1000 കോടിയുടെ ബോയിങ്, ആഡംബര സൗകര്യങ്ങൾ; ഇത് അംബാനിയുടെ പത്താമത്തെ വിമാനം
Mail This Article
ഇന്ത്യയിലെ ആദ്യ ബോയിങ് 737 മാക്‌സ് 9 സ്വകാര്യ ഉടമയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആയിരം കോടിയോളം മുടക്കി സ്വന്തമാക്കിയ ഈ ജെറ്റ് വിമാനം അംബാനിയുടെ ഭാവിയിലെ ദീര്‍ഘദൂരയാത്രകള്‍ക്ക് കൂട്ടാവും. ഇന്ത്യയിലെ ബിസിനസുകാരില്‍ ഏറ്റവും വിലയേറിയ സ്വകാര്യ ജെറ്റ് ഇതോടെ മുകേഷ് അംബാനിക്ക് സ്വന്തമായി. ബോയിങ് 737 മാക്‌സ്9ന് പുറമേ ഒമ്പത് ജെറ്റ് വിമാനങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് സ്വന്തമായുണ്ട്. നിരവധി മോഡിഫിക്കേഷനുകള്‍ക്കും പരീക്ഷണ പറക്കലുകള്‍ക്കും ശേഷമാണ് പുതിയ ജെറ്റ് വിമാനം ഇന്ത്യയിലേക്കെത്തിയത്.
ബോയിങ് 737 മാക്‌സ് 9
സ്വിറ്റ്‌സര്‍ലന്‍ഡിലെ യൂറോഎയര്‍പോര്‍ട്ട് ബാസല്‍ മള്‍ഹൗസ് ഫ്രൈബര്‍ഗിലാണ്(ബിഎസ്എല്‍) മുകേഷ് അംബാനി പുതിയ ജെറ്റിന്റെ മോഡിഫിക്കേഷനും ഇന്റീരിയര്‍ അപ്‌ഗ്രേഡും നടത്തിയത്. വിമാനത്തിന്റെ ഉള്‍ഭാഗത്തിന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും ആഡംബരത്തിനും ഫീച്ചറുകള്‍ക്കും ഒരു കുറവുമുണ്ടാവില്ലെന്ന് ഉറപ്പിക്കാം. 2023 ഏപ്രില്‍ 13 മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലായിരുന്നു ഈ വിമാനം. ആറ് പ്രധാന പരീക്ഷണ പറക്കലുകളാണ് വിമാനം നടത്തിയത്. ബാസല്‍, ജനീവ, ലണ്ടന്‍ ലുട്ടണ്‍ വിമാനത്താവളങ്ങള്‍ക്കിടയിലായിരുന്നു ഇത്. മോഡിഫിക്കേഷനുകള്‍ക്കു ശേഷം വിമാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് ഈ പരീക്ഷണപ്പറക്കലുകള്‍ നിര്‍ണായകമാണ്.
ഓഗസ്റ്റ് 27നാണ് ബോയിങ് 737 മാക്‌സ് 9 ബാസലില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നത്. ഒമ്പത് മണിക്കൂറുകൊണ്ട് വിമാനം 6,234 കീലോമീറ്ററാണ് ഈ യാത്രക്കിടെ മറികടന്നത്. ഓഗസ്റ്റ് 28ന് രാത്രി 7.18ന് വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങി. ഇതോടെ ഏറ്റവും വിലയേറിയ സ്വകാര്യ ജെറ്റ് വിമാനങ്ങളിലൊന്നായ ബോയിങ് 737 മാക്‌സ് 9 ഇന്ത്യയിലേക്കെത്തി.
രണ്ട് CFMI LEAP-1B എന്‍ജിനുകളാണ് ബോയിങ് 737 മാക്‌സ് 9ന്റെ കരുത്ത്. 8401 എന്ന MSN നമ്പറുള്ള ഈ വിമാനത്തിന് ഒറ്റപറക്കലിൽ 11,770 കീലോമീറ്റര്‍ ദൂരം വരെ മറികടക്കാനാവും. ഏകദേശം 118.5 ദശലക്ഷം ഡോളറാണ് ജെറ്റ് വിമാനത്തിന്റെ വില. മോഡിഫിക്കേഷനുകള്‍ കൂടി ചേരുന്നതോടെയാണ് വില ആയിരം കോടി രൂപയിലേക്കെത്തുന്നത്. ബോയിങ് മാക്‌സ് 8നെ അപേക്ഷിച്ച് കൂടുതല്‍ വലിയ കാബിന്‍, ചരക്ക് വിഭാഗം മാക്‌സ് 9നുണ്ട്.
ഇന്ത്യയിലേക്കുള്ള വരവ്
നിലവില്‍ ഡല്‍ഹി വിമാനത്താവളത്തിലെ കാര്‍ഗോ ടെര്‍മിനലിന് സമീപത്താണ് ബോയിങ് 737 മാക്‌സ് 9 നിര്‍ത്തിയിട്ടിരിക്കുന്നത്. വിമാനത്തിന്റെ ഭാവി യാത്രകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എങ്കിലും ഭാവിയില്‍ മുകേഷ് അംബാനിയുടേയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റേയും ദീര്‍ഘദൂര യാത്രകളില്‍ ഈ ജെറ്റ് വിമാനം മുതല്‍ കൂട്ടാവുമെന്ന് ഉറപ്പിക്കാം. വൈകാതെ റിലയന്‍സ് ആസ്ഥാനമായ മുംബൈയിലേക്ക് ഈ ജെറ്റ് വിമാനം കൊണ്ടുവന്നേക്കും.
റിലയന്‍സിന്റെ സ്വകാര്യ ജെറ്റുകള്‍
ബോയിങ് 737 മാക്‌സ് 9ന്റെ വരവോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ സ്വകാര്യ ജെറ്റ് ശേഖരം പത്ത് ആയി മാറി. കഴിഞ്ഞ 18 വര്‍ഷമായി റിലയന്‍സിനൊപ്പമുള്ള എയര്‍ബസ് എ319 എസിജെ അടക്കമുള്ള വിമാനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. രണ്ട് ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 5000, രണ്ട് ദസോള്‍ട്ട് ഫാല്‍ക്കണ്‍ 900, ബൊംബാര്‍ഡിയര്‍ ഗ്ലോബല്‍ 6000, എംബ്രാര്‍ ഇആര്‍ജെ 135 എന്നിവയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിമാന ശേഖരത്തിലുണ്ട്. ഇതില്‍ എംബ്രാര്‍ ഇആര്‍ജെ 135 കഴിഞ്ഞ 16 വര്‍ഷമായി റിലയന്‍സിനൊപ്പമുണ്ട്. ഡോഫിന്‍, സിക്കോര്‍സ്‌കി എസ്76 എന്നിങ്ങനെയുള്ള രണ്ട് ഹെലിക്കോപ്റ്ററുകളും റിലയന്‍സ് ശേഖരത്തിലുണ്ട്. ഹ്രസ്വ ദൂര യാത്രകള്‍ക്കാണ് റിലയന്‍സ് ഈ ഹെലിക്കോപ്റ്ററുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്.