ADVERTISEMENT

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ ഗ്രൂപ്പിന്റെ ഓഹരികള്‍ സ്വന്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിച്ച് മഹീന്ദ്ര. യൂറോപില്‍ നിന്നുള്ള കാര്‍ നിര്‍മാണ ഗ്രൂപ്പായ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണിന്റെ ഇന്ത്യയിലെ 50 ശതമാനം ഓഹരികള്‍ വാങ്ങാന്‍ മഹീന്ദ്രക്ക് പദ്ധതിയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഒരു ബില്യണ്‍ ഡോളറിന്റെ(ഏകദേശം 8,358 കോടി രൂപ) കരാറില്‍ ഇരു കമ്പനികള്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടിനെ പൂര്‍ണമായി തള്ളിക്കളയാന്‍ മഹീന്ദ്ര തയാറായിട്ടില്ല. 

സ്‌കോഡ, ലംബോര്‍ഗിനി, പോഷെ, ഫോക്‌സ്‌വാഗണ്‍ എന്നിങ്ങനെയുള്ള പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ ഉള്‍പ്പെട്ട ഗ്രൂപ്പാണ് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ. വൈദ്യുത കാറുകളുടെ നിര്‍മാണത്തില്‍ ഇപ്പോള്‍ തന്നെ മഹീന്ദ്രയും സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയും തമ്മില്‍ സഹകരിക്കുന്നുണ്ട്. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ എംഇബി പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങള്‍ പങ്കുവെക്കാനുള്ള കരാറില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ മഹീന്ദ്ര ഒപ്പു വെച്ചിരുന്നു. എംഇബി പ്ലാറ്റ്‌ഫോം അടുത്ത അഞ്ചു വര്‍ഷത്തേക്കാണ് മഹീന്ദ്രയുമായി പങ്കുവയ്ക്കുക. മഹീന്ദ്രയുടെ INGLO കാര്‍ പ്ലാറ്റ്‌ഫോം നിര്‍മാണത്തിന് ഈ കരാര്‍ നിര്‍ണായകമാണ്. 

സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ 50 ശതമാനം ഓഹരികള്‍ വാങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ പ്രചാരണം മാത്രമാണെന്നാണ് മഹീന്ദ്ര ഔദ്യോഗികമായി പ്രതികരിച്ചിരിക്കുന്നത്. 'ഇരു കമ്പനികളും ഒന്നിക്കുന്ന കാര്യത്തില്‍ ഇതുവരെ ഉറച്ച തീരുമാനങ്ങളായിട്ടില്ല. ഉചിതമായ സമയത്ത് ഇതേക്കുറിച്ച് പ്രതികരിക്കും' എന്നും മഹീന്ദ്രയുടെ വിശദീകരണം കുറിപ്പ് പറയുന്നു. നേരത്തെ ഫോര്‍ഡ് ഇന്ത്യയില്‍ 50 ശതമാനം ഓഹരി മഹീന്ദ്രക്കുണ്ടായിരുന്നു. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ കുറഞ്ഞത് 50 ശതമാനം ഓഹരികള്‍ വാങ്ങാനാണ് മഹീന്ദ്ര ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്. 

ഉടനെ സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങിയില്ലെങ്കില്‍ പോലും ഭാവിയിലെ സഹകരണ സാധ്യതയെ മഹീന്ദ്ര തള്ളിക്കളയുന്നുമില്ല. 'സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ മഹീന്ദ്ര ആന്റ് മഹീന്ദ്രയും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പും പരിശോധിക്കും' എന്നാണ് ഇക്കാര്യത്തില്‍ മഹീന്ദ്ര നല്‍കുന്ന വിശദീകരണം. മഹീന്ദ്ര വൈദ്യുത കാറുകള്‍ക്കു മാത്രമായാണ് INGLO പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കുന്ന അഞ്ച് ഇവികള്‍ മഹീന്ദ്ര പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ INGLO പ്ലാറ്റ്‌ഫോമിലെ മഹീന്ദ്രയുടെ ആദ്യ വാഹനം പുറത്തിറങ്ങും. 60kWh- 80kWh ബാറ്ററി കപ്പാസിറ്റിയുള്ള 30 മിനുറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന വാഹനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നുണ്ട്. 

English Summary:

Mahindra Responds Skoda Volkswagen India Acquisition Rumors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com