സ്കൂട്ടർ ഓടിക്കുന്ന സ്കൂൾ കുട്ടി; നിയമലംഘനം, വിമർശനവുമായി സൈബർലോകം
Mail This Article
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതു നിയമ ലംഘനമാണെന്ന് കൃത്യമായ ധാരണയുണ്ടെങ്കിലും അത്തരത്തിലുള്ള പല വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ കണ്മുമ്പിലേക്കെത്താറുണ്ട്. മുതിർന്നവരുടെ അറിവോടെയാണ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നത് എന്നതാണ് ഏറെ ഖേദകരം. സ്കൂൾ യൂണിഫോമിലുള്ള ഒരു ചെറിയ പെൺകുട്ടിയാണ് സോഷ്യൽ ലോകത്ത് വൈറലായ ഏറ്റവും പുതിയ വിഡിയോയിലെ സ്കൂട്ടർ റൈഡർ. കാഴ്ചയിൽ ആ കുട്ടിയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമാണ്. മുതിർന്നൊരാളെ പുറകിലിരുത്തിയാണ് ആ യാത്ര എന്നതാണ് ഈ കാഴ്ചയിലെ എടുത്തു പറയേണ്ട കാര്യം.
എക്സ് പ്ലാറ്റ്‌ഫോമിലാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. എവിടെ നിന്നുമുള്ളതാണ് ദൃശ്യങ്ങൾ എന്ന് പരാമർശിച്ചിട്ടില്ല. നമ്പർ പ്ലേറ്റില്ലാത്തതു കൊണ്ടുതന്നെ പുതിയ വാഹനമാകാനാണ് സാധ്യത. ഇത്തരമൊരു നിയമലംഘനം നടത്തുന്നതിന്റെ യാതൊരു തരത്തിലുള്ള സങ്കോചവുമില്ലാതെയാണ് കുട്ടിയുടെ പുറകിലിരിക്കുന്ന പ്രായപൂർത്തിയായ വ്യക്തിയുടെ യാത്ര. വാഹനം കൈകാര്യം ചെയ്ത് ഏറെ പരിചയമുള്ള രീതിയിലും ആത്മവിശ്വാസത്തിലുമാണ് കുട്ടി സ്കൂട്ടറോടിക്കുന്നത്. നല്ല തിരക്കുള്ള റോഡിലാണ് ഇത്തരത്തിലുള്ള സാഹസം. മാത്രമല്ല, എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇരുവരും ഹെൽമെറ്റും ധരിച്ചിട്ടില്ല എന്നുള്ളതാണ്. കുട്ടിയ്ക്ക് വാഹനത്തിന്റെ മുകളിലുള്ള നിയന്ത്രണം നഷ്ടപ്പെട്ടാൽ രണ്ടുപേരുടെയും ജീവനു തന്നെ ഭീഷണിയാണ് ഈ പ്രവർത്തി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
സ്കൂട്ടറിന്റെ അതേ ദിശയിൽ തന്നെ മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചവരാണ് വിഡിയോ പകർത്തിയിരിക്കുന്നത്. സംഭവം ഗൗരവതരമായ കുറ്റമാണെന്നിരിക്കെ, വിഡിയോ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട സ്കൂട്ടർ യാത്രികൻ വളരെ ലാഘവത്തോടെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയുടെയോ തന്റെയോ ജീവന് യാതൊരു തരത്തിലുമുള്ള വിലയും കല്പിക്കാതെയുള്ള ഈ യാത്രയ്ക്ക് സോഷ്യൽ ലോകത്തും വൻവിമർശനങ്ങളാണ്.
പതിനെട്ടു വയസാണ് ഇന്ത്യയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാനുള്ള പ്രായം. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നിയമപാലകർക്കു വാഹനം പിടിച്ചെടുത്തു, രക്ഷിതാക്കൾക്കെതിരെ നടപടികൾ കൈക്കൊള്ളാവുന്നതാണ്. മോട്ടർ വാഹന നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചൽ രക്ഷിതാക്കൾക്കോ വാഹന ഉടമയ്ക്കോ 25000 രൂപ പിഴയും മൂന്ന് വർഷം വരെ ജയിൽ ശിക്ഷയും ലഭിക്കാം.