ADVERTISEMENT

റോഡുകള്‍ മികച്ചതായാല്‍ പിന്നെ ഇന്ത്യയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായി മാറുന്നത് ഡ്രൈവര്‍മാരുടെ ഉത്തരവാദിത്വമില്ലാത്ത അമിത വേഗമാണ്. ഈ അമിത വേഗത്തിന് കടിഞ്ഞാണിടാനുള്ള പ്രധാന മാര്‍ഗമാണ് എഐ കാമറകള്‍. ഈ കാമറകളിലൂടെ പിഴ വന്നു തുടങ്ങിയതോടെ അതിനെ മറികടക്കാനുള്ള സൂത്രങ്ങളും പലരും തിരഞ്ഞു. അങ്ങനെ ചിലര്‍ക്കെങ്കിലും എഐ ക്യാമറകളെ ഒഴിവാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ലഭിച്ചു. ഇത്തരം മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ശരിക്കും എഐ ക്യാമറകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ? ഇത്തരം ആപ്ലിക്കേഷനുകള്‍ നിയമപരമായി സാധുതയുള്ളതാണോ?

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി തുറന്നുകൊടുത്തിട്ടുള്ള ബെംഗളുരു മൈസൂരു ദേശീയപാത 275ല്‍ അമിത വേഗതയെ തുടര്‍ന്ന് നിരവധി അപകടങ്ങളുണ്ടായിരുന്നു. ഇതോടെയാണ് അധികൃതര്‍ അമിത വേഗം നിയന്ത്രിക്കാനായി നിര്‍മിത ബുദ്ധി കാമറകള്‍ അവതരിപ്പിച്ചത്. മണിക്കൂറില്‍ 100 കീലോമീറ്ററിലും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഈ എഐ ക്യാമറകള്‍ പിഴ കയ്യോടെ അയച്ചു. ആദ്യഘട്ടത്തില്‍ 60 എഐ ക്യാമറകളാണ് ദേശീയ പാത 275ല്‍ സ്ഥാപിച്ചിരുന്നത്. 

മണിക്കൂറില്‍ 80 കീലോമീറ്ററിലേറെ വേഗതയുള്ള വാഹനങ്ങളെ ഈ എഐ ക്യാമറ നിരീക്ഷിക്കും. അമിത വേഗതയിലുള്ള വാഹനങ്ങള്‍ക്ക് 1000 രൂപയാണ് പിഴ. ഇനി വേഗത മണിക്കൂറില്‍ 130 കീലോമീറ്ററിലും കൂടുതലെങ്കില്‍ എഫ്‌ഐആര്‍ വരെ നേരിടേണ്ടി വരും. 2024 ഓഗസ്റ്റ് മുതല്‍ ഇതിനുള്ള നിയമവും നിലവില്‍ വന്നിരുന്നു. ഇത്തരം എഐ കാമറകള്‍ നിശ്ചിത ദൂരം വരെ വാഹനങ്ങളുടെ വേഗത കണക്കുകൂട്ടാന്‍ സാധിക്കുന്നവയാണെന്നതും ശ്രദ്ധേയമാണ്. 

സ്ഥിരമായി എഐ കാമറകള്‍ പിഴ വിധിച്ചതോടെയാണ് എഐ കാമറകളെക്കുറിച്ചു മുന്നറിയിപ്പു നല്‍കുന്ന റഡാര്‍ സ്പീഡ് കാമറ ഡിറ്റെക്റ്റര്‍ പോലുള്ള മൊബൈല്‍ ആപ്ലിക്കേഷനുകളുടെ പ്രചാരം വര്‍ധിച്ചത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നവയാണ് ഇവ. പലതിലും പ്രീമിയം ഓപ്ഷനായി അധിക വിവരങ്ങളും നല്‍കുന്നുണ്ട്. എഐ സ്പീഡ് കാമറകളുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് വാഹനം ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഇത്തരം ആപ്പുകള്‍ ചെയ്യുന്നത്. 

മുന്നറിയിപ്പ് ലഭിക്കുന്നതോടെ എഐ കാമറകള്‍ക്ക് മുമ്പേ വേഗം കുറക്കാനും അതുവഴി പിഴശിക്ഷയില്‍ നിന്ന് ഒഴിവാവാനും സാധിക്കുമെന്നാണ് ആപ്പ് ഉപയോഗിക്കുന്നവരുടെ കണക്കുകൂട്ടല്‍. അടുത്ത ക്യാമറ വരെ പിന്നെയും വേഗത കൂട്ടുകയും ചെയ്യാം. ഇതുവഴി വിജയകരമായി പിഴ ഒഴിവാക്കാന്‍ സാധിച്ചെന്നാണ് പല ആപ്പ് ഉപയോക്താക്കളും അഭിപ്രായപ്പെടുന്നത്. എന്നാല്‍ സാങ്കേതികവിദ്യ കൊണ്ടുള്ള വെല്ലുവിളി സാങ്കേതിക വിദ്യകൊണ്ടു തന്നെ മറികടക്കാനാണ് കര്‍ണാടക പൊലീസിന്റെ ശ്രമം. 

ആപ്പുകള്‍ ഉപയോഗിച്ച് എഐ കാമറയെ മറികടക്കുന്ന ഡ്രൈവര്‍മാരുടെ സൂത്രം പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതാണെന്ന് ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി എഡിജിപി അലോക് കുമാര്‍ തന്നെ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ വഴി എപ്പോഴും എഐ ക്യാമറകളെ പറ്റിക്കാനാവില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഒരു വാഹനത്തിന്റെ വേഗത മാത്രമല്ല നിശ്ചിത ദൂരം എത്ര വേഗത്തിൽ മറികടന്നുവെന്ന് കണക്കുകൂട്ടാനും എഐ കാമറക്ക് സാധിക്കും. എഐ കാമറയുടെ അടുത്തെത്തുമ്പോള്‍ മാത്രം വേഗം കുറച്ച് പിന്നീട് വേഗം കൂട്ടുന്നവരെ രണ്ട് എഐ കാമറകള്‍ക്കിടയിലെ ശരാശരി വേഗം കണക്കാക്കി കുടുക്കാനാവും. അതുകൊണ്ടുതന്നെ ഈ ആപ്ലിക്കേഷനുകളെ മാത്രം വിശ്വസിച്ച് നിയമലംഘനത്തിനിറങ്ങുന്നവര്‍ അത് എപ്പോഴും ഫലപ്രദമാവില്ലെന്നു മാത്രം ഓര്‍ക്കുക. 

ഇത്തരം കാമറ ഡിറ്റെക്ടര്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് നിയമപരമായ അനുമതിയില്ലെന്നതാണ് മറ്റൊരു വസ്തുത. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുള്ള ഇത്തരം ആപ്ലിക്കേഷനുകളെ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തരവാദിത്വമുള്ളവര്‍ ചെയ്യേണ്ടത്. കാരണം റോഡുകളിലെ വേഗത നിയന്ത്രണം വാഹനങ്ങളുടേയും യാത്രികരുടേയും സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതുകൊണ്ടാണ് നടപ്പില്‍ വരുത്തുന്നത്. റോഡുകളുടെ നിലവാരം, ഭൂപ്രകൃതി, ഗതാഗത തിരക്ക് എന്നിങ്ങനെയുള്ള നിരവധി ഘടകങ്ങള്‍ കണക്കിലെടുത്താണ് ഓരോ റോഡുകളിലും വേഗം തീരുമാനിക്കുന്നത്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ അപകട സാധ്യതയാണ് വര്‍ധിപ്പിക്കുന്നത്.

English Summary:

AI Camera Detector Apps Effective Legal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com