കാറിന്റെ സ്റ്റിയറിങ് വിറയ്ക്കുന്നുണ്ടോ? ഇത് വാഹനം നല്‍കുന്ന അപായ സൂചന!
Mail This Article
ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് വീല്‍ വിറച്ചു തുടങ്ങിയാല്‍ ആരായാലും ഒന്നു വിറച്ചു പോവും. വാഹനത്തെ നിയന്ത്രിക്കുന്ന പ്രധാന ഭാഗം തന്നെ പണി തരുമോ എന്നതായിരിക്കും ആശങ്ക. സത്യത്തില്‍ നമ്മുടെ കാര്‍ നമുക്ക് നല്‍കുന്ന അപായ സൂചനയായി ഈ സ്റ്റിയറിങ് വീല്‍ വിറയലിനെ കാണാം. ഒന്നല്ല ഒരുപാടു കാര്യങ്ങള്‍ സ്റ്റിയറിങ് വീലിന്റെ ഈ വിറയലിലേക്ക് നയിച്ചേക്കാം. അവ എന്തൊക്കെയാണെന്ന അറിവ് ഭാവിയില്‍ ഇത്തരം സാഹചര്യത്തെ ശരിയായി നേരിടാന്‍ നമ്മളെ സഹായിക്കുകയും ചെയ്യും.
വാഹനത്തിലെ ടയറുകള്‍ തമ്മിലുള്ള ബാലന്‍സ് ശരിയല്ലെങ്കില്‍ സ്റ്റിയറിങ് വീല്‍ വിറച്ചു പോവാറുണ്ട്. ബാലന്‍സ് ശരിയല്ലെങ്കില്‍ കാറിന്റെ ഭാരം കൃത്യമായി വിതരണം ചെയ്യാത്തതാണ് കാരണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഗുരുതര പ്രശ്‌നങ്ങളിലേക്കെത്തും മുമ്പേ ടയര്‍ ബാലന്‍സിങ് നടത്തി വൈബ്രേഷന്‍ കുറക്കണം. ടയര്‍ ബാലന്‍സിങ് മാത്രമല്ല വേറെയും പ്രശ്‌നങ്ങള്‍ സ്റ്റിയറിങ് വീല്‍ വിറയലിനു പിന്നിലുണ്ട്.
ടയറിന്റെ വളവ്
എന്തെങ്കിലും കാരണവശാല്‍ ചക്രം വളഞ്ഞു പോയാല്‍ അതും സ്റ്റിയറിങ് വീല്‍ വിറക്കുന്നതിന് കാരണമാവും. ചക്രം വളയുന്നതോടെ ബ്രേക്ക് കാലിപ്പറിലോ സസ്‌പെന്‍ഷനിലോ ചക്രം ഉരയാനുള്ള സാധ്യത വര്‍ധിക്കും. ഈ ഉരസലാണ് സ്റ്റിയറിങ്ങിലേക്ക് വിറയലായി അനുഭവപ്പെടുക. വഴിയില്‍ അപ്രതീക്ഷിതമായി കുഴിയില്‍ വീഴുന്നതോ മറ്റോ ആവാം കാരണം. ചക്രം വളഞ്ഞിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ പരിശോധനക്ക് വിധേയമാക്കണം.
സസ്‌പെന്‍ഷന്‍ പ്രശ്‌നങ്ങള്‍
വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ തേയുന്നതും സ്റ്റിയറിങ് വീലിന്റെ വിറയലില്‍ കലാശിക്കും. റോഡിലെ കുഴികളും മറ്റും മൂലമുള്ള പ്രശ്‌നങ്ങള്‍ വാഹനത്തെ വലിയ തോതില്‍ ബാധിക്കാതെ സംരക്ഷിക്കുന്നത് സസ്‌പെന്‍ഷനാണ്. കാലപ്പഴക്കം കൊണ്ടും മറ്റും സസ്‌പെന്‍ഷന്‍ ഭാഗങ്ങള്‍ തേഞ്ഞു പോവാനുള്ള സാധ്യത കൂടുതലാണ്. ബോള്‍ ജോയിന്റ്‌സ്, കണ്‍ട്രോള്‍ ആംസ്, ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയാണ് പൊതുവില്‍ കാലപ്പഴക്കത്താല്‍ പ്രശ്‌നങ്ങള്‍ കണ്ടു വരുന്ന സസ്‌പെന്‍ഷന്‍ സിസ്റ്റത്തിലെ ഭാഗങ്ങള്‍.
കുറഞ്ഞ ടയര്‍ പ്രഷര്‍
ടയര്‍ പ്രഷര്‍ വാഹനത്തിന്റെ പെര്‍ഫോമെന്‍സിനെ നേരിട്ടു ബാധിക്കുന്ന ഘടകമാണ്. ഇന്ധനക്ഷമതയും ബ്രേക്കിന്റെ കാര്യക്ഷമതയും മാത്രമല്ല സ്റ്റിയറിങ് വീലിലെ വിറയലിനു വരെ കുറഞ്ഞ ടയര്‍ പ്രഷര്‍ കാരണമാവും. കൃത്യമായ ഇടവേളകളില്‍ ടയര്‍ പ്രഷര്‍ പരിശോധിച്ച് ഉറപ്പിക്കുകയെന്ന ലളിതമായ പരിഹാരം ഈ പ്രശ്‌നത്തിനുണ്ട്.
ബ്രേക്കിന്റെ പ്രശ്‌നങ്ങള്‍
ബ്രേക്കിന്റെ പ്രശ്‌നങ്ങളും സ്റ്റിയറിങ് വീലിലെ വൈബ്രേഷനുകള്‍ക്ക് കാരണമാവും. ബ്രേക്ക് റോട്ടറുകള്‍ വളഞ്ഞു പോവുന്നതും കാലിപ്പര്‍ ഒട്ടിപിടിക്കുന്നതും ബ്രേക്കിന്റെ ഭാഗങ്ങള്‍ തേയുന്നതുമെല്ലാം സ്റ്റിയറിങ് വീല്‍ വൈബ്രേഷന് കാരണമാവാം. ബ്രേക്കുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളെന്നു തോന്നിയാല്‍ വൈകാതെ മെക്കാനിക്ക് അടുത്തേക്ക് എത്തിക്കുന്നതാണ് ഉചിതം.