പരീക്ഷണയോട്ടം നടത്താൻ ഇന്ത്യൻ റെയിൽവേയുടെ ഹൈഡ്രജൻ ട്രെയിൻ
Mail This Article
ഇന്ത്യയിലെ ട്രെയിനുകളും മുഖം മാറുന്നു. പ്രകൃതിയ്ക്ക് കൂടുതൽ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകൾ രാജ്യത്തെത്തുന്നു. അതിന്റെ ഭാഗമായി അത്തരം തീവണ്ടികൾ അടുത്തമാസം പരീക്ഷണയോട്ടം നടത്തുമെന്നാണ് ഇപ്പോൾ അറിയുവാൻ കഴിയുന്നത്.
സംഗതി വിജയമായാൽ 2025 മുതൽ ഹൈഡ്രജൻ ട്രെയിന്റെ ചൂളം വിളി ട്രാക്കിൽ നിന്നുമുയരും. ഹരിയാനയിലെ ജിങ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ തീവണ്ടിയിറങ്ങുന്നത്. പെരമ്പൂർ ഇന്റഗ്രൽ ഫാക്ടറിയിലാണ് ഇതിന്റെ നിർമാണം നടക്കുന്നത്. പരീക്ഷണയോട്ടം വിജയകരമായാൽ 35 എണ്ണം കൂടി നിർമിക്കാനാണ് പദ്ധതി.
ഹൈഡ്രജൻ നിർമിക്കുന്നതിനായി തീവണ്ടിയുടെ എൻജിന് മുകളിലായി 40000 ലീറ്റർ വരെ ജലം ഉൾകൊള്ളുന്ന ടാങ്ക് സ്ഥാപിക്കും. ടാങ്കിനോട് ചേർന്നുള്ള ഉപകാരണത്തിലൂടെ അന്തരീക്ഷവായുവിൽ നിന്നും ശേഖരിക്കുന്ന ഓക്സിജനുമായി ഹൈഡ്രജൻ സംയോജിപ്പിച്ച് വൈദ്യുതി ഉല്പാദിപ്പിക്കും. വൈദ്യുതി ഉപയോഗം കൂടുതലാകുന്ന പക്ഷം ശേഖരിക്കുന്നതിനായി ലിഥിയം ബാറ്ററിയുമുണ്ട്. ജർമനി, സ്വീഡൻ, ചൈന എന്നിവിടങ്ങളിൽ ഹൈഡ്രജൻ തീവണ്ടികൾ നേരത്തെ മുതൽ സർവീസ് നടത്തുന്നുണ്ട്.
പ്രവർത്തനം ഇങ്ങനെ
ഫ്യൂവൽ സെല്ലുകളിലാണു ട്രെയിൻ പ്രവർത്തിക്കുക. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉൽപാദിപ്പിക്കും. ഈ വൈദ്യുതിയിലാണു ട്രെയിൻ ഓടുക. പ്രവർത്തനത്തിന്റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്കു പുറന്തള്ളും. ആവശ്യത്തിലധികം ഊർജം ഉൽപാദിപ്പിച്ചാൽ അതു ട്രെയിനിലുള്ള പ്രത്യേക ലിഥിയം ബാറ്ററിയിൽ ശേഖരിക്കും.