ഇതെന്ത് ഭ്രാന്ത്? ലംബോർഗിനി സൂപ്പർകാർ തകർത്തത് യുട്യൂബർ
Mail This Article
കാറുകളെന്നത് പലര്‍ക്കും ജീവിതത്തിലെ വലിയ സ്വപ്നമാണ്. സൂപ്പര്‍ കാറുകളെന്നത് സ്വപ്നം കാണുന്നവരില്‍ തന്നെ അപൂര്‍വ്വം പേര്‍ക്ക് മാത്രം സാധ്യമാവുന്നതും. ഒരു പോറല്‍ പോലുമേല്പിക്കാതെ കൊണ്ടുപോവാനാവും സൂപ്പര്‍കാര്‍ ഉടമകളില്‍ വലിയ പങ്കും ശ്രമിക്കുക. അങ്ങനെയല്ലാത്തവരുടെ കൂട്ടത്തിലാണ് യുട്യൂബര്‍ MrBeast. പൊളിച്ചടക്കാന്‍ വേണ്ടി മാത്രം ഒരു ലംബോര്‍ഗിനി വാങ്ങുകയും പൊളിച്ചടുക്കുകയും ചെയ്തു MrBeast.
വ്യൂസും സബ്സ്ക്രൈബേഴ്സും ലഭിക്കാനായി എന്തും ചെയ്യുന്ന യുട്യൂബര്‍മാരില്‍ മുന്നിലാണ് MrBeast. ലോകത്തിലെ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലും ഇതു തന്നെ. 32.9 കോടിയിലേറെയാണ് MrBeast യുട്യൂബ് ചാനലിലെ സബ്സ്ക്രൈബര്‍മാരുടെ എണ്ണം. ഏറ്റവും പുതിയ വിഡിയോയിലാണ് ലംബോർഗിനി സാധാരണ ഡക്ട് ടേപ്പ് ഉപയോഗിച്ച് തകര്‍ക്കുന്നത് കാണിച്ചിരിക്കുന്നത്.
ഒറ്റ നോട്ടത്തില്‍ എഐ നിര്‍മിത വിഡിയോ ആണെന്നു തോന്നിപ്പിപ്പോകും. അത്രയും അവിശ്വസനീയമായ വിഡിയോയായിട്ടാണ് പലര്‍ക്കും MrBeastന്റെ ഷോര്‍ട്ട് വിഡിയോ അനുഭവപ്പെടുക. അഞ്ചു ലക്ഷം ഡോളര്‍ വിലയുള്ള ലംബോര്‍ഗിനി ഒരു ഡോളര്‍ വിലയുള്ള ടേപ് തടയുമോ എന്നതാണ് ചോദ്യം. റോഡിനിരുവശവും സ്ഥാപിച്ചിട്ടുള്ള ഇരുമ്പു കുറ്റികളിലേക്ക് ടേപ്പ് വലിച്ച് ഒട്ടിക്കുകയാണ് ആദ്യം ചെയ്യുന്നത്.
ആദ്യ തവണ ഒരു തവണ മാത്രമാണ് ടേപ്പ് റോഡിനു കുറുകേ ഒട്ടിക്കുക. ഈ തടസം പുഷ്പം പോലെ മറികടക്കുന്നുണ്ട് ലംബോര്‍ഗിനി. പിന്നീട് 10, 100 എന്നിങ്ങനെ റോഡിനു കുറുകേയുള്ള ടേപിന്റെ എണ്ണം കൂട്ടുന്നു. 1000 കടന്ന് 5000ത്തിലെത്തുമ്പോള്‍ ടേപ്പ് ലംബോര്‍ഗിനിക്ക് ചെറിയ തോതില്‍ തടസം സൃഷ്ടിക്കുന്നുണ്ട്. അപ്പോഴും ടേപിനെ തകര്‍ത്ത് അനായാസം പോവാന്‍ ലംബോര്‍ഗിനിക്ക് സാധിക്കുന്നു.
ടേപ്പ് 10,000 എത്തുമ്പോള്‍ ലംബോര്‍ഗിനിയുടെ ഭാഗങ്ങള്‍ തെറിച്ചു പോവുന്നതു കാണാം. 15,000ത്തിലേക്കെത്തുമ്പോള്‍ മുന്‍ഭാഗം ഇടിച്ചു തകരുന്നുണ്ട് ലംബോര്‍ഗിനി. 25,000 ടേപുകള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നതോടെ ലംബോര്‍ഗിനി പൂര്‍ണമായും തകരുകയാണ്. അവസാനത്തില്‍ 25,001 ടേപുകളില് ഇടിച്ച് ലംബോര്‍ഗിനി തകരുന്നതോടെയാണ് വെറും 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് വിഡിയോ അവസാനിക്കുന്നത്.
പതിവുപോലെ ഇന്റര്‍നെറ്റിനെ അമ്പരപ്പിച്ച MrBeastന്റെ ഈ ഷോര്‍ട് വിഡിയോ 155 ദശലക്ഷത്തിലേറെ പേര് കണ്ടു കഴിഞ്ഞു. ആയിരക്കണക്കിന് കമന്റുകളും നാലു ദിവസങ്ങള്‍ക്കു മുമ്പ് വന്ന ഈ വിഡിയോക്കു കീഴില്‍ വന്നിട്ടുണ്ട്. ലംബോര്‍ഗിനി ഇത്ര നിസാരമായി തകര്‍ത്തു കളയുന്നതിലുള്ള അമ്പരപ്പാണ് പലരും പങ്കുവെക്കുന്നത്. ഇത്രയും ടേപ്പ് പിന്നെയും പിന്നെയും ഒട്ടിച്ചവരേയും അഭിനന്ദിക്കാനും ചിലര്‍ മറന്നിട്ടില്ല.
മണിക്കൂറില്‍ 320 കീലോമീറ്ററില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന കാറാണ് ലംബോര്‍ഗിനി. ഒരുപാടു പേരുടെ സ്വപ്നമായ ഈ സൂപ്പര്‍കാറാണ് നിസാരമായി തകര്‍ത്തു കളയുന്നത്. ലംബോര്‍ഗിനി നിര്‍മിച്ചവര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സോഷ്യല്‍മീഡിയക്ക് MrBeastന്റെ ഈ പ്രകടനം ഇഷ്ടപ്പെട്ട മട്ടാണ്. നേരത്തെയും വിലയേറിയ കാറുകളെ വ്യൂസിനും സബ്സ്ക്രൈബേഴ്സിനും വേണ്ടി നിസാരമായി തകര്‍ത്ത സംഭവങ്ങള്‍ പലതുമുണ്ടായിട്ടുണ്ട്. ലൈവ് സ്ട്രീമിങ്ങിനിടെയാണ് യൂട്യൂബര്‍ ജാക്ക് ഡോഹര്‍ത്തി മക്ലാരന് 570എസ് കൊണ്ടിടിച്ച് തകര്‍ക്കുന്നത്. വിസ്ലിന്‍ഡീസല്‍ എന്ന യുട്യൂബറും നാലു ലക്ഷം ഡോളര്‍ വിലയുള്ള ഫെരാരി എഫ്8 നശിപ്പിച്ച് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.