ADVERTISEMENT

കിയ ഇന്ത്യയെ സംബന്ധിച്ച് 2024ല്‍ പതിഞ്ഞ തുടക്കമായിരുന്നു. മുഖം മിനുക്കിയെത്തിയ സോണറ്റ് മാത്രമാണ് ഈവര്‍ഷം ആദ്യം ഇറങ്ങിയത്. പിന്നീട് രണ്ട് പുതിയ മോഡലുകളെത്താന്‍ ഒക്ടോബര്‍ വരെ കാത്തിരിക്കേണ്ടി വന്നു. മുഖം മിനുക്കിയെത്തിയ കിയ കാര്‍ണിവലും ഫ്‌ളാഗ്ഷിപ്പ് ഇവ 9 എസ് യു വിയുമാണ് ഈ മാസം മൂന്നിനെത്തിയ താരങ്ങള്‍. അടുത്തവര്‍ഷം കുറഞ്ഞത് മൂന്ന് പുതിയ കിയ മോഡലുകളെങ്കിലും പുറത്തിറങ്ങും. 

കിയ കാരന്‍സ് ഫേസ്‌ലിഫ്റ്റ്

2022ലാണ് ഇന്ത്യയില്‍ കിയ കാരന്‍സ് അവതരിപ്പിക്കുന്നത്. സെല്‍റ്റോസ് അടിസ്ഥാനമാക്കിയുള്ള ഈ എംപിവി മുഖം മിനുക്കി പുതിയ ഫീച്ചറുകളും രൂപഭാവങ്ങളുമായി അടുത്തവര്‍ഷമെത്തും. പുതിയ എല്‍ഇഡി ലാംപുകള്‍, മുന്‍ഭാഗത്തെ ഡിസൈനില്‍ മാറ്റം, പുതിയ ബംപറുകളും വീലുകളും, മാറ്റം വരുത്തിയ ടെയില്‍ ലാംപുകളും പിന്‍ഭാഗവും എന്നിവയെല്ലാം പ്രതീക്ഷിക്കാം. 

അപോള്‍സ്ട്രിയിലും എയര്‍ പാനലുകളിലും മൊത്തത്തില്‍ കാബിന്‍ ലേഔട്ടില്‍ അടക്കം മാറ്റങ്ങളുണ്ടാവും. കൂടുതല്‍ ഉപകരണങ്ങള്‍ വാഹനത്തില്‍ അവതരിപ്പിക്കാനും ടച്ച്‌സ്‌ക്രീന്‍ പുതിയ രൂപത്തിലെത്താനും സാധ്യതയുണ്ട്. നിലവില്‍ കാരന്‍സില്‍ രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, വെന്റിലേറ്റഡ് മുന്‍ സീറ്റുകള്‍, സിംഗിള്‍ പെയ്ന്‍ സണ്‍റൂഫ് എന്നിവയുമുണ്ട്. ഫേസ്‌ലിഫ്റ്റില്‍ പനോരമിക് സണ്‍റൂഫിനുള്ള സാധ്യതയും തള്ളാനാവില്ല. ലെവല്‍ 2 ADAS സുരക്ഷാ ഫീച്ചറുകളും 360 ഡിഗ്രി ക്യാമറയും പ്രതീക്ഷിക്കാം. പവര്‍ട്രെയിനില്‍ മാറ്റത്തിന് സാധ്യതയില്ല. 

കിയ കാരന്‍സ് ഇവി

കാരന്‍സിന്റെ ഇവി പതിപ്പും അടുത്തവര്‍ഷം കിയ പുറത്തിറക്കും. ഏതാണ്ട് ഒരേ സമയത്ത് പുറത്തിറങ്ങുന്ന ക്രേറ്റ ഇവിയുമായിട്ടായിരിക്കും കാരന്‍സ് ഇവിയുടെ മത്സരം. ഡിസൈനില്‍ ഐസിഇ വകഭേദത്തേക്കാള്‍ മാറ്റങ്ങളുണ്ടാവും. ഹ്യുണ്ടേയ് ക്രേറ്റ ഇവിയുടെ അതേ പ്ലാറ്റ്‌ഫോമിലാണ് കാരന്‍സ് ഇവിയും ഒരുങ്ങുന്നത്. ബിവൈഡി ഇമാക്‌സ്7ഉം കാരന്‍സിന്റെ ഇവിയുമായി മത്സരത്തിനുണ്ടാവും. അടുത്ത വര്‍ഷം തുടക്കം തന്നെ കാരന്‍സ് ഇവി എത്തുമെന്ന് പ്രതീക്ഷിക്കാം. 

കിയ സിറോസ്(ക്ലാവിസ്)

സോണറ്റിനും സെല്‍റ്റോസിനും ഇടയില്‍ വരുന്ന ചെറു എസ് യു വിയും കിയ അണിയറയില്‍ ഒരുക്കുന്നുണ്ട്. അടുത്തിടെ കിയ സിറോസ്(Syros) എന്ന പേര് ഇന്ത്യയില്‍ ട്രേഡ് മാര്‍ക്ക് ചെയ്തിരുന്നു. ഇതായിരിക്കും പുതിയ എസ് യു വിയുടെ പേരെന്നാണ് കരുതപ്പെടുന്നത്. കിയ ക്ലാവിസിന്റെ ഇന്ത്യന്‍ വകഭേദമാവും ഇതെന്നും സൂചനകളുണ്ട്. പനോരമിക് സണ്‍റൂഫ്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ആന്റ് പവേഡ് സീറ്റുകള്‍, ബോസ് ഓഡിയോ, ഡ്രൈവ് മോഡുകള്‍, ലെതറൈറ്റ് സീറ്റ്, അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. 

സോണറ്റിന്റെ അതേ പവര്‍ട്രെയിനായിരിക്കും സിറോസിലും. 1.5 ഡീസല്‍, 1.2 എന്‍എ പെട്രോള്‍, 1.0 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ക്ക് 7ഡിസിടി, 6എംടി, 6ഐഎംടി, 6എടി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍. കിയ സിറോസിന് ഇവി വകഭേദവുമുണ്ടാവുമെന്ന സൂചനകളുമുണ്ട്.

English Summary:

Kia Carens Facelift, EV, and Mysterious Syros SUV: What to Expect in 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com