കാർ വാങ്ങുമ്പോൾ വില മാത്രമല്ല, ഇത്തരം ചെലവുകൾ കൂടി പരിഗണിക്കണം
Mail This Article
കാറിനു വേണ്ടി വരുന്ന ചെലവുകളില്‍ പലരും പരിപാലന ചെലവുകളെ കണക്കിലെടുക്കാറില്ല. അപ്രതീക്ഷിതമായെത്തുന്ന ചെലവുകള്‍ പല കാറുടമകള്‍ക്കും തിരിച്ചടിയാവാറുമുണ്ട്. കാര്‍ വാങ്ങുമ്പോള്‍ മുടക്കേണ്ടി വരുന്ന ചെലവുകള്‍ മാത്രമല്ല ഭാവിയിലെ പരിപാലന ചെലവുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വലിയ സാമ്പത്തിക ബാധ്യതയാവാതെ മുന്നോട്ടു പോവാനും സാധിക്കും.
കാറുകളുടെ പരിപാലനചെലവ് ഒരിക്കലും പൂര്‍ണമായും ഒഴിവാക്കാനാവില്ല. കൃത്യമായ ഇടവേളകളിലെ സര്‍വീസുകളും ഓയില്‍ ചെയിഞ്ചും ടയര്‍ റൊട്ടേഷനും ബ്രേക്ക് പരിശോധനയുമെല്ലാം വാഹനത്തിന്റെ ആരോഗ്യവും യാത്രാ സുഖവും വര്‍ധിപ്പിക്കും. മാത്രമല്ല യാത്രകളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം പരിശോധനകള്‍ സഹായിക്കും. കാര്‍ സര്‍വീസുകള്‍ക്കിടയില്‍ കണ്ടെത്തുന്ന ചെറിയ പല പ്രശ്നങ്ങളും തുടക്കത്തിലേ പരിഹരിച്ചാല്‍ വലിയ പ്രതിസന്ധികളില്‍ നിന്നും ചെലവുകളില്‍ നിന്നും രക്ഷപ്പെടാനുമാവും.
എത്ര ഇടവേളകളില്‍ വാഹനം പരിശോധിക്കണം? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇതിന് എത്രചെലവു വരും എന്നതിനെക്കുറിച്ചെല്ലാം വാഹന ഉടമകള്ക്ക്ഏകദേശ ധാരണ നല്ലതാണ്. ഏതുമാസത്തിലായിരിക്കും കാറിനായി അധിക ചെലവു വേണ്ടി വരികയെന്നതിനെക്കുറിച്ച് മനസിലാക്കാന്‍ ഇത് സഹായിക്കം. കാര്‍ സര്‍വീസുകളും പരിശോധനയുമെല്ലാം നീട്ടിവെച്ചാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാത്ത കാരണം കൊണ്ട് വഴിയില്‍ വാഹനം കിടന്നു പോവാന്‍ പോലും സാധ്യതയുണ്ട്.
വാഹനത്തിന്റെപഴക്കം, ഉപയോഗിക്കുന്ന കാര്‍ ബ്രാന്‍ഡ്, ഡ്രൈവിങ് ശീലങ്ങള്‍ എന്നിങ്ങനെ പല ഘടകങ്ങള്‍ കാറിലെ അറ്റകുറ്റപണികളേയും അവക്കു വേണ്ടി വരുന്ന ചെലവിനേയും സ്വാധീനിക്കാറുണ്ട്. നമ്മള് ഉപയോഗിക്കുന്ന കാര്‍ മോഡലും അവയുടെ ഭാഗങ്ങളുടെ ലഭ്യതയുമെല്ലാം ചെലവ് വര്‍ധിപ്പിക്കാറുണ്ട്. സാമ്പത്തിക ലാഭം നോക്കി യൂസ്ഡ് കാര്‍ വാങ്ങി അറ്റകുറ്റ പണികള്‍ നടത്തിയ വന്‍ തുക ചെലവായവരും കുറവല്ല. പ്രത്യേകിച്ച് യൂസ്ഡ്കാര്‍ വിപണിയില്‍ വില കുറവുള്ള മോഡലുകളുടെ കാര്യത്തില്‍ അറ്റകുറ്റപ്പണി വലിയ പ്രതിസന്ധിയാവാറുണ്ട്.
അറ്റകുറ്റപണികള്‍ വേണ്ടി വരുന്ന സമയത്ത് ആഡംബര കാറുകള്‍ക്കും വലിയ ചെലവു വരാറുണ്ട്. പല ആഡംബര കാറുകളുടേയും പാര്‍ട്സുകള്‍ക്കും വലിയ വില നല്‍കേണ്ടി വരും. മാത്രമല്ല മറ്റു കാറുകളെ അപേക്ഷിച്ച് സ്പെഷലൈസ്ഡ് സര്വീസായതിന്റെ പേരിലും ചെലവ് കൂടുതല്‍ വേണ്ടി വരാറുണ്ട്. അപ്രതീക്ഷിതമായി വരുന്ന അറ്റകുറ്റപണികളാണ് ആഡംബര കാറുടമകള്‍ക്കും തിരിച്ചടിയാവാറ്.
ഇന്ത്യയെ പോലെ വ്യത്യസ്തമായ കാലാവസ്ഥയുള്ള നാടുകളില്‍ കാറുകളുടെ അറ്റകുറ്റപണികള്‍ പല തരത്തിലുള്ള വെല്ലുവിളികള്‍ നേരിടാറുണ്ട്. കനത്ത ചൂടുള്ള പ്രദേശങ്ങളില്‍ കാറുകളുടെ ബാറ്ററിയെ ദോഷമായി ബാധിക്കാനും കനത്ത മഴയുള്ള പ്രദേശങ്ങളില്‍ കാറുകളില്‍ തുരുമ്പ് വരാനുമുള്ള സാധ്യത ഏറെയാണ്. മോശം റോഡുകളും കയറ്റിറക്കങ്ങളുമുള്ള പ്രദേശങ്ങളില്‍ സാധാരണയിലും വേഗത്തില്‍ ടയറുകളും സസ്പെന്‍ഷനുമെല്ലാം മാറ്റേണ്ടി വരാറുമുണ്ട്.
വാഹനങ്ങളുടെ അറ്റകുറ്റപണികള്‍ ഒഴിവാക്കുകയെന്നത് പ്രായോഗികമല്ല. ഇക്കാര്യം ഉള്‍ക്കൊണ്ടുകൊണ്ട് പരിപാലന ചെലവുകള്‍ കൂടി മനസില്‍ കണ്ടു വേണം കാറുകള്‍ തെരഞ്ഞെടുക്കാന്‍. യൂസ്ഡ് കാറുകള്‍ക്ക് താരതമ്യേന മുടക്കു മുതല്‍ കുറവെങ്കിലും അറ്റകുറ്റപണികള്‍ക്ക് ചെലവു വരാറുണ്ട്. അതേസമയം പുതിയ വാഹനമാണെങ്കില്‍ ആദ്യ വര്‍ഷങ്ങളിലെങ്കിലും താരതമ്യേന കുറഞ്ഞ പരിപാലന ചെലവില്‍ മുന്നോട്ടു പോവാനും സാധിക്കും.
കാറുകളുടെ അറ്റകുറ്റ പണികള്‍ക്ക് ഔദ്യോഗിക സര്‍വീസ് സെന്ററുകള്‍ വേണോ സാധാരണ വര്‍ക്ക്ഷോപുകള്‍ മതിയോ എന്ന തിരഞ്ഞെടുപ്പും ശ്രദ്ധയോടെ വേണം. ഔദ്യോഗിക സര്‍വീസ് സെന്ററുകളില്‍ പൊതുവില്‍ ചെലവ് കൂടാറുണ്ട്. എന്നാല്‍ അറ്റകുറ്റപണികള്‍ക്ക് ശരിയായ പരിശീലനം ലഭിച്ചവരുണ്ടെന്നതും മികച്ച പാര്‍ട്ടുകള്‍ ഉപയോഗിക്കുന്നുവെന്നതും ഔദ്യോഗിക സര്‍വീസ് സെന്ററുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നുണ്ട്. അതേസമയം വിശ്വാസ്യതയും പരിചയസമ്പത്തുമുള്ള വര്‍ക്ക് ഷോപ്പുകളെ പരിചയമുണ്ടെങ്കില്‍ പരിഗണിച്ച് അവരുടെ സേവനം തിരഞ്ഞെടുക്കുന്നതിലും തെറ്റില്ല.