ADVERTISEMENT

ഉപയോഗ ശൂന്യമായും മാലിന്യമായും നമ്മള്‍ കരുതുന്ന പലതും ശരിയാംവിധം ഒരുക്കിയെടുത്താള്‍ അതീവ മൂല്യമുള്ള വസ്തുക്കളായി മാറാറുണ്ട്. വിന്റേജ് വാഹനങ്ങളുടെ കാര്യത്തില്‍ ഇത് കൃത്യമാണ്. ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട് വര്‍ഷങ്ങള്‍ കിടന്ന ശേഷമായിരിക്കും പല കാറുകളും ക്ലാസിക്കായി പുനര്‍ജനിക്കാറ്. ഇത്തരത്തില്‍ ഒരുക്കിയെടുത്ത കാറുകള്‍ക്ക് പുത്തന്‍ കാറുകളേക്കാള്‍ വിപണിയില്‍ ആവശ്യക്കാരുമുണ്ട്. ഓട്ടോ ഇന്‍ഫ്‌ളുവന്‍സര്‍മാരിലെ ലേഡി സൂപ്പര്‍സ്റ്റാറായ സൂപ്പര്‍കാര്‍ ബ്ലോണ്‍ഡിയുടെ വിഡിയോ ഇത്തരത്തിലുള്ളതാണ്, ആറു മാസം മുമ്പ് പുറത്തിറങ്ങിയ വിഡിയോ ഇപ്പോഴും വൈറലാണ്. 

ആര്‍ക്കും വേണ്ടാതെ ഗരാജില്‍ പൊടിയും അഴുക്കും പിടിച്ചു കിടന്ന ഒരു പഴയ W111 മെഴ്‌സിഡീസ് ബെന്‍സ് 280 എസ് ഇ കൂപ്പെയുടെ തിരിച്ചുവരവാണ് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി വിഡിയോയില്‍ കാണിച്ചു തരുന്നത്. പഴയ കാറുകള്‍ സൂക്ഷിച്ചിരുന്ന ഹംഗറിയിലെ ഒരു ഗരാജില്‍ നിന്നും ലഭിക്കുന്ന ഈ മെഴ്‌സിഡീസ് വാഹനത്തിന്റെ പുനര്‍നിര്‍മാണമാണ് ഘട്ടം ഘട്ടമായി സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി വിവരിക്കുന്നത്. 

ഹംഗറിയിലെ ഗരാജില്‍ പല ക്ലാസിക് കാറുകളും പൊടിയും അഴുക്കും പിടിച്ചും കിടക്കുന്നുണ്ട്. ഇതിലെ മെഴ്‌സിഡീസ് ബെന്‍സിന്റെ ലാന്‍ഡോലെറ്റ് സെഡാനാണ് ആദ്യം സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി എന്ന പേരിലറിയപ്പെടുന്ന അലക്‌സ് ഹിര്‍ഷി കാണിച്ചു തരുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കാറായിരുന്നുവെന്നതായിരുന്നു ഈ കാറിന്റെ പ്രത്യേകത. ഇതിനു ശേഷം കാണിക്കുന്ന മെഴിസിഡീസ് ബെന്‍സ് പുള്‍മാന്‍ പശ്ചിമേഷ്യയിലെ ഒരു രാജകുടുംബം ഉപയോഗിച്ചിരുന്ന കാറുകളിലൊന്നായിരുന്നു. 

ഇതിനു ശേഷമാണ് ഡബ്ല്യു111 മെഴ്‌സിഡീസ് ബെന്‍സ് 280 എസ് ഇ കൂപ്പെ സെഡാനിലേക്കെത്തുന്നത്. ഹംഗറിയിലെ മോട്ടോര്‍ ക്ലാസിക്കില്‍ വെച്ച് ഓരോ നട്ടും ബോള്‍ട്ടും വരെ മാറ്റിയാണ് ഈ കാര്‍ പുത്തനാക്കുകയെന്ന് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി പറയുമ്പോള്‍ പോലും അങ്ങനെ സംഭവിക്കുമെന്ന് നമുക്ക് തോന്നില്ല. ലോകത്തിലെ ഏറ്റവും മികച്ച മെഴ്‌സിഡീസ് ബെന്‍സ് റീസ്‌റ്റോറേഷന്‍ ഷോപ്പ് എന്ന് സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി വിശേഷിപ്പിച്ച മോട്ടോര്‍ ക്ലാസിക്കിലെ പ്രവര്‍ത്തന രീതി അമ്പരപ്പിക്കുന്നതാണ്. കൃത്യതയിലും സൂഷ്മതയിലുമാണ് ഇവര്‍ അമ്പരപ്പിക്കുന്നത്. 

മോട്ടോര്‍ ക്ലാസിക്‌സിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചതിന് പിന്നാലെ കാറിനെ ഓരോ ഭാഗങ്ങളാക്കി മാറ്റുന്നുണ്ട്. ഓരോ ഭാഗവും ഫാക്ടറിയുടെ വിവിധ വിഭാഗത്തിലേക്കെത്തിക്കുകയും അതാത് ഭാഗങ്ങള്‍ ആ ഭാഗങ്ങളുടെ റീസ്റ്റോറേഷന്‍ നടത്തുകയും ചെയ്യുന്നു. പെയിന്റിങ് പണികള്‍ പൂര്‍ണമായും കൈകൊണ്ടാണ് നടത്തുന്നത്. ഇതിന് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ജോലിക്കാര്‍ക്ക് മാത്രമാണ് അനുമതി. കാറിന്റെ ഇന്റീരിയര്‍ അപോള്‍സ്ട്രി ജോലികള്‍ ചെയ്യുന്നത് 40 വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ളയാളാണ്. ഓരോ ലെതര്‍ സീറ്റും ഒരു ആഴ്ച്ചയോളം എടുത്താണ് ഇദ്ദേഹം നിര്‍മിച്ചെടുക്കുന്നത്. 

റീസ്റ്റോര്‍ ചെയ്‌തെടുക്കാന്‍ സാധിക്കാത്തവിധം നശിച്ചു പോയ ഭാഗങ്ങള്‍ പൂര്‍ണമായും പുനര്‍ നിര്‍മിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു വേണ്ടി പ്രത്യേകം യന്ത്രസംവിധാനങ്ങളും ഇവിടെയുണ്ട്. ഡബ്ല്യു111 മെഴ്‌സിഡീസ് ബെന്‍സ് 280 എസ് ഇയുടെ ടാക്കോമീറ്റര്‍ ഓരോ ഭാഗങ്ങളാക്കി അഴിച്ചു മാറ്റി പൂര്‍ണമായും പുനര്‍ നിര്‍മിച്ചെടുക്കുകയാണ് ചെയ്തത്. ഇതിനു മാത്രം മൂന്നു ദിവസം വേണ്ടി വന്നു. പൂര്‍ണമായും നിര്‍മിച്ചെടുത്ത ഡബ്ല്യു111 മെഴ്‌സിഡീസ് ബെന്‍സ് 280 എസ് ഇ കൂപ്പെയെയും സൂപ്പര്‍കാര്‍ ബ്ലോണ്‍ഡി കാണിക്കുന്നുണ്ട്. 1960കളിലും 1970കളിലുമായി മെഴ്‌സിഡീസ് ബെന്‍സ് നിര്‍മിച്ച 6 സിലിണ്ടര്‍ കാറാണിത്. ആര്‍ക്കും വേണ്ടാതെ കുപ്പയില്‍ കിടന്നിരുന്ന കാറിനെ 5 ലക്ഷം ഡോളര്‍ (ഏകദേശം 4.19 കോടി രൂപ) വിലയുള്ള മാണിക്യമാക്കി മാറ്റുകയാണ് മോട്ടോര്‍ ക്ലാസിക്‌സ് ചെയ്തത്.

English Summary:

Abandoned Mercedes Barn Find Restoration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com