ADVERTISEMENT

ബിവൈഡിയുടെ ഇലക്ട്രിക് എംപിവി ഇ–മാക്സ് 7 വിപണിയിൽ. രണ്ട് മോഡലുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ പ്രീമിയം ട്രിമ്മിന്റെ ആറ് സീറ്റ് മോഡലിന് 26.90 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 27.50 ലക്ഷം രൂപയുമാണ് വില. ഉയർന്ന മോഡലായ സുപ്പീരിയറിന്റെ ആറ് സീറ്റ് ട്രിമ്മിന് 29.30 ലക്ഷം രൂപയും ഏഴ് സീറ്റ് മോഡലിന് 29.9 ലക്ഷം രൂപയുമാണ് വില. 

byd-emax7-2

ബിവൈഡിയുടെ ഇന്ത്യയിലെ ആദ്യ വാഹനം ഇ6 ന്റെ പുതുക്കിയ രൂപമാണ് ഇ–മാക്സ് 7. ഇ6ന് പകരക്കാരനായി എത്തുന്ന വാഹനത്തിന് ഏറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സെപ്റ്റംബർ 20 മുതൽ 51000 രൂപ നൽകി പുതിയ വാഹനം ബുക്ക് ചെയ്യാമെന്നും ബിവൈഡി പറയുന്നു. 

പുറംകാഴ്ച

മാറ്റങ്ങൾ വരുത്തിയ ഹെ‍ഡ്‌ലാംപും ടെയിൽ ലാംപുമാണ് വാഹനത്തിന്. ബംബറിന് പൂർണമായും മാറ്റങ്ങളുണ്ട്, ബംബറിന്റെ വശങ്ങളിൽ ക്രോം ഇൻസേർട്ടുകൾ നൽകിയിരിക്കുന്നു.  പുതിയ ഡിസൈനിലുള്ള 17 ഇഞ്ച് അലോയ് വീലുകളുണ്ട്. ക്വാർട്സ് ബ്ലൂ, ഹാർബർ ഗ്രേ, ക്രിസ്റ്റൽ വൈറ്റ്, കോസ്മോ ബ്ലാക് എന്നീ നിറങ്ങളിൽ പുതിയ വാഹനം ലഭിക്കും.

byd-emax7-3

സ്റ്റൈലൻ ഇന്റീരിയർ

ഇന്റീരിയറിലെ പ്രധാന മാറ്റം 12.8 ഇഞ്ച് ഫ്ലോട്ടിങ് ടച്ച് സ്ക്രീൻഇൻഫോടെയിൻമെന്റ് സിസ്റ്റമാണ്. ഇ6ൽ ഇത് 10.1 ഇഞ്ചായിരുന്നു. ഡാഷ് ബോർഡിൽ സോഫ്റ്റ് ടച്ച് മെറ്റീരിയലുകൾ നൽകിയിട്ടുണ്ട്.  സെന്റർ കൺസോളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, രണ്ട് വയർലെസ് ചാർജിങ് പാഡുകളും പുതിയ സ്വിച്ച്ഗിയറും പുതിയ ഡ്രൈവ് സെലക്റ്റർ ലിവറും നൽകിയിരിക്കുന്നു.  പുതിയ സ്റ്റിയറിങ് വീലാണ്. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ അനലോഗ് ഡയലുകൾ നിലനിർത്തിയിരിക്കുന്നു കൂടാതെ 5 ഇഞ്ച് എൽസിഡി എംഐഡി ഡിസ്പ്ലെയുമുണ്ട്.  ഉയർന്ന മോഡലയായ സുപ്പീരിയർ എത്തുന്നത് ലെവൽ 2 എഡിഎഎസ് സാങ്കേതികതയുമായിട്ടാണ്. കൂടാതെ ഫിക്സ‍ഡ് പനോരമിങ് ഗ്ലാസ് റൂഫ്, പവേർഡ് ആന്റ് വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ഫ്രെയിംലെസ് മുൻ വൈപ്പറുകൾ, റൂഫ് റെയിൽ എന്നിവ നൽകിയിരിക്കുന്നു. അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയർബാഗുകളും 360 ഡിഗ്രി ക്യാമറയുമുണ്ട്. 

byd-emax7-1

രണ്ട് ബാറ്ററി പായ്ക്കുകൾ

രണ്ട് ബാറ്ററി ഓപ്ഷനോടു കൂടിയാണ് വാഹനം എത്തുന്നത്. ബിവൈഡിയുടെ ബ്ലേഡ് സാങ്കേതിക വിദ്യയിലുള്ള ബാറ്ററിയാണ്. ബേസ് മോഡലായ പ്രീമിയത്തിൽ 55.4 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 420 കിലോമീറ്ററാണ് റേഞ്ച്. സുപ്പീരിയറിൽ ഉപയോഗിക്കുന്ന 71.8 കിലോവാട്ട് ബാറ്ററി 530 കിലോമീറ്റർ റേഞ്ച് നൽകും. പ്രീമിയത്തിന് 163 എച്ച്പി കരുത്തുണ്ട്, വേഗം 100 കടക്കാൻ 10.1 സെക്കൻഡ് മാത്രം മതി. സുപ്പീരിയറിന്റെ കരുത്ത് 204 എച്ച്പി, വേഗം നൂറ് കടക്കാൻ വെറും 8.6 സെക്കൻഡ് മാത്രം മതി. ഇരു മോഡലുകളുടേയും ടോർക്ക് 310 എൻഎമ്മാണ്. മുൻമോഡലായ ഇ6ന് 95 ബിഎച്ച്പി കരുത്തും 180 എൻഎം ടോർക്കുമായിരുന്നു. 

byd-emax7-5

ഇരു മോഡലുകളുടേയും ഉയർന്ന വേഗം 180 കിലോമീറ്ററാണെന്ന് ബിവൈഡി പറയുന്നു. 7 കിലോവാട്ട് എസി ചാർജർ ബിവൈഡി നൽകുന്നുണ്ട്. പ്രീമിയം മോഡല് 89 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിങ്ങും സുപ്പീരിയർ 115 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജിങ്ങും സപ്പോർട്ട് ചെയ്യും. എൺപതി ശതമാനം വരെ ചാർജ് ആകാൻ 37 മിനിറ്റ് മാത്രം മതി. ബാറ്ററിക്ക് 8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വാറന്റിയും മോട്ടറിന് 8 വർഷം അല്ലെങ്കിൽ 1.5 ലക്ഷം കിലോമീറ്റർ വാറന്റിയുമുണ്ട്.

English Summary:

BYD eMax 7 MPV launched at Rs 26.9 lakh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com