ഇടിപരീക്ഷയിൽ ഫുൾമാർക്ക്! ഭാരത് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ നേടിയ 5 വാഹനങ്ങൾ
Mail This Article
ഇന്ത്യയിൽ വിൽപനയ്ക്കെത്തുന്ന കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഇതുവരെ എട്ടു വാഹനങ്ങളാണ് വിലയിരുത്തപ്പെട്ടത്. വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ഈ പരീക്ഷയ്ക്ക് കഴിഞ്ഞ ആഴ്ചകളിലെത്തിയ ടാറ്റയുടെ മൂന്നു വാഹനങ്ങളുടെയും ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോൺ ബസാൾട്ടിന്റെയും ഫലം പുറത്തു വന്നു കഴിഞ്ഞു. സുരക്ഷയുടെ കാര്യത്തിൽ ടാറ്റയുടെ വാഹനങ്ങൾ അഞ്ചിൽ അഞ്ച് സ്റ്റാറും കരസ്ഥമാക്കിയപ്പോൾ ബസാൾട്ടിന് നാലു സ്റ്റാറാണ് നേടാനായത്. ഭാരത് എൻസിഎപി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് എസ് യു വികൾ ഏതെല്ലാമാണെന്നറിയാം.
ടാറ്റ പഞ്ച് ഇ വി
കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ അഞ്ച് സ്റ്റാർ നേടിയ വാഹനമാണ് പഞ്ച് ഇ വി എന്ന മൈക്രോ എസ് യു വി. മുതിർന്നവർക്കുള്ള സുരക്ഷയിൽ 32 ൽ 31.46 മാർക്ക് നേടിയപ്പോൾ കുട്ടികളുടെ സുരക്ഷാകാര്യത്തിൽ 49 ൽ 45 മാർക്ക് കരസ്ഥമാക്കാൻ കഴിഞ്ഞു. ഭാരത് ക്രാഷ് ടെസ്റ്റിൽ നിലവിൽ ഏറ്റവുമധികം മാർക്ക് ലഭിച്ച വാഹനമാണിത്. ഫ്രണ്ട് ഓഫ്സെറ്റ് ബാരിയർ ടെസ്റ്റിൽ 16 ൽ 14.26 മാർക്കും സൈഡ് ബാരിയർ ടെസ്റ്റിൽ 16 ൽ 15.6 മാർക്കും പഞ്ച് നേടി. കുട്ടികളുടെ സുരക്ഷ പരീക്ഷയിൽ 49 ൽ 45 മാർക്കാണ് പഞ്ചിന് ലഭിച്ചത്. അതിൽ ഡൈനാമിക് ടെസ്റ്റിൽ 24 ൽ 23.95 മാർക്കും സിആർഎസിൽ 12 ൽ 12 മാർക്കും വെഹിക്കിൾ അസസ്മെന്റ് ടെസ്റ്റിൽ 13 ൽ 9 മാർക്കും പഞ്ചിന് ലഭിച്ചു. ആറ് എയർബാഗുകളും എബിഎസ്, ഇഎസ്‌സി എന്നീ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനത്തിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. രണ്ടു ബാറ്ററി പായ്ക്കുകളിൽ പഞ്ച് ഇവി ലഭിക്കും. 25 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന മോഡലിന് 315 കിലോമീറ്റർ റേഞ്ചും 35 kWh ബാറ്ററി പാക്ക് ഉപയോഗിക്കുന്ന ലോങ് റേഞ്ച് മോഡലിന് 421 കിലോമീറ്റർ റേഞ്ചും ലഭിക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.
ടാറ്റ കർവ്
ടാറ്റ കര്‍വിന്റെ ഉയര്‍ന്ന വകഭേദമായ അക്കംപ്ലിഷ്ഡ്+ ഡീസല്‍ മാനുവല്‍ ആണ് ക്രാഷ് ടെസ്റ്റിനെത്തിയത്. 32ല്‍ 29.5 പോയിന്റ് നേടിക്കൊണ്ടാണ് കര്‍വിന്റെ ഐസിഇ വകഭേദം മുതിര്‍ന്നവരുടെ സുരക്ഷ ക്രാഷ് ടെസ്റ്റ് പൂര്‍ത്തിയാക്കിയത്. മുന്‍ഭാഗത്തെ സുരക്ഷയില്‍യില്‍ 16ല്‍ 14.65 പോയിന്റും വശങ്ങളിലെ സുരക്ഷയില്‍ 16ല്‍ 14.85 പോയിന്റും കര്‍വ് നേടി. കുട്ടികളുടെ സുരക്ഷാ പരിശോധന അടക്കം നോക്കിയാല്‍ 49ല്‍ 43.66 പോയിന്റുകള്‍ കർവ് കരസ്ഥമാക്കി. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ ടാറ്റ കര്‍വ് എസ് യു വി ലഭ്യമാണ്. നെക്‌സോണിലേതു പോലെ പെട്രോളില്‍ 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ഹൈപെരിയോണ്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിനും 1.2 ലീറ്റര്‍ ടര്‍ബോ ചാര്‍ഡ്ജ്ഡ് എന്‍ജിനുമാണ് ഓപ്ഷനുകള്‍. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് മറ്റൊരു എന്‍ജിന്‍ ഓപ്ഷന്‍. മൂന്ന് എന്‍ജിനുകളിലും മാനുവല്‍/ ഡിസിഎ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ട്.
ടാറ്റ ഹാരിയർ
2023 ലാണ് പുതുമാറ്റങ്ങളുമായി ടാറ്റ ഹാരിയറിനെ വീണ്ടും വിപണിയിലെത്തിച്ചത്. നിലവിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും സ്റ്റൈലിഷായ ഈ എസ് യു വി യ്ക്ക് ഭാരത് എൻ സി എ പി പരീക്ഷയിലും അഞ്ച് സ്റ്റാറുകൾ നേടാൻ കഴിഞ്ഞു. മുതിർന്നവരുടെ സംരക്ഷണത്തിൽ 30.08 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 44.54 പോയിന്റുമാണ് ഹാരിയറിനു ലഭിച്ചത്. ഏഴ് എയർബാഗുകൾ, ഇഎസ്‌സി, ട്രാക്‌ഷൻ കൺട്രോൾ, ടയർപ്രെഷർ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയവ കൂടാതെ ബ്ലൈന്റ് സ്പോട്ട് വാർണിങ് സിസ്റ്റം , ലൈൻ ഡിപ്പാർച്ചർ വാണിങ് സിസ്റ്റം, ലൈൻകൂപ്പ് അസിസ്റ്റ്, എമർജെൻസി ബ്രേക് സിസ്റ്റം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങിയവയും ഹാരിയറിന്റെ സുരക്ഷ വർധിപ്പിക്കുന്നു. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിനാണ്. ഇക്കോ, സിറ്റി, സ്പോർട്സ് ഡ്രൈവ് മോഡുകളും നോർമൽ, വെറ്റ്, റഫ് ടെറൈൻ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക് കണ്‍വേർട്ടർ ഓട്ടമാറ്റിക് ഗിയർബോക്സുകൾ.
ടാറ്റ സഫാരി
ടാറ്റയുടെ ഐതിഹാസിക വാഹനമായ സഫാരിയ്ക്കും ഭാരത് എൻ സി എ പി ടെസ്റ്റിൽ അഞ്ചിൽ അഞ്ച് സ്റ്റാറും നേടാൻ കഴിഞ്ഞു. മുതിർന്ന യാത്രക്കാർക്കുള്ള സുരക്ഷയിൽ 32 ൽ 30.08 ഉം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സംരക്ഷണത്തിൽ 44.54 പോയിന്റുമാണ് സഫാരിയ്ക്കു ലഭിച്ചത്. ഹാരിയറിലേതു പോലുള്ള സുരക്ഷ ഫീച്ചറുകൾ എല്ലാം തന്നെ സഫാരിയ്ക്കും ടാറ്റ നൽകിയിട്ടുണ്ട്. 170 ബിഎച്ച്പി കരുത്തും 350 എൻഎം ടോർക്കും നൽകുന്ന 2 ലീറ്റർ ഡീസൽ എൻജിൻ തന്നെയാണ് ഈ വാഹനത്തിലും.
ടാറ്റ നെക്‌സോൺ ഇ വി
നെക്‌സോണിന്റെ ലോങ്ങ് റേഞ്ച്, മിഡ് റേഞ്ചുകളിലാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ അഞ്ച് സ്റ്റാർ നേടാൻ ഈ വാഹനത്തിനും കഴിഞ്ഞു. അഡല്‍റ്റ് ഒക്യുപന്റ് പ്രൊട്ടക്ഷനില്‍(എഒപി) 32ല്‍ നെക്‌സോണ്‍ ഇവി 29.86 പോയിന്റുകള്‍ നേടിക്കൊണ്ടാണ് 5 സ്റ്റാര്‍ നേടിയത്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ഡിഫോമബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16ല്‍ 14.26 പോയിന്റുകള്‍ നെക്‌സോണ്‍ ഇവി കരസ്ഥമാക്കി. മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തില്‍ ഇടിപ്പിച്ചുകൊണ്ടായിരുന്നു പരിശോധന. ഡ്രൈവറിന്റേയും പാസഞ്ചറിന്റേയും തലക്കും കഴുത്തിനും നെഞ്ചിനും വയറിനും മികച്ച സുരക്ഷയാണ് നെക്‌സോണ്‍ ഇവി നല്‍കുന്നതെന്നു പരിശോധനയിൽ തെളിഞ്ഞു. സൈഡ് മൂവബിള്‍ ഡിഫോമബിള്‍ ബാരിയര്‍ ടെസ്റ്റില്‍ 16ല്‍ 15.60 പോയിന്റാണ് നെക്‌സോൺ ഇ വി യ്ക്ക് ലഭിച്ചത്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ഇടിപ്പിച്ചായിരുന്നു സൈഡ് ഇംപാക്ട് ടെസ്റ്റ് നടത്തിയത്. കുട്ടികളുടെ സുരക്ഷാ പരിശോധനയില്‍ 49ല്‍ 44.95 പോയിന്റുകള്‍ നേടിയാണ് ഈ വൈദ്യുത കാര്‍ 5 സ്റ്റാര്‍ നേടിയത്.ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍(ഇഎസ്‌സി), ബ്രേക്ക് അസിസ്റ്റ്, റിവേഴ്‌സ് ക്യാമറ, പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ, റിയര്‍ ഡിസ്‌ക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകള്‍ നെക്‌സോണ്‍ ഇവിയിലുണ്ട്.