സുരക്ഷയിൽ ഡബിൾ സ്ട്രോങ്ങാണ് മഹീന്ദ്രയുടെ ഈ എസ്യുവികൾ; ഥാർ റോക്സിന് 5 സ്റ്റാർ
Mail This Article
ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ അഞ്ച് സ്റ്റാർ നേടി മഹീന്ദ്രയുടെ മൂവർ സംഘം. ഥാർ റോക്സ്, 3എക്സ്ഒ, എക്സ്‌യുവി 400 തുടങ്ങിയ വാഹനങ്ങളുടെ സുരക്ഷയാണ് ഭാരത് ക്രാഷ് ടെസ്റ്റിൽ പരിശോധിച്ചത്. നേരത്തെ ടാറ്റയുടെ നെക്സോൺ, നെക്സോൺ ഇവി, കർവ്, കർവ് ഇവി, പഞ്ച് ഇവി തുടങ്ങിയ വാഹനങ്ങൾക്കും ക്രാഷ് ടെസ്റ്റിൽ ഫുൾ മാർക്ക് ലഭിച്ചിട്ടുണ്ട്.
മഹീന്ദ്ര ഥാർ റോക്സ്
മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 31.09 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 45 പോയിന്റും നേടിയാണ് റോക്സ് അഞ്ച് സ്റ്റാർ നേടിയത്. ആറ് എയർബാഗുകള്‍, ഇഎസ്‌സി, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഥാർ റോക്സിന്റെ ബേസ് മോഡൽ മുതലുണ്ട്. എംഎക്സ് 1 മുതൽ എക്സ്7 എൽ വരെയുള്ള റോക്സിന്റെ എല്ലാ മോഡലുകൾക്കും അഞ്ച് സ്റ്റാർ സുരക്ഷയുണ്ടെന്നാണ് ബിഎൻസിഎപി അറിയിക്കുന്നത്.
മഹീന്ദ്ര 3 എക്സ് ഒ
ചെറു എസ്‍യുവിയായ 3 എക്സ്‌ഒയുടെ എല്ലാ മോഡലുകൾക്കും അഞ്ച് സ്റ്റാർ സുരക്ഷയുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ 3 എക്സ് ഒയ്ക്ക് 32 ൽ 29.36 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 43 പോയിന്റും ലഭിച്ചു. ആറ് എയർബാഗുകള്‍, ഇഎസ്‌സി, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ 3എക്സ്‌ഒയുടെ തുടക്ക മോഡലുകൾ മുതലുണ്ട്.
മഹീന്ദ്ര 400 ഇവി
മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ 400 ഇവിയാണ് ക്രാഷ് ടെസ്റ്റിന് വിദേയമായ മറ്റൊരു വാഹനം. കുട്ടികളുടെ സുരക്ഷിയിൽ 49 ൽ 43 മാർക്കും മുതിർന്നവരുടെ സുരക്ഷയിൽ 32 ൽ 30.38 മാർക്കും വാഹനത്തിന് ലഭിച്ചു. രണ്ട് എയർബാഗുകൾ അടിസ്ഥാന മോഡൽ മുതലും സൈഡ് കർട്ടൻ എയർബാഗുകൾ ഓപ്ഷണലായും വാഹനത്തുണ്ട്. ഇഎസ്‌സി, പെഡസ്ട്രിയൻ പ്രൊട്ടക്ഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ എല്ലാ മോഡലുകളിലും ലഭിക്കും.