ഓണത്തിന് ഇരട്ടി സന്തോഷം; ടൊയോട്ടയുടെ പുത്തന് വാഹനം വാങ്ങി സ്നേഹ ശ്രീകുമാർ
Mail This Article
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സ്നേഹ ശ്രീകുമാറിന്റെ യാത്രകൾക്കു ഇനി കൂട്ടാകുക ടൊയോട്ടയുടെ ഹൈറൈഡർ. കഴിഞ്ഞ ദിവസമാണ് പുതുവാഹനം സ്വന്തമാക്കുന്നത്തിന്റെ വിഡിയോ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം എന്നും വിഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു. മകൻ കേദാറും സ്‌നേഹയ്‌ക്കൊപ്പമുണ്ടായിരുന്നു. സ്പോർട്ടിൻ റെഡ് വിത് മിഡ്‌നെറ്റ് ബ്ലാക്ക് നിറമാണ് വാഹനത്തിന്റേത്. ടൊയോട്ട ഹൈറൈഡർ ഹൈബ്രിഡിന് 18.99 ലക്ഷം രൂപയാണ് വില.
ആധുനിക സാങ്കേതികത, അനായാസ ഡ്രൈവിങ്, കുറഞ്ഞ പരിസ്ഥിതി മലിനീകരണം, വലുപ്പം, കൂടുതൽ സുഖസൗകര്യങ്ങൾ, പുതു പുത്തൻ രൂപകൽപന എന്നിങ്ങനെ നിരവധി കാരണങ്ങളാണ് ഹൈറൈഡറിനെ ജനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. പെട്രോൾ എൻജിനും ഇലക്ട്രിക് മോട്ടറും സമാസമം ചേരുന്ന സാങ്കേതികതയാണ് ഹൈബ്രിഡ്. ഇലക്ടിക് കാറുകളിൽനിന്നു വ്യത്യസ്തമായി ചെറിയൊരു ബാറ്ററി പാക്ക് ഹൈബ്രിഡിനുണ്ടാവും.
ആവശ്യത്തിനു വലുപ്പമുള്ള നല്ലൊരു മധ്യനിര എസ്‌യുവിയാണ് ഹൈറൈഡർ. എൽഇഡി ലൈറ്റുകളും ഉയർന്ന ബോണറ്റും ചതുരവടിവുള്ള വീൽ ആർച്ചുകളും പ്ലാസ്റ്റിക് ബോഡി ക്ലാഡിങ്ങും സിൽവർ റൂഫ് റെയിലിങ്ങും മനോഹരമായ ഡയമണ്ട് കട്ട് അലോയ് വീലുകളും. ആവശ്യത്തിനു മാത്രം ക്രോം ഉപയോഗവും കറുപ്പും സിൽവറും സ്കിഡ് പ്ലേറ്റുകളും കാർബൺഫൈബർ ഫിനിഷുള്ള ഗ്രില്ലും എല്ലാത്തിലുമുപരി അന്തസ്സുള്ള ടൊയോട്ട ലോഗോയും. പനോരമിക് സൺറൂഫ്, ഹെഡ്സ് അപ് ഡിസ്പ്ലേ, സീറ്റ് വെന്റിലേഷൻ, 360 ഡിഗ്രി ക്യാമറ, ടച് സ്ക്രീൻ എന്നു വേണ്ട എല്ലാ സൗകര്യങ്ങളും ഹൈറൈഡറിലുണ്ട്.
നോർമൽ, ഇക്കോ, സ്പോർട്ടി മോഡുകളുണ്ട്. സ്പോർട്ട് മോഡിൽ 116 ബിഎച്ച്പി വരെയെത്തും. 100 കി.മി വേഗമെത്താൻ 12.10 സെക്കൻഡ് മതി. നാലു വീലുകൾക്കും ഡിസ്ക് ബ്രേക്കുകളാണ്. ഹിൽ ഹോൾഡ് അടക്കമുള്ള സൗകര്യങ്ങളും 360 ഡിഗ്രി ക്യാമറയും ഡ്രൈവിങ് സുഖകരമാക്കും. സ്ട്രോങ് ഹൈബ്രിഡ് വേണ്ടാത്തവർക്ക് സെമി ഹൈബ്രിഡ് മോഡലുമുണ്ട്. 15 ലക്ഷത്തിൽ വിലയാരംഭിക്കുന്ന ആ മോഡലിന് 21 കി.മി ഇന്ധനക്ഷമതയും പ്രതീക്ഷിക്കാം.