മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‍യുവി ബിഇ.05 അടുത്ത വർഷം ആദ്യം
Mail This Article
മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‍യുവി ബിഇ.05 അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ചാക്കനിലെ പ്ലാന്റിൽ നിർമിക്കുന്ന എസ്‍യുവി ജനുവരിയിൽ പുറത്തിറങ്ങുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. INGLO പ്ലാറ്റ്‌ഫോമില്‍ നിർമിക്കുന്ന ഈ വൈദ്യുത വാഹനം അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഡിസൈൻ, അളവുകള്‍
വ്യത്യസ്തമായ സ്റ്റൈലിങ്ങോടു കൂടിയാണ് വാഹനം എത്തുന്നത്. 4370 എംഎം നീളവും 1900 എംഎം വീതിയും 1635 എംഎം ഉയരവും 2775 വീൽബേസുമുണ്ട്. സി ആകൃതിയിലുള്ള ലൈറ്റുകളും ഷാർപ്പ് ആംഗിളുകളും വലിയ വീലുകളുമെല്ലാം വലിയ എസ്‍യുവി ലുക്ക് നൽകുന്നുണ്ട്. ഗ്ലോസി ബ്ലാക് ഫിനിഷിലുള്ള ഗ്രില്ലും ഹെഡ്‌ലൈറ്റ് ക്ലസ്റ്റർ സറൗണ്ടിങ്ങുകളും മിറർ ക്യാപുമെല്ലാം പ്രീമിയം ലുക്ക് നൽകുന്നു.
ഇന്റീരിയർ
രണ്ട് സ്ക്രീനുകളുണ്ട് ഇന്റീരിയറിൽ. ഇലുമിനേറ്റഡ് ലോഗോയുള്ള രണ്ട് സ്പോക് സ്റ്റിയറിങ് വീലാണ്. ഡ്യുവൽ ടോൺ ഇന്റീരിയറിന് പ്രീമിയം ഫിനിഷുണ്ട്. ധാരാളം ഫീച്ചറുകള്‍ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം.
റേഞ്ച്, ബാറ്ററി, പെർഫോമൻസ്
ബെസ്റ്റ് ഇൻ ക്ലാസ് റൈഡും ഹാൻഡിലിങ്ങുമാണ് വാഹനത്തിന്. റിയർവീൽ, ഓൾ വീൽ ഡ്രൈവ് മോഡലുകൾ പ്രതീക്ഷിക്കാം. ഫോക്സ്‌വാഗണിന്റെ എപിപി 550 മോട്ടർ ഉപയോഗിക്കാനുള്ള സഹകരണത്തിന്റെ ചർച്ചകളിലാണ് മഹീന്ദ്ര, എന്നാൽ 286 എച്ച്പി കരുത്തും 535 എൻഎം ടോർക്കുമുള്ള ഈ മോട്ടറാണോ ഉപയോഗിക്കുക എന്ന് വ്യക്തമല്ല. 60kWh, 79kWh റേഞ്ചിലുള്ള രണ്ട് ബാറ്ററികളാണ് എസ്‍യുവിയിലുണ്ടാകുക. 450 കിലോമീറ്ററിൽ അധികം റേഞ്ച് പ്രതീക്ഷിക്കാം. 80 ശതമാനം വരെ ചാര്‍ജ് 20 മിനിറ്റിൽ ആവുന്ന 175kW വരെയുള്ള ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവുള്ള ബാറ്ററികളും പ്രതീക്ഷിക്കാം.