ലംബോർഗിനി ബ്രേക്ക് ഡൗണായി; കമ്പനിക്ക് എതിരെ രൂക്ഷപ്രതികരണവുമായി റെയ്മണ്ട് സിഇഒ
Mail This Article
ആഴ്ചകള്‍ക്കു മുമ്പാണ് റെയ്മണ്ട് സിഇഒ ഗൗതം സിംഘാനിയ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ലംബോര്‍ഗിനി റിവൂള്‍ട്ടോ ബ്രേക്ക് ഡൗണായത് വാര്‍ത്തകളില്‍ ഇടം നേടിയത്. മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ വച്ച് ബ്രേക്ക് ഡൗണായ സൂപ്പര്‍കാര്‍ പിന്നീട് കെട്ടിവലിച്ചുകൊണ്ടുപോവകേണ്ടി വന്നിരുന്നു. സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും ലംബോര്‍ഗിനിയുടെ ഭാഗത്തു നിന്നും പ്രതികരണങ്ങളൊന്നുമുണ്ടാവാത്തതാണ് ഇപ്പോള്‍ സിംഘാനിയയെ ചൊടിപ്പിച്ചിരിക്കുന്നത്. ലംബോര്‍ഗിനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ധിക്കാരം നിറഞ്ഞ പെരുമാറ്റത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരിക്കുകയാണ് റെയ്മണ്ട് സിഇഒ.
'ലംബോര്‍ഗിനിയുടെ ഇന്ത്യയിലെ മേധാവി ശരദ് അഗര്‍വാളും ഏഷ്യന്‍ മേധാവി ഫ്രാന്‍സെസ്കോ സ്കാര്ഡോണിയും തുടരുന്ന ധിക്കാരം നിറഞ്ഞ പെരുമാറ്റം എന്നെ അമ്പരപ്പിക്കുന്നു. ഇവരാരും തന്നെ ഉപഭോക്താവിന്റെ പ്രശ്നമെന്തെന്ന് പരിശോധിക്കാനോ ബന്ധപ്പെടാനോ തയ്യാറായിട്ടില്ല' എന്നാണ് ഗൗതം സിംഘാനിയ എക്സിലൂടെ പ്രതികരിച്ചിരിക്കുന്നത്. ലംബോര്‍ഗിനി റിവൂള്‍ട്ടോ ടെസ്റ്റ് ഡ്രൈവിനായി സിംഘാനിയ കൊണ്ടുപോയത് മുംബൈയിലെ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ വെച്ചാണ് ബ്രേക്ക് ഡൗണായത്. പിന്നീട് ഡീലര്‍ഷിപ്പിലേക്ക് ഈ സൂപ്പര്‍കാര്‍ ട്രക്കില്‍ കെട്ടി വലിച്ചു കൊണ്ടുപോവുകയായിരുന്നു. ഇലക്ട്രിക്കല്‍ പ്രശ്നങ്ങള്‍ മൂലമാണ് കാര്‍ ബ്രേക്ക് ഡൗണായതെന്നാണ് സൂചന.
സൂപ്പര്‍കാര്‍ കമ്പനിയില്‍ നിന്നും സമാന അനുഭവങ്ങള്‍ നേരിടുന്ന മറ്റ് ഉപഭോക്താക്കള്‍ക്കു കൂടി വേണ്ടിയാണ് താന്‍ പ്രതികരിക്കുന്നതെന്നാണ് സിംഘാനിയ വിശദീകരിക്കുന്നത്. ലംബോര്‍ഗിനി ഉപയോഗിക്കുന്ന പലരും വാഹനത്തിന്റെ ഗുണ നിലവാരത്തില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. കോടികള്‍ വിലവരുന്ന സൂപ്പര്‍കാറുകളില്‍ ഇത്തരം പ്രശ്നങ്ങളുണ്ടാവാന്‍ പാടില്ലെന്നും സിംഘാനിയ പറയുന്നു.
സോഷ്യല്‍മീഡിയയില്‍ പരസ്യ പ്രതികരണം നടത്തുന്നതിന് മുമ്പ് ഗൗതം സിംഘാനിയ ലംബോര്‍ഗിനി ഇന്ത്യയുടെ മുതിര്‍ന്ന ഒഫീഷ്യലുകളെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലംബോര്‍ഗിനി ഇന്ത്യ മേധാവി ശരദ് അഗര്‍വാള്‍ അടക്കം പ്രതികരിക്കാന്‍ തയ്യാറായില്ല. ഉപഭോക്താക്കളുടെ ആശങ്കകള്‍ക്ക് വില നല്‍കാത്ത ധിക്കാരം നിറഞ്ഞ സമീപനമാണ് ലംബോര്‍ഗിനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നാണ് ഗൗതം സിംഘാനിയ വിശദീകരിക്കുന്നത്.
ഗൗതം സിംഘാനിയയുടെ ട്വീറ്റിനു താഴെ നിരവധി പേര് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. പണക്കാരുടെ ഒലയാണ് ലംബോര്ഗിനിയെന്നാണ് ചിലര്‍ പറഞ്ഞത്. ശരദ് അഗര്‍വാള്‍ 2021 മുതല്‍ ട്വിറ്ററില്‍ ഇല്ലെന്നും ചിലര്‍ കണ്ടെത്തിയിട്ടുണ്ട്. അപ്പോഴും ലംബോര്‍ഗിനി അധികൃതര്‍ ആരും പ്രതികരിക്കാതിരുന്നത് വിചിത്രമെന്നു തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മാരുതിയാണ് ഏറ്റവും നല്ല ബദലെന്ന് ചൂണ്ടിക്കാണിക്കുന്ന കമന്റുകളുമുണ്ട്.
ലംബോര്‍ഗിനി റിവൂള്‍ട്ടോ
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ലംബോര്‍ഗിനി റിവൂള്‍ട്ടോ ഔദ്യോഗികമായി പുറത്തിറങ്ങുന്നത്. 2023 ഡിസംബറിലായിരുന്നു ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവ്. മറ്റു ലംബോര്‍ഗിനി മോഡലുകളെ പോലെ റിവൂള്ട്ടോയും അതിവേഗത്തിലാണ് ജനപ്രീതി നേടിയത്. റിവൂള്ട്ടോയുടെ 2026 വരെയുള്ള ഇന്ത്യന്‍ വിപണിയിലെ ബുക്കിങ് പൂര്‍ത്തിയായെന്ന് ലംബോര്‍ഗിനി നേരത്തെ അറിയിച്ചിരുന്നു.
ലംബോര്‍ഗിനിയുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് സൂപ്പര്‍കാറായ അവറ്റഡോറിന്റെ പിന്‍ഗാമിയായാണ് റിവൂള്ട്ടോയുടെ വരവ്. 6.5 ലീറ്റര്‍ നാച്ചുറലി അസ്പയേഡ് വി12 എന്‍ജിനാണ് കരുത്ത്. ഇതിനൊപ്പം മൂന്ന് ഇലക്ട്രിക്ക് മോട്ടോറുകളും 3.8kWh ലിത്തിയം അയേണ്‍ ബാറ്ററി പാക്കും കൂടിയാവുമ്പോള്‍ റിവൂള്‍ട്ടോ പറപറക്കും. ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും ഭാരംകുറഞ്ഞതും കരുത്തു കൂടിയതുമായ എന്‍ജിനാണ് റിവൂള്ട്ടോയുടേതെന്നാണ് ലംബോര്‍ഗിനിയുടെ അവകാശവാദം. 825പിഎസ് കരുത്തും പരമാവധി 725എന്‍എം ടോര്‍ക്കും പുറത്തെടുക്കും ലംബോര്‍ഗിനി റിവൂള്‍ട്ടോ.
മുന്നില്‍ രണ്ട് ഇലക്ട്രിക്ക് മോട്ടോറും പിന്നില്‍ ഒരു ഇലക്ട്രിക്ക് മോട്ടോറും കൂടിയാവുമ്പോള്‍ വാഹനത്തിന്റെ കരുത്ത് 1,015പിഎസിലേക്കും പരമാവധി ടോര്‍ക്ക് 807എന്‍എമ്മിലേക്കും ഉയരും. 8 സ്പീഡ് ഡിസിടി ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പരമാവധി വേഗം മണിക്കൂറില്‍ 350 കീലോമീറ്റര്‍. വെറും 2.5 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കും. ഹൈബ്രിഡ് ഹൈപ്പര്‍ സ്പോര്‍ട്സ് കാറായ റിവൂള്‍ട്ടോ 8.9 കോടി രൂപക്കാണ് ഇന്ത്യയില്‍ വില്‍ക്കുക. ഫെരാരി എസ്എഫ്90യാണ് പ്രധാന എതിരാളി.