ADVERTISEMENT

കൊച്ചിയില്‍ ടെസ്റ്റ് ഡ്രൈവിനിടെ രണ്ട് മെഴ്‌സിഡീസ് ബെന്‍സ് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. വില്ലിങ്ടണ്‍ ഐലന്‍ഡിലെ കേന്ദ്രിയ വിദ്യാലയ ഗ്രൗണ്ടിന് സമീപത്തുവച്ച് ശനിയാഴ്ച്ചയാണ് അപകടമുണ്ടായത്. ടെസ്റ്റ് ഡ്രൈവിനിടെ നിയന്ത്രണം നഷ്ടമായ ഒരു മെഴ്‌സിഡീസ് ബെന്‍സ് കാര്‍ മറ്റൊരു ടെസ്റ്റ് ഡ്രൈവ് നടത്തുന്ന മെഴ്‌സിഡീസ് ബെന്‍സ് കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടെസ്റ്റ് ഡ്രൈവിങ് കാറുകള്‍ക്ക് പുറമേ മറ്റൊരു കാറു കൂടി അപകടത്തില്‍ പെട്ടുവെന്നും പൊലീസ് അറിയിച്ചു.

അപകടത്തില്‍പെട്ട ജിടി 63 എസ് ഇ കാര്‍ ഓടിച്ചത് ഒരു വനിതയായിരുന്നു. റെയില്‍വേ ഗേറ്റിന് അടുത്തുവെച്ച് അമിത വേഗതയിലായിരുന്ന ഈ കാറിന് റോഡരികിലെ പഴയ റെയില്‍വേ ട്രാക്കിനു മുകളിലേക്കു കയറിയതോടെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിലേക്കാണ് ആദ്യം ഇടിച്ചത്. വലത്തേക്കു വെട്ടിച്ചതോടെ എതിര്‍ വശത്തു നിന്നും വരികയായിരുന്ന മെഴ്‌സിഡീസ് ബെന്‍സിന്റെ എസ് എല്‍55 റോഡ്‌സ്റ്ററിലേക്കു പാഞ്ഞു കയറി അപകടം സംഭവിച്ചു. എതിരേ വന്ന മെഴ്‌സിഡീസ് ബെന്‍സ് വാഹനവും ടെസ്റ്റ് ഡ്രൈവിലായിരുന്നു. ഇത് ഒരു പുരുഷനാണ് ഓടിച്ചിരുന്നത്. 

അപകടത്തില്‍ ജിടി 63 എസ് ഇയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. എസ് എല്‍ 55 റോഡ്‌സ്റ്ററിന്റെ മുന്‍ ചക്രം കൂട്ടിയിടിയെ തുടര്‍ന്ന് പുറത്തേക്കു വന്ന നിലയിലാണ്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വനിതാ ഡ്രൈവറെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 'അപകടത്തില്‍ പെട്ട കാറുകള്‍ പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് '  ഹാര്‍ബര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഓഫീസര്‍ അറിയിച്ചു. 

മെഴ്‌സിഡീസ് ബെന്‍സിന്റെ എക്‌സ്‌ക്ലുസീവ് വിഭാഗത്തില്‍പെടുന്ന കാറുകളാണ് അപകടത്തില്‍ പെട്ട മെഴ്‌സിഡീസ് ബെന്‍സ് എഎംജി എസ് എല്‍ 55 റോഡ്‌സ്റ്ററും എഎംജി ജിടി 63 എസ് ഇ പെര്‍ഫോമെന്‍സും. 4 സീറ്റര്‍ കണ്‍വെര്‍ട്ടബിളായ എസ്എല്‍ 55 റോഡ്‌സ്റ്ററില്‍ 3982 സിസി എന്‍ജിനാണ്. ഹൈപ്പര്‍ ബ്ലൂ മെറ്റാലിക് നിറത്തിലെത്തുന്ന ഈ കാറിന്റെ വില 2.44 കോടി രൂപയാണ്. 4 സീറ്റര്‍ സെഡാനായ ജിടി 63 എസ് ഇയിലും 3982 സിസി എന്‍ജിന്‍ തന്നെയാണ് മെഴ്‌സിഡീസ് ബെന്‍സ് നല്‍കിയിരിക്കുന്നത്. വില 3.30 കോടി രൂപ വരും. 

എഎംജി എസ്എല്‍55 റോഡ്‌സ്റ്റര്‍

കരുത്തും സൗന്ദര്യവും സുരക്ഷയും ഒത്തിണങ്ങിയ മെഴ്‌സിഡീസ് വാഹനങ്ങളിലൊന്നാണിത്. മണിക്കൂറില്‍ 295 കീലോമീറ്റര്‍ വരെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്ററിലേക്ക് വെറും 3.9 സെക്കന്‍ഡില്‍ പറന്നെത്തും. 4.0 ലീറ്റര്‍, പെട്രോള്‍, ട്വിന്‍ ടര്‍ബോ വി 8 എന്‍ജിനാണ് കരുത്ത്. 5000 ആര്‍പിഎമ്മില്‍ 469 ബിഎച്ച്പി കരുത്തും പരമാവധി 700 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന ഈ കാര്‍ ഓള്‍ വീല്‍ ഡ്രൈവും പിന്തുണക്കുന്നുണ്ട്. 

ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുള്ള ഈ കാറില്‍ 9 ഗിയറുകളാണുള്ളത്. റീജനറേറ്റീവ് ബ്രേക്കിങും ഐഡില്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ് ഓപ്ഷനുമുണ്ട്. വേഗത കൂടുമ്പോള്‍ മുന്നറിയിപ്പ് സംവിധാനമുണ്ട്. മണിക്കൂറില്‍ 80 കീലോമീറ്ററിലേറെയായാല്‍ ഒരു ബീപ്പ്, മണിക്കൂറില്‍ 120 കീലോമീറ്ററിലേറെയായാല്‍ തുടര്‍ച്ചയായ ബീപ്പുകള്‍. 10 എയര്‍ ബാഗ് അടക്കമുള്ള സുരക്ഷാ ഫീച്ചറുകളും എഎംജി എസ്എല്‍55 റോഡ്‌സ്റ്ററിലുണ്ട്. 

എഎംജി ജിടി 63 എസ് ഇ പെര്‍ഫോമെന്‍സ്

4.0 ലീറ്റര്‍ വി8, ട്വിന്‍ ടര്‍ബോചാര്‍ജ് എന്‍ജിനാണ് എഎംജി ജിടി 63 എസ് ഇ പെര്‍ഫോമെന്‍സിലുമുള്ളത്. പരമാവധി 843എച്ച്പി കരുത്തും 1470 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ഓള്‍വീല്‍ ഡ്രൈവ് പിന്തുണക്കുന്നു. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീമി വേഗതയിലേക്ക് 2.9 സെക്കന്‍ഡില്‍ എത്തും. 5 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 316 കീലോമീറ്റര്‍. 

നിരവധി സുരക്ഷാ ഫീച്ചറുകളുള്ള മെഴ്‌സിഡീസ് ബെന്‍സ് മോഡലാണ് എഎംജി ജിടി 63 എസ് ഇ പെര്‍ഫോമെന്‍സും. 7 എയര്‍ ബാഗ്, ഫോര്‍വേഡ് കൊളീഷ്യന്‍ വാണിങ്, ഓട്ടമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ്, ഹൈ ബീം അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് മുന്നറിയിപ്പ്, ചൈല്‍ഡ് ലോക്ക്, ആങ്കര്‍ പോയിന്റ്‌സ് ഫോര്‍ ചൈല്‍ഡ് സീറ്റ്, ഓവര്‍സ്പീഡ് മുന്നറിയിപ്പ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, ആന്റി തെഫ്റ്റ് എന്‍ജിന്‍ ഇമ്മൊബിലൈസര്‍, മിഡില്‍ റിയര്‍ ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റ്, ഫ്‌ളാഷിങ് ബ്രേക്കിങ് ലൈറ്റ്, സെന്‍ട്രല്‍ ലോക്കിങ് എന്നിങ്ങനെ നീളുന്നു എഎംജി ജിടി 63 എസ് ഇ പെര്‍ഫോമെന്‍സിലെ സുരക്ഷാ ഫീച്ചറുകള്‍.

English Summary:

Kochi Accident Mercedes gt63 sl5 Collide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com