കാറിലെ ഓഡിയോ സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ലേ? കാരണം ഇതാവാം
Mail This Article
ഒരു പാട്ടും കേട്ട് കാറോടിച്ചു പോകുന്നതിന്റെ സുഖം, ഓഫീസിലേക്കാണെങ്കിലും മറ്റെവിടേക്കാണെങ്കിലും അതൊന്നു വേറെ തന്നെയാണ്. കാറിലെ ഓഡിയോ സിസ്റ്റം നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതെല്ലാം താളം തെറ്റുകയും ചെയ്യും. കാറിലെ ഓഡിയോ സിസ്റ്റം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് വേണ്ട ശ്രദ്ധയും പരിചരണവും നല്‍കേണ്ടതുണ്ട്. താളം തെറ്റാത്ത പാട്ടും കേട്ട് യാത്ര ചെയ്യാന്‍ സഹായിക്കുന്ന ചില ടിപ്പുകള്‍ നോക്കിയാലോ.
ഓഡിയോ സിസ്റ്റം വൃത്തിയോടെ വെക്കുകയെന്നത് വളരെ നിര്‍ണായകമാണ്. ഹെഡ് യൂണിറ്റും സ്പീക്കറുകളും ആംബ്ലിഫയറുകളുമെല്ലാം കൃത്യമായ ഇടവേളകളില്‍ മൈക്രൈ ഫൈബര്‍ തുണികൊണ്ട് തുടച്ച് വൃത്തിയാക്കണം. അതേസമയം തുണിയില്‍ വൃത്തിയാക്കാനുപയോഗിക്കുന്ന രാസവസ്തുക്കളൊന്നും ഉപയോഗിക്കരുത്. ഇത്തരം രാസവസ്തുക്കള്‍ ഓഡിയോ സിസ്റ്റത്തെ ബാധിച്ചേക്കാം. ഏതെങ്കിലും കണക്ഷനുകള്‍ വിട്ടു കിടക്കുന്നുണ്ടോ എന്നും മറ്റും ഇതിനിടെ ശ്രദ്ധിക്കാം.
കാറിനുള്ളിലെ ഈര്‍പ്പം അധികമായാല്‍ അത് ഓഡിയോ സിസ്റ്റത്തിന്റെ പ്രധാന ശത്രുവായി മാറും. മഴയുള്ളപ്പോഴും തണുത്ത കാലാവസ്ഥയിലും കാറിന്റെ വിന്‍ഡോ അധികം തുറന്നു വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അതുപോലെ ഉയര്‍ന്ന ശബ്ദത്തില്‍ ദീര്‍ഘ നേരം പാട്ടുകള്‍ വെക്കുന്നത് നിങ്ങളുടെ ചെവിക്കു മാത്രമല്ല ഓഡിയോ സിസ്റ്റത്തിനും ദോഷമാണ്.
ഉയര്‍ന്ന ശബ്ദത്തിലാണെങ്കില്‍ മികച്ച നിലവാരത്തിലുള്ള ഓഡിയോ ഫയലുകളാണ് പ്ലേ ചെയ്യുന്നതെന്നതും ഉറപ്പുവരുത്തണം. വലിയ ചൂട് കാറിന്റെ പുറം ഭാഗത്തു മാത്രമല്ല അകത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഉയര്‍ന്ന ചൂടില്‍ നിന്നും കാറിനെ ഒഴിവാക്കുന്നതു വഴി സ്പീക്കറുകളുടെ ആയുസു കൂട്ടാനുമാവും. പരമാവധി തണലില്‍ കാര്‍ പാര്‍ക്കു ചെയ്യാന്‍ ശ്രദ്ധിക്കുക. നേരിട്ട് സൂര്യപ്രകാശം അടിക്കുന്നിടത്ത് ദീര്‍ഘ സമയം കാര്‍ പാര്‍ക്കു ചെയ്യേണ്ടി വന്നാല്‍ കാര്‍ കവര്‍ ഉപയോഗിക്കുന്നതും ചൂടില്‍ നിന്നും സംരക്ഷണം നല്‍കും.
മറ്റേതൊരു യന്ത്രവും പോലെ ദീര്‍ഘകാലം പ്രവര്‍ത്തിപ്പിക്കാതിരിക്കുന്നത് കാറിലെ ഓഡിയോ സിസ്റ്റത്തിനും ദോഷമാണ്. കാറിന്റെ എന്‍ജിനും മറ്റു ഭാഗങ്ങളും പോലെ അധിക കാലം ഓഡിയോ സിസ്റ്റവും പ്രവര്ത്തിപ്പിക്കാതിരിക്കരുത്. ഇടക്കിടെ ഉപയോഗിക്കുന്നതാണ് ഓഡിയോ സിസ്റ്റത്തിനും നല്ലത്. അതുപോലെ കാര്‍ എന്ജിന് ഓഫാക്കുന്നതിന് മുമ്പ് ഓഡിയോ സിസ്റ്റം ഓഫാക്കണം. ഇത് വോള്‍ട്ടേജ് വര്‍ധനവ് മൂലമുണ്ടാവുന്ന അനാവശ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
ഓഡിയോ സിസ്റ്റം കാറിലെ മറ്റു ചില ഭാഗങ്ങളുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ പ്രധാനമാണ് ബാറ്ററി. ഓഡിയോ സിസ്റ്റം പ്രവര്‍ത്തിക്കുന്നത് ബാറ്ററിയില്‍ നിന്നുള്ള ഊര്‍ജ്ജം ഉപയോഗിച്ചാണ്. കൃത്യമായി ബാറ്ററി പരിപാലിക്കപ്പെടുന്നുവെന്നത് കാറിന്റെ ഓഡിയോ സിസ്റ്റത്തിനും മികച്ച ആരോഗ്യവും ദീര്‍ഘായുസും നല്‍കും.