ADVERTISEMENT

അമിതവേഗം ആപത്തു ക്ഷണിച്ചു വരുത്തുമെന്ന കാര്യത്തിൽ സംശയമില്ല. ട്രാഫിക് നിയമത്തിൽ ഓരോ പാതകളിലും പാലിക്കേണ്ട വേഗപരിധി എത്രയെന്നു കൃത്യമായി തന്നെ പറയുന്നുണ്ട്. ഗ്രാമങ്ങളിലൂടെയാണ് യാത്രയെങ്കിൽ 50 കിലോമീറ്റർ മാത്രം വേഗത്തിലായിരിക്കണം യാത്ര. എന്നാൽ ഇത്തരം കാര്യങ്ങൾക്കൊന്നും യാതൊരു വിലയും കൽപ്പിക്കാതെ, ഡ്രൈവിങ് മികവ് മുഴുവൻ പുറത്തെടുത്ത്, ശരവേഗത്തിൽ പായുകയും അപകടമുണ്ടാക്കുകയും ചെയ്ത വാഹനത്തിന്റെ ഡ്രൈവറെ നല്ല രീതിയിൽ തന്നെ നാട്ടുകാർ കൈകാര്യം ചെയ്ത വാർത്തയും വിഡിയോയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

ഉത്തരാഖണ്ഡിലെ റൂർക്കിയിലാണ് സംഭവം നടന്നത്. ഒരു ഇടുങ്ങിയ വഴിയിലൂടെ അതിവേഗത്തിലാണ് എസ് യു വിയുടെ യാത്ര. എതിർദിശയിലൂടെ പെട്ടെന്നൊരു ബൈക്ക് എത്തിയതോടെ വാഹനം നിർത്താൻ കഴിയാതെ വെട്ടിച്ചു മാറ്റുന്നു. തുടർന്ന് എസ് യു വി മറ്റൊരു ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം സമീപമുണ്ടായിരുന്ന കടയിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. ചെറിയ വഴിയാണെങ്കിലും അതിലൂടെ ആളുകൾ നടക്കുന്നതും ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്നതുമൊക്കെ കാണുവാൻ കഴിയും. അപകടത്തിൽ ആളപായമൊന്നുമില്ലെങ്കിലും എസ് യു വി ഇടിച്ചു തെറിപ്പിച്ച ബൈക്കിൽ യാത്ര ചെയ്തിരുന്ന വ്യക്തിയ്ക്ക്‌ ഗുരുതരമായ പരിക്കുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

അപകടം നടന്നതിന് ശേഷം വാഹനത്തിൽ സഞ്ചരിച്ചിരുന്നവരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ കയ്യാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു. അപകടസ്ഥലത്ത് തടിച്ചു കൂടിയവർ വാഹനം സാരമായ രീതിയിൽ തന്നെ നശിപ്പിച്ചു. പൊലീസ് എത്തിയാണ് അക്രമികളായ നാട്ടുകാരെ പിരിച്ചു വിട്ടത്. വാഹനം ഇടിച്ചു കയറിയ കട പൂർണമായും തകർന്നു. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗവുമാണ് അപകടത്തിന് കാരണമെന്നു സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അക്രമാസക്തരായ നാട്ടുകാരെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ വിഡിയോ കണ്ടവർ പ്രതികരിക്കുന്നുണ്ട്.

English Summary:

Speeding SUV Sparks Outrage: Mob Justice in Roorkee After Accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com