ശ്രീജേഷിന് ടാറ്റയുടെ സമ്മാനം കെർവ് ഇവി
Mail This Article
പാരീസ് ഒളിംപിക്‌സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ പി ആർ ശ്രീജേഷിന് ടാറ്റയുടെ ആദരം. ഇലക്ട്രിക് മോഡലായ കർവ് ഇ വി യാണ് താരത്തിന് ടാറ്റ സമ്മാനിച്ചത്. കൊച്ചിയിൽ ടാറ്റ മോട്ടോർസ് ഇലക്ട്രിക് ഒൺലി ഷോറൂമിന്റെ ഉദ്ഘാടകനായി ക്ഷണിച്ച്, സ്നേഹോപഹാരം ഇന്ത്യൻ ഹോക്കി ടീമിന്റെ അവിഭാജ്യഘടകമായിരുന്ന ശ്രീജേഷിന് ടാറ്റ കൈമാറുകയായിരുന്നു. കുടുംബത്തോടൊപ്പം എത്തിയാണ് താരം കർവ് ഇ വി സ്വീകരിച്ചത്. പാരിസ് ഒളിംപിക്സിൽ മാത്രമല്ലാതെ ടോക്യോ ഒളിംപിക്സിലും വെങ്കല മെഡൽ നേടിയ ടീമിൽ അംഗമായിരുന്നു ഈ എറണാകുളം സ്വദേശി. ശ്രീജേഷിന്റെ അസാധ്യ പ്രകടനത്തിന്റെ പിൻബലത്തിലാണ് രണ്ടു ഒളിംപിക്‌സിലും ഇന്ത്യ ആ നേട്ടം കരസ്ഥമാക്കിയത്.
ടാറ്റ മോട്ടോഴ്‌സിന്റെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയിൽ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. ടാറ്റയുടെ ഇന്ത്യയിലെ അഞ്ചാമത്തെ ഇവി മോഡലായ കര്‍വ് ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ്+, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ്+എ എന്നിങ്ങനെയുള്ള മോഡലുകളിലാണ് എത്തുന്നത്. രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 kWh ബാറ്ററിയാണ്. MIDC സര്‍ട്ടിഫൈഡ് റേഞ്ച് 502 കീലോമീറ്റര്‍. 150 എച്ച്പി കരുത്ത് പുറത്തെടുക്കും. കൂടുതല്‍ വലിയ 55kWh ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +A വകഭേദങ്ങള്‍ക്ക് ലഭിക്കും. MIDC സാക്ഷ്യപ്പെടുത്തിയ റേഞ്ച് 585 കീമി. 167 എച്ച്പി കരുത്ത്.