ADVERTISEMENT

ഇന്ത്യയുടെ നിരത്തുകൾ ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. ആ ട്രെൻഡിനൊപ്പം സഞ്ചരിക്കാൻ ഒരു ഇലക്ട്രിക്ക് സ്കൂട്ടറിൽ യാത്ര ആരംഭിച്ചാലോ? ഇങ്ങനെ ചിന്തിക്കുന്നത് വേറെയാരുമല്ല, ബോളിവുഡിന്റെ സ്വന്തം അർജുൻ കപൂർ ആണ്. ഗാരിജിൽ നിരവധി ആഡംബര കാറുകളുണ്ടെങ്കിലും ബിഗോസ് ആർ യു വി 350 എന്ന ഇലക്ട്രിക് സ്കൂട്ടർ കൂടി തന്റെ ഗാരിജിലെത്തിച്ചു വാഹന ശേഖരം വിപുലപ്പെടുത്തിയിരിക്കുകയാണ് താരം. പുതുസ്കൂട്ടർ വീട്ടിലെത്തിച്ചു നൽകുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചിട്ടുണ്ട്.

വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചതിനു ശേഷം അത് ഡ്രൈവ് ചെയ്തു നോക്കുന്ന അർജുൻ കപൂറിനെ വിഡിയോയിൽ കാണാം. സ്കൂട്ടറുകളും ബൈക്കുകളും നേരത്തെ താരം സ്വന്തമാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും മെഴ്‌സിഡീസ് ബെൻസ് എം എൽ 350, വോൾവോ എക്സ് സി 90, മസെരാട്ടി ലെവാന്റെ, ലാൻഡ് റോവർ ഡിഫൻഡർ, മെഴ്‌സിഡീസ് മെയ്ബാ ജി എൽ എസ് 600 എന്നീ വാഹനങ്ങൾ താരത്തിന്റെ ഗാരിജിലുണ്ട്. 

വളരെ കുറച്ചു നാളുകൾക്കു മുൻപ് മാത്രം വാഹന വിപണിയിലെത്തിയ ഇന്ത്യൻ കമ്പനിയാണ് ബിഗോസ്. റൈഡർ യൂട്ടിലിറ്റി വെഹിക്കിൾ എന്നാണ് തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറിന് കമ്പനി നൽകിയിരിക്കുന്ന പേര്. പല വേരിയന്റുകളിൽ വാഹനം ലഭ്യമാണ്. ഏറ്റവും കുറഞ്ഞ മോഡലായ ഐ ഇ എക്‌സിനു എക്സ് ഷോറൂം വില വരുന്നത് 1.09 ലക്ഷം രൂപയാണ്. ഇഎക്സ് വേരിയന്റിന് 1.24 ലക്ഷം രൂപയും ഉയർന്ന മോഡലിന് 1.34 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 

റിട്രോ മോഡേൺ രൂപകല്പനയിൽ ഇൻവീൽ ഹൈപ്പർഡ്രൈവ് മോട്ടോറോടു കൂടിയാണ് വാഹനം ഒരുക്കിയിരിക്കുന്നത്. 75 കിലോമീറ്ററാണ് ഉയർന്ന വേഗം. 3kWh ബാറ്ററി പായ്ക്ക് നൽകുന്ന റേഞ്ച് 120 കിലോമീറ്ററാണ്. ഏറ്റവും ഉയർന്ന മോഡലിൽ മാത്രമേ ഈ റേഞ്ച് ലഭ്യമാകുകയുള്ളൂ. മറ്റു രണ്ടു വേരിയന്റുകളിലും 2.3kWh ബാറ്ററിയാണ്. 90 കിലോമീറ്ററാണ് ഇവ നൽകുന്ന റേഞ്ച്. 

16 ഇഞ്ച് അലോയ്‌വീലുകൾ, നിർദ്ദേശങ്ങളും നാവിഗേഷനും നൽകുന്ന 5 ഇഞ്ച് കളർ ടി എഫ് ടി ഡിസ്പ്ലേ, ക്രൂയിസ് കൺട്രോൾ, ഹിൽ-ഹോൾഡ് അസ്സിസ്റ്റൻസ്, ഫോൾ-സേഫ് ടെക്നോളജി തുടങ്ങി ധാരാളം ഫീച്ചറുകൾ കമ്പനി ഈ വാഹനത്തിനു നൽകിയിട്ടുണ്ട്.

English Summary:

Arjun Kapoor Ditches Gas Guzzlers, Embraces Electric with BGauss Scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com