ADVERTISEMENT

വിശ്വാസം അതല്ലേ എല്ലാം എന്ന പരസ്യവാചകം പോലെയാണ് ചിലരുടെ കർമങ്ങൾ. ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കപ്പെടുന്ന കാറിനു സമാധിയൊരുക്കി യാത്രയയപ്പ് നൽകിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു കുടുംബം. ഏകദേശം നാല് ലക്ഷം രൂപ മുടക്കിയാണ് തങ്ങളുടെ പഴയ കാറിനു ആ കുടുംബം ആദരാഞ്ജലി അർപ്പിച്ചത്. ചടങ്ങിന് സാക്ഷിയാകാനെത്തിയതോ ആയിരത്തഞ്ഞൂറോളം ആളുകൾ. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ലാഠി താലൂക്കിലെ പാദർശിംഗ എന്ന ഗ്രാമത്തിൽ നിന്നുള്ള സഞ്ജയ് പൊളാര എന്ന വ്യക്തിയാണ് തനിക്കേറ്റവും പ്രിയപ്പെട്ട, വാഗൺ ആറിന് സമാധിയൊരുക്കിയത്. 

സഞ്ജയ് പൊളാരയുടെ വിശ്വാസപ്രകാരം തന്റെ കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും നിറഞ്ഞതു ആ കാറിന്റെ വരവിനു ശേഷമാണ്. സൂറത്തിൽ കെട്ടിടനിർമാണ ബിസിനസുകാരനായ പൊളാരയ്ക്ക് കാറ് വാങ്ങിയ കാലം തൊട്ട് ഉയർച്ചയായിരുന്നു. സമൂഹത്തിൽ ഒരു വിലയും നിലയും കൈവന്നു എന്നുമാത്രമല്ല, സാമ്പത്തികമായും മെച്ചമായിരുന്നു. അതുകൊണ്ടുതന്നെ ഐശ്വര്യം കൊണ്ടുവന്ന ആ കാർ വിൽക്കേണ്ടെന്നും അതിനു സമാധിയൊരുക്കാമെന്നും പൊളാരയും കുടുംബവും തീരുമാനിക്കുകയായിരുന്നു.

കാറിനു സമാധിയൊരുക്കുന്നതിലേക്ക് ക്ഷണക്കത്ത് അച്ചടിച്ച് നാട്ടുകാരെ ക്ഷണിച്ച്, ആഡംബരപൂർവമാണ് ചടങ്ങുകൾ നടത്തിയത്. മുല്ലപ്പൂവ് കൊണ്ട് വാഹനം അലങ്കരിച്ചതിനു ശേഷം കൃഷിഭൂമിയിലേക്കു കൊണ്ടുപോയ കാർ 15 അടി താഴ്ചയിലുള്ള കുഴിയിൽ പച്ചപുതപ്പിച്ച് ഇറക്കി. പുരോഹിതരുടെ സാമീപ്യത്താൽ മന്ത്രങ്ങളുടെ അകമ്പടിയോടെയുമായിരുന്നു ചടങ്ങുകൾ. കുടുംബാംഗങ്ങൾ പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് ബുൾഡോസറിന്റെ സഹായത്തോടെ മണ്ണിട്ട് മൂടി. ക്ഷണിക്കപ്പെട്ടെത്തിയ എല്ലാവർക്കും വിഭവ സമൃദ്ധമായ അന്നദാനവും ഉണ്ടായിരുന്നു. 

തന്റെ കുടുംബത്തിലെ എല്ലാവരും എക്കാലവും ഈ കാറിനെ ഓർമിക്കണമെന്ന ചിന്തയിലാണ് ഇത്തരത്തിലൊരു ചടങ്ങ് നടത്തിയതെന്നാണ് സഞ്ജയ് പൊളാരയുടെ ഭാഷ്യം. നാല് ലക്ഷം രൂപയാണ് ഇതിനായി പൊളാര ചെലവാക്കിയത്. കാറിന് സമാധിയൊരുക്കിയ സ്ഥലം വിസ്മരിക്കാതിരിക്കാനായി ഒരു വൃക്ഷതൈയും അതിനു മുകളിലായി നട്ടിട്ടുണ്ട്. 

English Summary:

A Gujarat family held a lavish funeral for their WagonR, spending 4 lakh rupees to honor the car they believe brought them good fortune. Read the full story of this unusual tradition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com