റെയിൽവേ ട്രാക്കിലൂടെ എസ്യുവി ഓടിച്ച് വിഡിയോ ചിത്രീകരിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ!
Mail This Article
സോഷ്യൽ ലോകത്തൊന്നു വൈറലാകാൻ എന്തൊക്കെ കാട്ടിക്കൂട്ടണമെന്ന ചിന്തയിലാണ് യുവതലമുറയിലെ ഭൂരിപക്ഷവും. അത്തരത്തിൽ വൈറലാകാൻ ശ്രമിച്ച് പണികിട്ടിയിരിക്കുകയാണ് ഒരു ജയ്‌പൂർ സ്വദേശിക്ക്. റെയിൽവേ ട്രാക്കിലൂടെ മഹീന്ദ്രയുടെ ഥാർ ഓടിച്ച് റീൽ ചിത്രീകരിക്കാനായിരുന്നു ശ്രമം. എന്നാൽ ചരക്കു തീവണ്ടി കുതിച്ചെത്തിയതോടെ പരിഭ്രമിച്ചു പോയ ഡ്രൈവർക്കു വാഹനം ഓടിച്ചു മാറ്റാൻ സാധിച്ചില്ല. അപകടമൊന്നുമുണ്ടായില്ലെങ്കിലും വൈറലാകാനുളള മോഹം നടന്നു. സമൂഹ മാധ്യമങ്ങളിൽ ഈ വിഡിയോയും ഹിറ്റാണ്.
റെയിൽവേ ട്രാക്കിൽ കൂടി ഥാർ ഓടിച്ച് വിഡിയോ പകർത്താനായിരുന്നു ശ്രമം. അങ്ങനെ വാടകയ്ക്ക് എടുത്ത ഥാറുമായി ട്രാക്കിലെത്തിയതാണ്. എന്നാൽ ഈ സമയത്ത് എതിർവശത്തു നിന്നും ചരക്കു തീവണ്ടി വരുമെന്ന് ഡ്രൈവർ പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് തീവണ്ടി കണ്ടപ്പോൾ വാഹനം മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രാക്കിൽ ഥാർ കുടുങ്ങുകയും ചെയ്തു. റെയിൽവേ ട്രാക്കിൽ വാഹനം കണ്ട ലോക്കോപൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ അപകടം ഒഴിവായി. ഥാർ ഓടിച്ചിരുന്ന വ്യക്തി മദ്യലഹരിയിലാണ് ഈ പ്രവർത്തിക്കു തുനിഞ്ഞതെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസും ഉദ്യോഗസ്ഥരും ജനങ്ങളും ചേർന്ന് ഥാർ ട്രാക്കിൽ നിന്നും മാറ്റാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണുവാൻ കഴിയും. റോഡിലേക്കെത്തിയ വാഹനം വളരെ വേഗത്തിൽ മറ്റു വാഹനങ്ങളെ ഇടിച്ചതിനു ശേഷമാണ് കടന്നുപോകുന്നത്. ഥാറിന്റെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.