌സിനെ മാറ്റുന്നുണ്ട്. ഓഫ് റോഡിങ് സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് ഫാമിലി കാറിന്റെ ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിക്കുകയെന്ന ഏറെക്കാലമായി ഉയരുന്ന ആവശ്യത്തിന് മഹീന്ദ്ര ചെവികൊടുത്തെന്നു വേണം പറയാന്‍. 

mahindra-thar-roxx-3

ഫീച്ചറുകള്‍

ഫീച്ചറുകളിലേക്കു വന്നാല്‍ 3 ഡോറിനെ മലര്‍ത്തിയടിക്കുന്നുണ്ട് 5 ഡോര്‍ ഥാര്‍. പനോരമിക് സണ്‍ റൂഫ്, പവേഡ് ആന്റ് വെന്റിലേറ്റഡ് സീറ്റുകള്‍, ഹര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം എന്നിങ്ങനെയുള്ള ജനപ്രിയ ഫീച്ചറുകള്‍ മഹീന്ദ്ര 5 ഡോര്‍ ഥാര്‍ റോക്‌സിന് നല്‍കിയിട്ടുണ്ട്. ഇരട്ട 26.03 സെമീ ഡിജിറ്റല്‍ സ്‌ക്രീനുകളും ആന്‍ഡ്രോയിഡ് ഓട്ടോ/ ആപ്പിള്‍ കാര്‍പ്ലേ സൗകര്യവും ഥാര്‍ റോക്‌സിലുണ്ട്. സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള വാഹനമാണ് ഥാര്‍ റോക്‌സ്. ഡ്രൈവര്‍, പാസഞ്ചര്‍ എയര്‍ബാഗുകള്‍ക്കു പുറമേ സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകളും എല്ലാ വകഭേദത്തിലുമുണ്ട്. 10 ലെവല്‍ അഡാസ് 2 സുരക്ഷാ ഫീച്ചറുകളാണ് മഹീന്ദ്ര ഥാര്‍ റോക്‌സില്‍ നല്‍കിയിരിക്കുന്നത്. 

Thar Brochure 40 pages 3rd copy

പവര്‍ട്രെയിന്‍

ഒരു ഡീസല്‍, ഒരു പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് മഹീന്ദ്ര റോക്‌സിലുള്ളത്. 3 ഡോര്‍ ഥാറില്‍ രണ്ട് ഡീസല്‍, രണ്ട് പെട്രോള്‍ ഓപ്ഷനുകളുണ്ട്. ഥാര്‍ റോക്‌സിന്റെ 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് 3 ഡോര്‍ ഥാറിനെ അപേക്ഷിച്ച് കരുത്ത് കൂടുതലാണ്. 152പിഎസ്/330എന്‍എം, 162പിഎസ്/330എന്‍എം, 177പിഎസ്/380എന്‍എം എന്നിങ്ങനെ മൂന്നു ട്യൂണിങ് ഓപ്ഷനുകളില്‍ ഥാര്‍ റോക്‌സിന്റെ 2.0 ലീറ്റര്‍ എന്‍ജിന്‍ വകഭേദങ്ങള്‍ ലഭ്യമാണ്. 152പിഎസ്/330എന്‍എം, 175പിഎസ്/370എന്‍എം ട്യൂണിങ് ഓപ്ഷനുകളിലാണ് 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ എത്തുന്നത്. രണ്ട് ഥാര്‍ എന്‍ജിനുകളിലും 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുകളാണുള്ളത്. 

mahindra-thar-roxx-5

3ഡോര്‍ ഥാറിലേക്കു വന്നാല്‍ 1.5 ലീറ്റര്‍ എന്‍ജിന്‍ 118പിഎസ് കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമാണ് പുറത്തെടുക്കുക. 6 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണുള്ളത്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ 132പിഎസ് കരുത്തും 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. റോക്‌സിന്റേതിനു സമാനമാണ് ട്രാന്‍സ്മിഷന്‍ സൗകര്യങ്ങള്‍. 

mahindra-thar-roxx-1

വില

വിലയുടെ കാര്യത്തില്‍ 3 ഡോര്‍ ഥാറിനാണ് ആനുകൂല്യം. 11.35 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് 3 ഡോര്‍ ഥാറിന്റെ വിവിധ വകഭേദങ്ങളുടെ വില. ഥാര്‍ റോക്‌സ് ആരംഭിക്കുന്നത് 12.99 ലക്ഷം രൂപയിലാണ്. ഏറ്റവും ഉയര്‍ന്ന വകഭേദമായ എഎക്‌സ്7എല്‍ 4×2വിന്റെ വില 20.49 ലക്ഷം രൂപയാണ്. ഒക്ടോബര്‍ രണ്ടിനാണ് റോക്‌സിന്റെ മഹീന്ദ്ര 4×4 വകഭേദങ്ങളുടെ വില മഹീന്ദ്ര പുറത്തുവിടുക.

English Summary:

Thar Roxx and Thar 3 Door Comparison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com