ഓട്ടോറിക്ഷയുടെ അടിയിൽ അമ്മ; രക്ഷിക്കാൻ വാഹനം പിടിച്ചുയർത്തി മകള്– വിഡിയോ
Mail This Article
ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടക്കുന്നത് പലപ്പോഴും അപകടങ്ങളിലേക്കു വഴിവയ്ക്കും. നമ്മുടെ റോഡ് അപകടങ്ങളിലെ ഏറിയപങ്കും അശ്രദ്ധയുടെ ഫലമാണ്. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ ലോകത്ത് വൈറലായിരുന്നു. മാംഗ്ലൂരിലാണ് അപകടം നടന്നത്. സ്കൂൾ വിദ്യാർഥിയായ മകളാണ് അമ്മയെ ഇടിച്ചു മറിഞ്ഞ ഓട്ടോറിക്ഷ ഉയർത്താൻ ആദ്യമെത്തിയത്. മകളുടെ ആ പ്രവർത്തിയ്ക്കു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ കയ്യടിയാണ്. സമീപത്തെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിലാണ് പങ്കുവച്ചിരിക്കുന്നത്.
വിഡിയോ ആരംഭിക്കുമ്പോൾ ഒരാൾ റോഡിനു സമീപത്ത് ഇരുചക്ര വാഹനത്തിനടുത്തായി നിൽക്കുന്നത് കാണാം. തൊട്ടടുത്ത നിമിഷത്തിൽ ഒരു സ്ത്രീ റോഡ് മുറിച്ചു കടക്കുന്നുണ്ട്. ഇടതു വശത്തേയ്ക്ക് നോക്കാതെയാണ് റോഡ് മുറിച്ചു കടക്കുന്നത്. വേഗത്തിൽ വന്ന ഓട്ടോറിക്ഷ ആ സ്ത്രീയെ ഇടിക്കാതിരിക്കാനായി വെട്ടിക്കുന്നു. എന്നാൽ ഓട്ടോറിക്ഷയ്ക്ക് വേഗം കൂടുതലായതിനാൽ നിയന്ത്രണം നഷ്ടപ്പെടുകയും ആ സ്ത്രീയെയും റോഡിനു സമീപം നിന്ന ബൈക്കുകാരെനെയും ഇടിച്ചു മറിയുകയും ചെയ്യുന്നു. പെട്ടെന്നാണ് ഒരു പെൺകുട്ടി ഫ്രെയിമിലേക്കു ഓടിയെത്തുന്നത്. മറിഞ്ഞുവീണ ഓട്ടോറിക്ഷയെ ഒറ്റയ്ക്ക് പിടിച്ചുയർത്തുവാൻ അവൾ ശ്രമിക്കുന്നുണ്ട്. റോഡിനു സമീപം നിന്നവർ അവളെ സഹായിക്കാനായി ഓടിയെത്തുന്നതും വിഡിയോയിൽ കാണാം.
ട്യൂഷന് പോയ മകളെ വിളിക്കാനായി വരികയായിരുന്നു ആ അമ്മ. പെട്ടെന്നാണ് മകളുടെ കൺമുമ്പിൽ വച്ച് അപകടമുണ്ടായത്. ഓട്ടോറിക്ഷയുടെ അടിയിലായ അമ്മയെ രക്ഷിക്കാനായാണ് മകൾ ഓടിയെത്തിയത്. ഒറ്റയ്ക്ക് ആ ഓട്ടോറിക്ഷയെ പിടിച്ചുയർത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ഒരു നിമിഷം പോലും പാഴാക്കാതെയുള്ള അവളുടെ ആ ശ്രമത്തിനു സമൂഹമാധ്യമങ്ങളിൽ നിറയെ അഭിനന്ദന പ്രവാഹമാണ്. അപകടത്തിൽ പെട്ടയാളുടെ അശ്രദ്ധയാണ് പ്രധാന കാരണം.