ഇലക്ട്രിക് കാറുകൾക്ക് ശബ്ദമില്ലേ? ജെറ്റ് വിമാനത്തിന്റെ വരെ ശബ്ദത്തിൽ ഹോണ്ട ഇവികൾ ഓടും
Mail This Article
വൈദ്യുത കാറുകള്‍ക്ക് ശബ്ദമില്ലാത്തതുകൊണ്ട് ഒരു ആവേശമില്ലെന്ന് ആരോപിക്കുന്നവരുടെ ആരോപണത്തിന്റെ മുനയൊടിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട. ഇഷ്ട കാറിന്റെ ശബ്ദവും വിറയലും വരെ ഇനി ഹോണ്ടയുടെ ഇവികളിലുണ്ടാവും. ഹോണ്ടയുടെ '0 സീരീസ്' ഇവികള്ക്കൊപ്പമാണ് ഈ ഫീച്ചര്‍ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്. എസ്2000, എന്‍എസ്എക്സ്, സിവിക് ടൈപ് ആര് എന്നിങ്ങനെയുള്ള ഹോണ്ടയുടെ സൂപ്പര്‍ഹിറ്റ് മോഡലുകള്‍ക്കൊപ്പം ഹോണ്ട ജെറ്റിന്റെ വരെ ശബ്ദത്തില്‍ 0 സീരീസ് ഇവികള്‍ ഓടിക്കാനാവും.
ഇവികളുടെ ലോകത്ത് സോഫ്റ്റ്വെയറുകള്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു മോഡലിനെ മറ്റൊന്നില്‍ നിന്നും വേര്‍തിരിക്കാന്‍ പോലും സോഫ്റ്റ്വെയര് മാറ്റം കാരണമാവാറുണ്ട്. ഒരേ വാഹനത്തില്‍ തന്നെ കൂടുതല്‍ ഫീച്ചറുകള്‍ കൂടുതല്‍ പണം നല്കി ആസ്വദിക്കാനാവുന്ന സബ്സ്ക്രിബ്ഷന് മോഡല്‍ നേരത്തെ തന്നെ ടെസ്ല അടക്കമുള്ള കമ്പനികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു ഫീച്ചറാണ് ഹോണ്ട ഇപ്പോള്‍ അവതരിപ്പിച്ചത്.
ജപ്പാനിലെ മാധ്യമപ്രവര്‍ത്തകരെ അടുത്തിടെ ഹോണ്ട അവരുടെ 0 സീരീസ് ഇവി പരിചയപ്പെടാന്‍ ക്ഷണിച്ചിരുന്നു. ഇതിനിടെയാണ് ഹോണ്ട ഇയുടെ പ്രത്യേക പതിപ്പ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ അവതരിപ്പിച്ചത്. ഹോണ്ടയുടെ സൂപ്പര്‍ഹിറ്റ് മോഡലുകളായ എസ്2000, എഫ്എല്‍5 സിവിക് ടൈപ്പ് ആര്, എന്‍എസ്എക്സ് ടൈപ് എസ്, ഒറിജിനല്‍ എന്‍എസ്എക്സ് ആര് എന്നിവയുടെ ശബ്ദങ്ങള്‍ ടച്ച്സ്ക്രീനിലെ ഒറ്റ ടച്ചുകൊണ്ട് 0 സീരീസ് ഇവി പുറത്തെടുക്കും. എന്തിനേറെ ഹോണ്ട ജെറ്റ് തെരഞ്ഞെടുത്താല്‍ വിമാനം ഓടിക്കുന്ന ശബ്ദത്തില്‍ കാര്‍ ഓടിക്കാനും സാധിക്കും. അതേസമയം ഫോര്‍മുല 1 കാറിന്റേയും ഹോണ്ട സിആര്എക്സിന്റേയും ഓപ്ഷനുകള്‍ ലോക്ക് ചെയ്തിട്ടിട്ടുമുണ്ടായിരുന്നു.
വെറുതേ ശബ്ദം പുറപ്പെടുവിക്കുക മാത്രമല്ല ഏതു കാറിന്റെ ശബ്ദമാണോ തെരഞ്ഞെടുത്തത് ആ കാര്‍ ഓടിക്കുമ്പോഴുള്ള അതേ ഇരമ്പലും കാറിനുള്ളില്‍ അനുഭവിക്കാനാവും. സീറ്റുകള്‍ വരെ വിറച്ചുകൊണ്ട് ശബ്ദം കൂടി എത്തുന്നതോടെ വ്യത്യസ്തമായ ഡ്രൈവിങ് അനുഭവങ്ങള്‍ ഒരേ കാറില്‍ നിന്നും അറിയാനാവും. ഏതു മോഡലാണോ തെരഞ്ഞെടുത്തത് ആ മോഡലിന്റെ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡ്രൈവര്‍ക്ക് മുന്നില്‍ തെളിയും.
പുതിയ ഫീച്ചറില്‍ സിആര്എക്സും ഫോര്‍മുല വണ്ണും ഡിസേബിള്‍ ചെയ്തിട്ടതിനു പിന്നിലും കാരണമുണ്ട്. ഇത്തരം ഫീച്ചറുകള്‍ക്ക് പണം ഈടാക്കണോ എന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നാണ് ഹോണ്ടയുടെ ഇലക്ട്രിഫിക്കേഷന് സ്ട്രാറ്റജി യൂണിറ്റ് വൈസ് പ്രസിഡന്റ് തന്നെ പ്രതികരിച്ചത്. ഇതോടെ പ്രീമിയം ഫങ്ഷനുകളായി ഇത്തരം ഫീച്ചറുകള്‍ അധിക നിരക്കില്‍ അവതരിപ്പിക്കാനും സാധ്യത ഏറുന്നുണ്ട്.