ഏഴു ലക്ഷത്തിന്റെ ഈ വാഹനത്തിന് 1 കോടിയുടെ നമ്പർ സ്വന്തമാക്കി! ആ കഥ ഇങ്ങനെ
Mail This Article
വാഹനങ്ങൾക്ക് ഇഷ്ട നമ്പർ സ്വന്തമാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? എന്നാൽ ഏഴു ലക്ഷം രൂപ വില വരുന്ന വാഹനത്തിനു ഒരു കോടി രൂപ നൽകി ഇഷ്ട നമ്പർ സ്വന്തമാക്കിയെന്നു കേട്ടാലോ? അത്തരമൊരു കാര്യം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ ലോകത്ത് വൈറലായിരുന്നു. ഏഴു ലക്ഷം രൂപയുടെ എം ജി കോമറ്റിനായി ആ വിലയുടെ പതിനാല് ഇരട്ടി നൽകി നമ്പർ സ്വന്തമാക്കി എന്നാണ് കേൾക്കുന്നത്. വളരെ സവിശേഷമാർന്ന ആർ എൻ ക്യു 4 എന്ന നമ്പറിലുള്ളതാണ് വാഹനം. രാജസ്ഥാനിലെ പഴയ വാഹനങ്ങളിൽ മാത്രം കണ്ടുവരുന്നതാണ് ഇത്തരം നമ്പറുകൾ എന്നും ഈ നമ്പറുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വിഡിയോയിൽ നമ്പർ സ്വന്തമാക്കാനായി ഒരു കോടി രൂപ നൽകി എന്നുമാണ് പറയുന്നത്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
വളരെ സവിശേഷമായ നമ്പർ ആണിതെന്നതിൽ തർക്കമില്ലെങ്കിലും ഒരു കോടി രൂപയ്ക്ക് സ്വന്തമാക്കി എന്നത് വസ്തുതാവിരുദ്ധമാണ്. നിലവിൽ രാജസ്ഥാനിലെ ഏറ്റവും വിലകൂടിയ ഫാൻസി നമ്പർ ആർ ജെ 45 സി ജി 1 ആണ്. 2024 ജൂണിൽ 16 ലക്ഷം രൂപയ്ക്കാണ് ആ നമ്പർ ലേലത്തിൽ പോയത്. രാഹുൽ താനേജ എന്ന വ്യക്തിയാണ് ഇത്രയും കൂടിയ തുകയിൽ തന്റെ ആഡംബര വാഹനമായ ജാഗ്വർ എക്സ് ജെ എൽ എന്ന സെഡാന് വേണ്ടി ഈ നമ്പർ സ്വന്തമാക്കിയത്. ഇത് മാത്രമല്ലാതെ, രാജസ്ഥാനിലെ രണ്ടാമത്തെ വിലകൂടിയ നമ്പറായ ആർ ജെ 14 സി പി 1 എന്ന നമ്പറും രാഹുൽ താനേജയുടെ കൈകളിൽ തന്നെയാണ്. 10.31 ലക്ഷത്തിനാണ് ആ നമ്പർ സ്വന്തമാക്കിയത്. ബി എം ഡബ്ള്യു 5 സീരീസിനു വേണ്ടി തിരഞ്ഞെടുത്ത ഈ നമ്പർ പിന്നീട് ആ വാഹനം വിറ്റു ബി എം ഡബ്ള്യു 7 സീരീസ് വാങ്ങിയപ്പോൾ അതിലേക്കു മാറ്റുകയും ചെയ്തിരുന്നു. എം ജി കോമറ്റിലേയ്ക്ക് വരുമ്പോൾ ഒരു കോടി രൂപ മുടക്കി ഈ നമ്പർ സ്വന്തമാക്കുക എന്നത് അപ്രായോഗികമാണ്. രാഹുൽ താനേജ ചെയ്തത് പോലെ പഴയ വാഹനത്തിന്റെ നമ്പർ പുതിയതിലേക്ക് മാറ്റിയതാകാനാണ് സാധ്യത കൂടുതലെങ്കിലും അതിൽ വ്യക്തതയില്ല.
സാധാരണയായി ഒരു വാഹനം വാങ്ങിയതിനു ശേഷം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ റെജിസ്ട്രേഷൻ ഫീസും റോഡ് ടാക്‌സും അടച്ചാൽ നമ്പർ ലഭിക്കും. പഴയ വാഹനത്തിന്റെ നമ്പർ ട്രാൻസ്ഫർ ചെയ്തു ലഭിക്കണമെങ്കിൽ മൂന്നു വർഷമോ അതിൽ കൂടുതലോ ഒരേ വാഹനം സ്വന്തമായി ഉണ്ടായിരിക്കണം. ഇനിയാണ് യഥാർത്ഥ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. ഇതിനായി ആർ ടി ഓഫീസിൽ നാല് വിഭാഗത്തിലുള്ള നമ്പറുകളുണ്ട്. വി ഐ പി നമ്പർ പ്ലേറ്റ്, അട്രാക്റ്റീവ് നമ്പർ പ്ലേറ്റ്, മോസ്റ്റ് അട്രാക്റ്റീവ് നമ്പർ പ്ലേറ്റ്, ജനറൽ നമ്പർ പ്ലേറ്റ് എന്നിങ്ങനെയാണ് ഇവ തരംതിരിച്ചിരിക്കുന്നത്. മേല്പറഞ്ഞ രീതിയ്ക്കു അനുസരിച്ച് ഫീസിലും വ്യത്യാസങ്ങളുണ്ട്. 300 രൂപ മുതൽ 2000 രൂപയും അതിനു മുകളിലേക്കും നമ്പറുകൾക്കു അനുസരിച്ച് ഫീസിൽ വ്യതിയാനങ്ങളുണ്ടാകും.
വാഹൻ വെബ്‌സൈറ്റ് സന്ദർശിച്ചതിനു ശേഷം വെഹിക്കിൾ സർവീസ് ലിസ്റ്റിൽ നിന്നും റീറ്റെൻഷൻ ഓഫ് റെജിസ്ട്രേഷൻ നമ്പർ തിരഞ്ഞെടുക്കണം. ലോഗ് ഇൻ ചെയ്തതിനു ശേഷം സ്റ്റേറ്റ് ആർ ടി ഒ യുമായി ഒരു അപ്പോയിന്റ്മെൻറ് ബുക്ക് ചെയ്യാവുന്നതാണ്. ഇനി ഫീസ് അടച്ച്, ലഭിക്കുന്ന സ്ലിപ്പുമായി കാർ ഡീലറിനെ സമീപിക്കാം. മോട്ടോർ ലൈസൻസ് ഓഫീസറുടെ കാര്യാലയത്തിലെത്തി തുടർന്നുള്ള നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കാവുന്നതാണ്.