ടാറ്റ കർവിനോട് മത്സരിക്കാൻ എംജിയുടെ ഇലക്ട്രിക് ഇവി സെപ്റ്റംബർ 11ന്
Mail This Article
വിന്‍ഡ്സര്‍ ഇവിയെ പുറത്തിറക്കുന്നതിന് മുന്നോടിയായുള്ള അവസാനവട്ട ഒരുക്കത്തിലാണ് എംജി. ഏറ്റവും പുതിയ ടീസറിലും വിന്‍ഡ്സര്‍ ഇവിയുടെ ഫീച്ചറുകളെക്കുറിച്ചുള്ള സൂചനകള്‍ എംജി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ZS EVക്കും കോമറ്റ് ഇവിക്കും ശേഷം ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണിത്. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കി എത്തുന്ന വിന്‍ഡ്സര്‍ ഇവി സെപ്റ്റംബർ 11ന് ഇന്ത്യയിലെത്തും.
ഫീച്ചറുകള്‍
പനോരമിക് സണ്റൂഫിനെക്കുറിച്ചാണ് വിന്‍ഡ്സര്‍ ഇവിയുടെ പുതിയ ടീസറില്‍ പറയുന്നത്. സിംഗിള്‍ പെയ്ന് ഫിക്സഡ് ഗ്ലാസ് റൂഫാണ് വിന്‍ഡ്സര്‍ ഇവിക്ക് നല്‍കിയിരിക്കുന്നത്. വിശാലമായ ആകാശ കാഴ്ച്ചകള്‍ സമ്മാനിക്കുന്ന ഈ സണ്‍റൂഫ് തുറക്കാനാവില്ല. ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് റൂഫ് എന്ന് എംജി മോട്ടോര്‍ പേരിട്ടു വിളിക്കുന്ന ഈ ഫീച്ചര്‍ സെഗ്മെന്റില്‍ തന്നെ ആദ്യത്തേതാണ്.
ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 15.6 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു ഫീച്ചര്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ടു സ്പോക്ക് സ്റ്റീറിങ് വീല്‍, ആംബിയന്റ് ലൈറ്റ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് മുന്‍ സീറ്റുകള്‍, ഇലക്ട്രിക് ടെയില്‍ ഗേറ്റ് എന്നിവയും പ്രതീക്ഷിക്കാം. മറ്റൊരു സവിശേഷ സൗകര്യമായ 135 ഡിഗ്രി വരെ മടക്കാവുന്ന പിന് സീറ്റുകള്‍ യാത്രകള്‍ കൂടുതല്‍ അനായാസകരമാക്കും. സുരക്ഷക്കായി ആറ് എയര്‍ ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള അഡാസ് സുരക്ഷാ ഫീച്ചറുകളും ഉണ്ടാവും.
ബാറ്ററിയും റേഞ്ചും
എംജി മോട്ടോഴ്സ് ഇപ്പോഴും വിന്‍ഡ്സര്‍ ഇവിയുടെ ബാറ്ററിയും റേഞ്ചും സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും സിംഗിള്‍ മോട്ടോറും 50.6 kWh ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും പ്രതീക്ഷിക്കാം. ഒറ്റ ചാര്‍ജില്‍ പ്രതീക്ഷിക്കാവുന്ന റേഞ്ച് 460 കീലോമീറ്റര്‍. ഡിസി ഫാസ്റ്റ് ചാര്‍ജറുകള്‍ ഉപയോഗിച്ചാല്‍ അര മണിക്കൂറില്‍ 30 ശതമാനത്തില്‍ നിന്നും ഫുള്‍ ചാര്‍ജിലേക്കെത്താനാവും. 134 ബിഎച്ച്പി കരുത്തും പരമാവധി 200എന്‍എം ടോര്‍ക്കും പ്രതീക്ഷിക്കാം.
വിലയും എതിരാളികളും
ക്രോസ് ഓവര്‍ ഇലക്ട്രിക് കാറായാണ് എംജി മോട്ടോര്‍ വിന്‍ഡ്സര്‍ ഇവിയെ പുറത്തിറക്കുന്നത്. ബ്രിട്ടീഷ് കമ്പനിയായ എംജിയുടെ ഇന്ത്യയിലെ മൂന്നാമത്തെ ഇലക്ട്രിക്ക് കാറാണ് വിന്‍ഡ്സര്‍ ഇവി. ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര എക്സ് യു വി 400 എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. 20 ലക്ഷം രൂപയില്‍ കുറവാണ് പ്രതീക്ഷിക്കുന്ന വില.