വമ്പൻ ലാഭത്തില്‍ കാർ വാങ്ങണോ? ഈ മാസങ്ങളിൽ ഓഫറുകളുടെ പൂരം
Mail This Article
ഭൂരിഭാഗം പേര്‍ക്കും കാര്‍ വാങ്ങുകയെന്നത് ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ്. ഏതുകാര്‍ വാങ്ങണമെന്നതു മാത്രമല്ല, എപ്പോള്‍ വാങ്ങണമെന്നതും നിര്‍ണായകമാണ്. വര്‍ഷത്തില്‍ എല്ലാ സമയത്തും നിങ്ങളുടെ ഇഷ്ട കാര്‍ മോഡലുകള്‍ക്ക് ഒരേ വിലയാവണമെന്നില്ല. പരമാവധി ലാഭത്തില്‍ കാറു വാങ്ങാന്‍ പറ്റിയ സമയങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
മാര്‍ച്ച്
ഇന്ത്യയിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. മാര്‍ച്ച് അവസാനത്തോടെ കാര്‍ ഡീലര്‍ഷിപ്പുകള്‍ മികച്ച ഇളവുകളുമായി എത്താറുണ്ട്. സെയില്‍സ് ടാര്ഗറ്റുകളിലെത്തുകയെന്ന സമ്മര്‍ദം ശക്തമാവുന്നതോടെയാണ് കൂടുതല്‍ ഇളവുകള്‍ നല്കി കാര്‍ വാങ്ങാനെത്തുന്നവരെ ആകര്‍ഷിക്കുന്നത്. ഇതറിഞ്ഞു വെച്ചാല്‍ പരമാവധി ഇളവില്‍ പുത്തന്‍ വാഹനം സ്വന്തമാക്കാനുള്ള ആദ്യ സമയം മനസിലാവും.
ഒക്ടോബര്‍
ഇന്ത്യന്‍ കാര്‍ വിപണിയിലെ ഉത്സവ സീസണ് പൊതുവില്‍ ദീപാവലിയോട് അടുപ്പിച്ചാണ്. ഈ സമയത്ത് കാര്‍ നിര്‍മാണ കമ്പനികളും ഡീലര്‍മാരുമെല്ലാം പ്രത്യേക ഉത്സവ ഇളവുകളുമായി എത്താറുണ്ട്. ഓഫറുകളെക്കുറിച്ച് വ്യക്തമായി മനസിലാക്കി തീരുമാനമെടുത്താല്‍ ഉത്സവകാലവും ഇളവുകളുടെ കാലമാണെന്ന് തിരിച്ചറിയും. പഴയ മോഡലുകള്‍ക്കും പൊതുവില്‍ വില്പന കുറഞ്ഞ മോഡലുകള്‍ക്കുമായിരിക്കും പല കമ്പനികളും കൂടുതല്‍ ഇളവുകള്‍ നല്‍കുക. ഇക്കാര്യം കൂടി മനസില്‍ വെച്ചു വേണം അന്തിമ തീരുമാനത്തിലേക്കെത്താന്‍.
പുതിയ മോഡല്‍
പുതിയ മോഡലുകള്‍ വിപണിയിലിറങ്ങുന്നതും കാര്‍ വാങ്ങാന്‍ അനുയോജ്യമായ സമയങ്ങളിലൊന്നാണ്. പുതിയ മോഡലിന്റെ വരവോടെ പഴയ മോഡലിന് ഇളവുകള്‍ പ്രഖ്യാപിക്കാറുണ്ട്. പുതിയ മോഡല്‍ വരുന്നതോടെ പഴയ മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നതോടെയാണ് ഈ അവസരമുണ്ടാവുക. ഈ സമയത്ത് കൂടുതല്‍ ഫീച്ചറുകളും ആക്സെസറികളും സഹിതം പുത്തന്‍ കാര്‍ സ്വന്തമാക്കാനുള്ള അവസരവും ലഭിക്കാറുണ്ട്.
മണ്‍സൂണ്‍
പൊതുവില്‍ കാര്‍ വില്പന കുറയുന്ന കാലമാണ് മണ്‍സൂണ്‍ സീസണ്. അതുകൊണ്ടുതന്നെ കൂടുതല്‍ വില്പന ഇടിയാതിരിക്കാന്‍ ഇളവുകളുമായി കമ്പനികളും ഡീലര്‍മാരും എത്താറുണ്ട്. മണ്‍സൂണ്‍ കാലത്ത് കാര്‍ വാങ്ങിയാല്‍ അധിക ഇളവുകള്‍ക്കുള്ള സാധ്യത ഏറും.
വര്‍ഷാവസാനം
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം പോലെ വേഗം വില്ക്കാന് കാര്‍ ഡീലര്‍മാരും കമ്പനികളും ശ്രമിക്കുന്ന മറ്റൊരു സമയമാണ് വര്‍ഷാവസാനം. പുതിയ വര്‍ഷം വരുന്നതോടെ പഴയതായി പോവുന്ന മോഡലുകള്‍ വേഗത്തില്‍ വില്‍ക്കാനുള്ള ശ്രമം നടക്കും. ഈ സമയത്തും മികച്ച ഇളവുകളോടു കൂടി കാറുകള്‍ വാങ്ങുവാന്‍ അവസരമുണ്ടാവും.
മാര്‍ച്ച്, ജൂണ്‍, ഒക്ടോബര്‍, ഡിസംബര്‍... ഇങ്ങനെ വര്‍ഷത്തില്‍ ഏതുഭാഗത്തും കൂടുതല്‍ ഇളവു ലഭിക്കാനുള്ള അവസരങ്ങളുണ്ട്. സാമ്പത്തിക ഇളവുകള്‍ മാത്രമല്ല കൂടുതല്‍ ഫീച്ചറുകളും നീട്ടിയ വാറണ്ടി സമയവുമെല്ലാം ഇത്തരം അവസരങ്ങളില്‍ ആസ്വദിക്കാനാവും. കാര്‍ വാങ്ങുമ്പോള്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാതെ സമയമെടുത്ത് തീരുമാനത്തിലേക്കെത്തിയാല്‍ അതിന്റേതായ നേട്ടങ്ങള്‍ ഉറപ്പിക്കാം.