മത്സരയോട്ടം, അശ്രദ്ധ; അതിദാരുണം ഈ അപകടം, ജീവൻ നഷ്ടപ്പെട്ടത് രണ്ടു യുവാക്കൾക്ക്–വിഡിയോ
Mail This Article
റോഡപകടങ്ങളിലെ പ്രധാന കാരണങ്ങളിലൊന്നാണ് അമിത വേഗം. എത്ര പാഠങ്ങൾ മുമ്പിലുണ്ടെങ്കിലും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയും അപകടങ്ങളിലൂടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യുന്നു. അതിനു ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് ഒരു എസ് യു വി യിൽ ഇടിക്കുകയും ആ ആഘാതത്തിൽ ബൈക്കിന് തീ പിടിക്കുകയും ചെയ്തു.
റിപോർട്ടുകൾ പ്രകാരം ഹൂഗ്ലി, പോൾബാർ രാജ്ഘട്ടിലെ ഒരു ജംഗ്ഷനിൽ അർധരാത്രിയിലാണ് അപകടമുണ്ടായത്. രണ്ടു ബൈക്ക് യാത്രികർ തമ്മിൽ മത്സരയോട്ടം നടത്തിയതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ജംഗ്ഷനിലെത്തിയ എസ് യു വി വലതു വശത്തേയ്ക്ക് പോകാനായി മുമ്പോട്ടു നീങ്ങുമ്പോൾ അതിവേഗത്തിലൊരു ബൈക്ക് കടന്നു പോകുന്നുണ്ട്. ആ ബൈക്ക് കടന്നു പോയതിനു ശേഷം എസ് യു വി മുൻപോട്ടു നീങ്ങുമ്പോഴാണ് അമിത വേഗത്തിൽ മറ്റൊരു ബൈക്ക് വരുന്നതും ഇടിക്കുന്നതും. നിമിഷങ്ങൾക്കുള്ളിൽ ബൈക്കിനു തീപിടിക്കുകയും ഒരു തീഗോളമായി മാറുകയും ചെയ്യുന്നു. അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച ഇരുവർക്കും ജീവൻ നഷ്ടമായി. എസ് യു വിയിൽ സഞ്ചരിച്ചവർക്കും പരിക്കുകളുണ്ട്. അപകടം കണ്ട് ഓടിക്കൂടിയവർ ബൈക്കിൽ സഞ്ചരിച്ചവരെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തീ ആളിപടരുകയായിരുന്നു.
അമിതവേഗത്തിൽ വാഹനം ഡ്രൈവ് ചെയ്യാൻ കഴിയുന്ന രീതിയിലല്ല ഇന്ത്യയിലെ റോഡുകളുടെ നിർമാണം. ട്രാഫിക് നിയമങ്ങൾ പാലിച്ച് കൊണ്ട്, സുരക്ഷിതമായ രീതിയിൽ വാഹനം ഓടിക്കുമായിരുന്നെങ്കിൽ ഒഴിവാക്കാൻ കഴിയുന്ന അപകടമാണ് രണ്ടുപേരുടെ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്.
അമിത വേഗം ആപത്ത്
അമിതവേഗം കൊണ്ട് നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. 'വാഹനം പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാണ്, എത്ര വേഗത്തിലും നിയന്ത്രിക്കാനാകും' എന്ന അമിത ആത്മവിശ്വാസമാണ് പലപ്പോഴും അപകടങ്ങള്‍ക്കു കാരണം. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ അപകടം ഒരു പരിധി വരെ കുറയ്ക്കാനാവും. ശ്രദ്ധ മരിക്കുന്നിടത്ത് അപകടം ജനിക്കുന്നു എന്നാണല്ലോ പറയാറ്. മുന്നില്‍ പോകുന്ന വാഹനം സഡന്‍ ബ്രേക്കിട്ടാലും അപകടമുണ്ടാകാത്ത ദൂരത്തില്‍ വേണം എപ്പോഴും സഞ്ചരിക്കാന്‍. കൂടാതെ റോഡുകളില്‍ യൂടേൺ എടുക്കുമ്പോഴും പ്രധാന റോഡുകളിലേയ്ക്ക് പ്രവേശിക്കുമ്പോഴും മറ്റുവാഹനങ്ങൾ വരുന്നില്ലെന്ന് ഉറപ്പുവരുത്തണം.