വില 20 ലക്ഷത്തിൽ താഴെ, വരുന്നു ജീപ്പിന്റെ ചെറു എസ്യുവി
Mail This Article
ഇന്ത്യയില്‍ വിപണിയും സാധ്യതയും തിരിച്ചറിഞ്ഞ് തന്ത്രം മാറ്റാന്‍ സ്റ്റെല്ലാന്റിസ്. 20 ലക്ഷത്തില്‍ താഴെ വിലയില്‍ ജീപ്പിന്റെ എസ്യുവികള് ഇന്ത്യയില്‍ പുറത്തിറക്കുമെന്ന സൂചനകളാണ് സ്റ്റെല്ലാന്റിസ് ഇന്ത്യയുടെ പുതിയ എംഡിയും സിഇഒയുമായ ശൈലേഷ് ഹസ്ല നല്‍കുന്നത്. പരമ്പരാഗതമായി 25 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള പ്രീമിയം എസ് യു വികള്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്ന കമ്പനി ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് തന്ത്രം മാറ്റുന്നത്.
15-20 ലക്ഷം രൂപ വിലയുള്ള എസ്യുവികള്‍ക്ക് ഇന്ത്യന്‍ കാര്‍ വിപണിയിലുള്ള വലിയ ആവശ്യം തിരിച്ചറിഞ്ഞാണ് സ്റ്റെല്ലാന്റിസിന്റെ പുതിയ നീക്കം. സിട്രോണില്‍ ഉപയോഗിച്ചിട്ടുള്ള കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോം(സിഎംപി) ആണ് വരാനിരിക്കുന്ന എസ്യുവിയിലും ഉപയോഗിക്കുക. സിട്രോണിന്റെ സി3 ഹാച്ച്ബാക്ക്, ഇസി3, ബസാള്‍ട്ട്, സി3 എയര്‍ക്രോസ് എന്നിവയിലെല്ലാം ഈ പ്ലാറ്റ്ഫോമാണ് ഉപയോഗിച്ചിരിക്കുന്നത്. ജീപ്പിന്റെ ട്രേഡ് മാര്‍ക്ക് ഫീച്ചറായ ഓള്‍വീല്‍ ഡ്രൈവ്(4x4) അടക്കം പുതിയ എസ് യു വിയില്‍ പ്രതീക്ഷിക്കാം.
ഇന്ത്യന്‍ വിപണി മാത്രമല്ല രാജ്യാന്തര വിപണി കൂടി ലക്ഷ്യമിട്ടാണ് പുതിയ എസ്യുവി നിര്‍മിക്കുക. പ്രത്യേകമായി ആസിയാന്‍ മേഖലയിലെ രാജ്യങ്ങളെയാണ് പുതിയ മോഡല്‍ ലക്ഷ്യമിടുന്ന. വരുന്ന ഏഴ്-എട്ട് വര്‍ഷത്തേക്കെങ്കിലും വിപണിയില്‍ നിലനില്ക്കാന് സാധിക്കുന്ന മോഡലായിരിക്കും ഇത്. ജീപ്പിന്റെ തനതു ഫീച്ചറുകളും ആധുനിക സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ മോഡല്‍.
ഇന്ത്യന്‍ വിപണിയിലെ വലിയ ബ്രാന്‍ഡുകളുടെ സൂപ്പര്‍ മോഡലുകള്‍ വിലസുന്ന വിഭാഗത്തിലേക്കാണ് ജീപ്പിന്റെ വരവ്. ഹ്യുണ്ടേയ് ക്രേറ്റ, ടാറ്റ കര്‍വ് എന്നിങ്ങനെ ഇതിനകം തന്നെ സൂപ്പര്‍ഹിറ്റായ മോഡലുകളായിരിക്കും ജീപ്പിന്റെ പുതിയ മോഡലിന്റെ എതിരാളികള്‍. ജീപ്പിന്റെ ട്രേഡ് മാര്‍ക്കായ റഫ് ലുക്കും ഓഫ് റോഡ് ഫീച്ചറും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ മോഡലിന് മിഡ് സൈസ് എസ്യുവി വിഭാഗത്തില്‍ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്നാണ് ജീപ്പിന്റെ കണക്കുകൂട്ടല്‍. ഈ കണക്കുകൂട്ടല്‍ വിജയിച്ചാല്‍ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ഉപഭോക്താക്കളിലേക്കെത്താന്‍ ജീപ്പിന് സാധിക്കുകയും ചെയ്യും.
ഇന്ത്യന്‍ കാര്‍ വിപണി അസാധാരണ മത്സരം നടക്കുന്ന മേഖലയാണെന്ന് നേരത്തെ ശൈലേഷ് ഹസേല പ്രതികരിച്ചിരുന്നു. 'യൂറോപ്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്ന കാര്‍ മോഡലുകളില്‍ 18-24 മാസങ്ങളുടെ ഇടവേളയിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താറ്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഈ ഇടവേള ആറു മാസം മാത്രമാണ്' എന്നായിരുന്നു സ്റ്റെല്ലാന്റിസ് എംഡിയും സിഇഒയുമായ ശൈലേഷ് ഹസേല പറഞ്ഞത്.
ഇന്ത്യന്‍ വിപണിയുടെ സവിശേഷത തിരിച്ചറിഞ്ഞ് പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ സി എയര്‍ ക്രോസിന് കമ്പനി അപ്ഗ്രേഡുകള്‍ നല്‍കിയിരുന്നു. ഭാവിയിലെ മോഡലുകളിലും ചെറിയ ഇടവേളകളില്‍ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനാണ് സ്റ്റെല്ലാന്റിസിന്റെ ശ്രമം. ഫീച്ചറുകളുടെ കാര്യത്തില്‍ പിന്നിലേക്കാണെന്ന സിട്രോണ്‍ മോഡലുകള്‍ നേരിടുന്ന പരിഭവം മറികടക്കാന്‍ ഈ പുതിയ നീക്കം സഹായിക്കും.