പുതിയ നിസാൻ മാഗ്നൈറ്റ് വിപണിയിൽ, വില 5.99 ലക്ഷം മുതൽ
Mail This Article
ചെറു എസ്‍യുവി മാഗ്‌നൈറ്റിന്റെ പുതിയ രൂപം വിപണിയിൽ. ഒരു ലീറ്റർ പെട്രോൾ, പെട്രോൾ എഎംടി, ടർബോ പെട്രോൾ, പെട്രോൾ സിവിടി ഗിയർബോക്സുകളിൽ ലഭിക്കുന്ന വാഹനത്തിന്റെ വില 5.99 ലക്ഷം രൂപ മുതൽ 11.50 ലക്ഷം രൂപ വരെയാണ്.
വലുപ്പം കൂടിയ ഗ്രില്ലാണ് മുന്നിലെ പ്രധാന മാറ്റം. ഗ്രില്ലിൽ കൂടുതൽ ക്രോം, ഗ്ലോസ് ബ്ലാക് എലമെന്റും നൽകിയിരിക്കുന്നു. മാറ്റങ്ങൾ വരുത്തിയ ഹെഡ്‌ലാംപും എല്‍ഇഡി ഡിആര്‍എല്ലുമാണ് മാഗ്‌നൈറ്റിന്. വശങ്ങളിൽ വലിയ മാറ്റങ്ങളില്ല, പുതിയ 16 ഇഞ്ച് അലോയ് വീലുകളാണ്. പിന്നിൽ എൽഇഡി ടെയിൽ ലാംപുകൾ. ഓൾ ബ്ലാക് തീമിന് പകരം കോപ്പർ ആൻഡ് ബ്ലാക് ഫിനിഷുള്ള ഡാഷ്ബോർഡാണ് നൽകിയിരിക്കുന്നത്.
ഡോർ പാഡുകൾക്കും സീറ്റ് അപ്ഹോൾസറിക്കും ഡ്യുവൽ ടോൺ ഫിനിഷ് നൽകിയിരിക്കുന്നു. എന്നാൽ മുൻ തലമുറയിലെ ബ്ലാക്, സിൽവ്വർ ഫിനിഷുള്ള സ്റ്റിയറിങ് വീൽ ഓൾ ബ്ലാക്കിലേക്ക് മാറിയിട്ടുണ്ട്. ഡാഷ്ബോർഡിലും ഡോർ പാഡുകളിലും നാലു നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റുകൾ നൽകിയിട്ടുണ്ട്.
എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, റിയർ എസി വെന്റ്, 360 ഡിഗ്രി കാമറ, വയർലെസ് ചാർജർ, അപ്ഡേറ്റഡ് 7 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, പുതിയ ഓട്ടോ ഹെഡ്‌ലാംപ്, ഓട്ടോഡിമ്മിങ് റിയർവ്യൂ മിറർ, പുതിയ സി ടൈപ് ചാർജിങ് പോർട്, റിമോട്ട് സ്റ്റാർട്ടുള്ള പുതിയ കീഫോബ് എന്നിവയുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും ഇഎസ്‌സിയും ത്രീ പോയിന്റ് സീറ്റ് ബെൽറ്റും നൽകിയിട്ടുണ്ട്.
എൻജിനിൽ കാര്യമായ മാറ്റങ്ങളില്ല. 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിൻ മോഡൽ 72എച്ച്പി കരുത്തും 96 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. ടര്‍ബോചാര്‍ജ്ഡ് എന്‍ജിനാണെങ്കില്‍ കരുത്ത് 100എച്ച്പിയും ടോര്‍ക്ക് 160 എന്‍എമ്മും. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി, സിവിടി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. മാനുവൽ ഗിയർബോക്സ് രണ്ട് എൻജിനുകളിലും ലഭിക്കും എന്നാൽ എംഎംടി ഗിയർബോക്സ് 1.0 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എൻജിനിലും സിവിടി ഗിയർബോക്സ് ടർബോ പെട്രോൾ എൻജിനിലും മാത്രം.