അബ്റാമിന് സഞ്ചരിക്കാൻ 2.62 കോടിയുടെ എംപിവി; പുതിയ വാഹനം സ്വന്തമാക്കി ഷാറൂഖ് ഖാൻ
Mail This Article
ബോളിവുഡിലെ കിങ് ഖാന്റെ വാഹനശേഖരത്തിലേക്കു തലയെടുപ്പോടെ ഒരതിഥി കൂടി കടന്നു വന്നിരിക്കുന്നു. ലെക്സസ് എൽഎം 350എച്ച് ആണ് ഷാറൂഖിന്റെ ഗാരിജിലെത്തിയ ഏറ്റവും പുതിയ താരം. മകൻ അബ്റാമിന് സഞ്ചരിക്കാനാണ് പുതിയ വാഹനം ഖാൻ സ്വന്താക്കിയത്. ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള എംപിവിയാണിത്. സോണിക് ടൈറ്റാനിയം ആണ് വാഹനത്തിന്റെ നിറം. സോളിസ് വൈറ്റ് ആണ് അകകാഴ്ചകൾക്കു പൊലിമ നൽകുന്നത്. വിഐപി, അൾട്ര ലക്ഷ്വറി എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ വാഹനം വിപണിയിൽ ലഭ്യമാണ്. വി ഐ പി വേരിയന്റിന് എക്സ് ഷോറൂം വില വരുന്നത് 2.1 കോടി രൂപയാണ്. അൾട്രാ ലക്ഷ്വറിയ്ക്ക് 2.62 കോടി രൂപയും.
ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന ഈ വാഹനം ആകാരഭംഗിയിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ്. കാലഘട്ടത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന, ഹെക്സഗണൽ പാറ്റേണിലുള്ള വലിയ മുൻഗ്രില്ലുകൾ, എൽഇഡി ഹെഡ്‍ലാംപുകൾ, ബമ്പറിൽ ലംബമായുള്ള ഫോഗ് ലാംപുകൾ എന്നിവയുമുണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്.
നാല്-ഏഴ് സീറ്റ് കോൺഫിഗറേഷനിൽ വാഹനം ലഭ്യമാണ്. 48 ഇഞ്ച് ടിവി, എയർലൈൻ സ്റ്റൈൽ റീക്ലൈനർ സീറ്റുകൾ, ഫോൾഡ് ഔട്ട് ടേബിളുകൾ, വയർലെസ് ഫോൺ ചാർജർ തുടങ്ങി സൗകര്യങ്ങൾ ഏറെയുണ്ട് ഈ എംപിവിയിൽ. നാല് സിലിണ്ടർ, 2.5 ലീറ്റർ 4 സിലിണ്ടർ ഹൈബ്രിഡ് പെട്രോൾ എൻജിനാണ് വാഹനത്തിനു കരുത്തു പകരുന്നത്. 250 പിഎസ് പവറും 239 എൻ എം ടോർക്കും ഉല്പാദിപ്പിക്കും ഈ എൻജിൻ. ഇ-സിവിടി ഗിയർബോക്‌സാണ്. പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.7 സെക്കൻഡുകൾ മാത്രം മതിയാകും. മണിക്കൂറിൽ 190 കിലോമീറ്ററാണ് ഉയർന്ന വേഗം.