550 കി.മീ റേഞ്ച്; മാരുതിയുടെ ഇലക്ട്രിക് എസ്യുവി അടുത്ത വർഷം
Mail This Article
മാരുതി സുസുക്കിയുടെ ഇലക്ട്രിക് എസ്‍യുവിയുടെ പ്രൊഡക്ഷൻ മോഡൽ അടുത്ത വർഷം ആദ്യം നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ പ്രദർശിപ്പിക്കും. ഇന്ത്യയില്‍ മാരുതി സുസുക്കിയുടെ ആദ്യ വൈദ്യുത കാറായിരിക്കും ഇവിഎക്സ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ. രണ്ട് ബാറ്ററി ഓപ്ഷനുകളുമായി എത്തുന്ന മാരുതി ഇ.വിക്ക് 550 കിലോമീറ്ററാണ് റേഞ്ച്.
ആഭ്യന്തര വിപണിക്ക് മാത്രമല്ല വിദേശ വിപണികളിലേക്കും വേണ്ട ഇവിഎക്സ് ഇവിടെ നിര്‍മിക്കും. തുടകത്തിൽ യൂറോപ്പ്യൻ വിപണിയിലും പിന്നീട് ഇന്ത്യയിലും വാഹനമെത്തും. ഇതേ സമയത്തു തന്നെ ഇവിഎക്സിന്റെ ടൊയോട്ട വകഭേദമായ അര്‍ബന്‍ എസ്‌യുവിയും പുറത്തിറക്കും. ഉയര്‍ന്ന സ്‌പെസിഫിക്കേഷനുള്ള എസ്‌യുവിയായിരിക്കും ഇവിഎക്സ്. 550 കിലോമീറ്റര്‍ റേഞ്ചുള്ള വാഹനത്തില്‍ 60kWh ബാറ്ററിയാണ് ഉപയോഗിക്കുക.
ടൊയോട്ടയുടെ 27PL സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമിലാണ് അര്‍ബന്‍ എസ്‌യുവിയും ഇവിഎക്സും നിര്‍മിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ ഇ.വികള്‍ ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കും. ഇവിഎക്സിനും അര്‍ബന്‍ എസ്‌യുവിക്കും 4.3 മീറ്ററായിരിക്കും നീളം. മാരുതി ഇതിനകം തന്നെ ഇന്ത്യയിലും വിദേശത്തും റോഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ചൈനീസ് കമ്പനിയായ ബിവൈഡിയുടെ ബ്ലേഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബാറ്ററിയായിരിക്കും വാഹനത്തിന്.